
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലന മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തുടങ്ങി ഇന്ത്യ ആദ്യ ദിനം മഴ മൂലം നേരത്തെ കളി നിര്‍ത്തുമ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെന്ന നിലയിലാണ്. 70 റണ്‍സുമായി ശ്രീകര്‍ ഭരതും 18 റണ്‍സോടെ മുഹമ്മദ് ഷമിയുമാണ് ക്രീസില്‍.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും(25) ശുഭ്‌മാന്‍ ഗില്ലും(21) ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 35 റണ്‍സടിച്ച് ഭേദപ്പെട്ട തുടക്കമിട്ടു. വില്‍ ഡേവിസിന്‍റെ പന്തില്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കി ഗില്‍ മടങ്ങി. സ്കോര്‍ 50ല്‍ എത്തിയതിന് പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ റൊമാന്‍ വാക്കറുടെ പന്തില്‍ പുറത്തായി. പിന്നാലെ വണ്‍ ഡൗണായി ബാറ്റിംഗിനിറങ്ങിയ ഹനുമാ വിഹാരി(3)യെയും വാക്കര്‍ തന്നെ മടക്കി. ശ്രേയസ് അയ്യര്‍ 11 പന്തുകള്‍ നേരിട്ടെങ്കിലും അക്കൗണ്ട് തുറക്കാതെ പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കി മടങ്ങിയതോടെ ഇന്ത്യ 55-4ലേക്ക് കൂപ്പുകുത്തി.
രഞ്ജി ട്രോഫി ഫൈനല്‍: സെഞ്ചുറിയുമായി വീണ്ടും സര്‍ഫറാസ്, തിരിച്ചടിച്ച് മധ്യപ്രദേശ്
മുന്‍ നായകന്‍ വിരാട് കോലിയും രവീന്ദ്ര ജഡേജയും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ജഡേജയെയും(13) വാക്കര്‍ മടക്കി. 100 കടക്കും മുമ്പെ അഞ്ച് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ കോലിയും ശ്രീകര്‍ ഭരതും ചേര്‍ന്ന് 100 കടത്തി. ഇരുവരും ചേര്‍ന്ന് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിക്കുമെന്ന് കരുതിയെങ്കിലും 33 റണ്‍സെടുത്ത കോലിയെയും വാക്കര്‍ തന്നെ വീഴ്ത്തി. പിന്നാലെ ശര്‍ദ്ദുല്‍ ഠാക്കൂറും(6) വാക്കര്‍ക്ക് മുന്നില്‍ വീണതോടെ ഇന്ത്യ 148-7ലേക്ക് കൂപ്പുകുത്തി.
ഉമേഷ് യാദവിനെ(23) കൂട്ടുപിടിച്ച് ശ്രീകര്‍ ഭരത് നടതതിയ പോരാട്ടം ഇന്ത്യയെ 200 കടത്തി. ഉമേഷിനെ വില്‍ ഡേവിസ് മടക്കിയശേഷം മുഹമ്മദ് ഷമി(18) ഭരതിന് മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യ ആദ്യദിനം കൂടുതല്‍ നഷ്ടങ്ങളില്ലാതെ 246ല്‍ എത്തി. ലെസസ്റ്റര്‍ഷെയറിനായി റൊമാന്‍ വാക്കര്‍ 11 ഓവറില്‍ 24 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ വില്‍ ഡേവിസ് രണ്ടും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റുമെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!