പിങ്ക് പന്തിലെ അങ്കം തുടങ്ങുന്നു; ജയിക്കാനുറച്ച് ടീം ഇന്ത്യ, ചരിത്രം കുറിക്കാന്‍ ഇശാന്ത്

By Web TeamFirst Published Feb 24, 2021, 9:37 AM IST
Highlights

മൊട്ടേറയിൽ ഇറങ്ങുമ്പോൾ ജയം മാത്രമല്ല ടീം ഇന്ത്യയുടെ ലക്ഷ്യം, ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കൂടിയാണ്.

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് ഇന്ന് തുടക്കമാവും. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ മൊട്ടേറയിൽ ഉച്ചയ്ക്ക് രണ്ടരയ്‌ക്കാണ് കളി തുടങ്ങുക.

മൊട്ടേറയിൽ ഇറങ്ങുമ്പോൾ ജയം മാത്രമല്ല ടീം ഇന്ത്യയുടെ ലക്ഷ്യം. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കൂടി കോലിപ്പട നോട്ടമിടുന്നു. ചെന്നൈയിൽ ഓരോ ടെസ്റ്റ് ജയിച്ച് ഇന്ത്യയും ഇംഗ്ലണ്ടും നാല് മത്സരങ്ങളുടെ പരമ്പരയിൽ ഒപ്പത്തിനൊപ്പമാണ്. പരമ്പര 2-1നോ 3-1നോ നേടിയാൽ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തും. ഇംഗ്ലണ്ടിന് ഇനിയുള്ള രണ്ട് ടെസ്റ്റും ജയിച്ചാലേ സാധ്യതയുള്ളൂ. 

ഇന്ത്യയുടെ ബാറ്റിംഗ് നിരയിൽ മാറ്റമുണ്ടാവില്ല. നൂറാം ടെസ്റ്റിനിറങ്ങുന്ന പേസര്‍ ഇശാന്ത് ശർമ്മയ്‌ക്കൊപ്പം ജസ്പ്രീത് ബുമ്ര തിരിച്ചെത്തും. ആ‍ർ അശ്വിനും അക്സർ പട്ടേലുമായിരിക്കും സ്‌പിന്നർമാർ. പിങ്ക് ബോൾ കൂടുതൽ സ്വിംഗ് ചെയ്യുമെന്നതിനാൽ കുൽദീപ് യാദവിന് പകരം ഉമേഷ് യാദവോ മുഹമ്മദ് സിറാജോ ടീമിലെത്തും. കാണികളുടെ സാന്നിധ്യം ഇന്ത്യയുടെ ആവേശം ഇരട്ടിയാക്കുമെന്ന് പറയുന്നു ക്യാപ്റ്റൻ വിരാട് കോലി.

ജയിംസ് ആൻഡേഴ്സൺ, ജോഫ്ര ആർച്ചർ, ജോണി ബെയ്ർസ്റ്റോ എന്നിവർ തിരിച്ചെത്തുന്നത് ഇംഗ്ലണ്ടിന്റെ കരുത്ത് കൂട്ടും. ഡേ-നൈറ്റ് ടെസ്റ്റായതിനാൽ ഇംഗ്ലണ്ട് ഒറ്റ സ്‌പിന്നറെ കളിപ്പിക്കാനാണ് സാധ്യത. 2012ൽ ഇന്ത്യ മൊട്ടേറയിൽ ഒൻപത് വിക്കറ്റിന് ഇംഗ്ലണ്ടിനെ തോൽപിച്ചിരുന്നു. ഇന്ത്യ വേദിയാവുന്ന രണ്ടാമത്തെ ഡേ-നൈറ്റ് ടെസ്റ്റാണിനാണ് ഇന്ന് തുടക്കമാവുന്നത്. 

ഇശാന്തിന് സഹതാരങ്ങളുടെ ആശംസ

നൂറാം ടെസ്റ്റിനിറങ്ങുന്ന ഫാസ്റ്റ് ബൗളർ ഇശാന്ത് ശർമ്മയ്‌ക്ക് സഹതാരങ്ങൾ ആശംസ കൈമാറി. നൂറ് ടെസ്റ്റിൽ കളിക്കുന്ന പതിനൊന്നാമത്തെ ഇന്ത്യൻ താരമെന്ന നേട്ടമാണ് ഇശാന്തിന് ഇന്ന് സ്വന്തമാവുക. കപിൽ ദേവിന് ശേഷം നൂറാം ടെസ്റ്റിൽ കളിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ഫാസ്റ്റ് ബൗളറെന്ന നേട്ടത്തിലേക്കാണ് ഇശാന്ത് ശർമ്മ ഇറങ്ങുന്നത്. 2007 മെയ് 25ന് ധാക്കയിലായിരുന്നു കരിയറിന്‍റെ തുടക്കം. 99 ടെസ്റ്റിൽ നേടിയത് 302 വിക്കറ്റ്.

രാജ്യാന്തര ക്രിക്കറ്റിൽ തുടരുന്നവരിൽ ഇംഗ്ലണ്ടിന്റെ ജയിംസ് ആൻഡേഴ്സണും സ്റ്റുവർട്ട് ബ്രോഡും മാത്രമാണ് നൂറിലേറെ ടെസ്റ്റിൽ പന്തെറിഞ്ഞിട്ടുള്ള ഫാസ്റ്റ് ബൗളർമാർ. ഇതുകൊണ്ടുതന്നെ ഒരു ഇന്ത്യൻ പേസർ ടെസ്റ്റിൽ നൂറിന്റെ നിറവിൽ എത്തുന്നതിൽ ക്യാപ്റ്റൻ വിരാട് കോലി അടക്കമുള്ള സഹതാരങ്ങൾക്കും ഇരട്ടി സന്തോഷമുണ്ട്.

വിജയ് ഹസാരേ ട്രോഫി: ഉത്തപ്പയിലും ശ്രീശാന്തിലും പ്രതീക്ഷ, ജയം തുടരാന്‍ കേരളം

click me!