ഒമ്പത് വിക്കറ്റ് ശേഷിക്കെ മുംബൈയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താന്‍ മധ്യപ്രദേശിന് ഇനിയും 251 റണ്‍സ് കൂടി വേണം. നേരത്തെ 248-5 എന്ന സ്കോറില്‍ രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് പുനരാരംഭിച്ച മുംബൈയെ മുന്നോട്ടു നയിച്ചത് സര്‍ഫ്രാസിന്‍റെ സെഞ്ചുറിയായിരുന്നു.
ബംഗളൂരു: രഞ്ജി ട്രോഫി ഫൈനലില്‍ (Ranji Trophy Final) സര്‍ഫ്രാസ് ഖാന്‍റെ സെഞ്ചുറി മികവില്‍ മധ്യപ്രദേശിനെതിരെ മുംബൈ ഒന്നാം ഇന്നിംഗ്സില്‍ 374 റണ്‍സെടുത്ത് പുറത്തായി. രഞ്ജി സീസണിലെ മൂന്നാം സെഞ്ചുറി നേടിയ സര്‍ഫ്രാസ്(Sarfaraz Khan) ആണ് മുംബൈയെ (Mumbai)ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിംഗ് തുടങ്ങിയ മധ്യപ്രദേശ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുത്തിട്ടുണ്ട്. 44 റണ്‍സുമായി യാഷ് ദുബേയും 41 റണ്‍സുമായി ശുഭം ശര്‍മയും ക്രീസില്‍. 31 റണ്‍സെടുത്ത ഹിമാന്‍ഷു മന്ത്രിയുടെ വിക്കറ്റാണ് മധ്യപ്രദേശിന് നഷ്മായത്.
ഒമ്പത് വിക്കറ്റ് ശേഷിക്കെ മുംബൈയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താന്‍ മധ്യപ്രദേശിന് ഇനിയും 251 റണ്‍സ് കൂടി വേണം. നേരത്തെ 248-5 എന്ന സ്കോറില്‍ രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് പുനരാരംഭിച്ച മുംബൈയെ മുന്നോട്ടു നയിച്ചത് സര്‍ഫ്രാസിന്‍റെ സെഞ്ചുറിയായിരുന്നു. തുടക്കത്തിലെ ഷംസ് മുലാനിയുടെ വിക്കറ്റ് നഷ്ടമായ മുംബൈയെ വാലറ്റത്തെ കൂട്ടുപിടിച്ച് സര്‍ഫ്രാസ് ഭേദപ്പെട്ട സ്കോറിലെത്തിച്ചു.
തനുഷ് കോട്യന്‍ (15), ധവാല്‍ കുല്‍ക്കര്‍ണി (1), തുഷാര്‍ ദേശ്‌പാണ്ഡെ (6) എന്നിവര്‍ സര്‍ഫ്രാസിന് മുമ്പ് പുറത്തായി. 243 പന്തില്‍ രണ്ട് സിക്‌സും 13 ഫോറും പറത്തി134 റണ്‍സെടുത്ത സര്‍ഫ്രാസ് മുംബൈയുടെ അവസാന ബാറ്ററായാണ് പുറത്തായത്. മോഹിത് അവസ്തി (7) പുറത്താവാതെ നിന്നു. സീസണില്‍ 24കാരനായ സര്‍ഫ്രാസിന്‍റെ നാലാം സെഞ്ചുറിയാണിത്. സെഞ്ചുറി നേടിയശേഷം ശിഖര്‍ ധവാനെപ്പോലെ തുടയിലടിച്ച് ആഘോഷിച്ച സര്‍ഫ്രാസിന്‍റെ കണ്ണുനിറഞ്ഞൊഴുകിയത് ആരാധകരെ നൊമ്പരപ്പെടുത്തി. ആദ്യ അര്‍ധസെഞ്ചുറിക്കായി 152 പന്ത് നേരിട്ട സര്‍ഫ്രാസ് മുംബൈക്ക് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായതോടെ അര്‍ധസെഞ്ചുറിയില്‍ നിന്ന് സെഞ്ചുറിയിലേക്ക് എടുത്തത് 38 പന്തുകള്‍ മാത്രം. രഞ്ജി സീസണിലെ റണ്‍വേട്ടയില്‍ സര്‍ഫ്രാസ് തന്നെയാണ് മുന്നില്‍.
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ആദ്യ ദിനം ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈക്കായി ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (78), ക്യാപ്റ്റന്‍ പൃഥ്വി ഷാ(47), അര്‍മാന്‍ ജാഫര്‍(26) എന്നിവരും മുംബൈക്കായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മധ്യപ്രദേശിനായി ഗൗരവ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി. അനുഭവ് അഗര്‍വാള്‍ മൂന്നും സരണ്‍ഷ് ജെയ്ന്‍ രണ്ടും വിക്കറ്റെടുത്തു. കുമാര്‍ കാര്‍ത്തികേയക്ക് ഒരു വിക്കറ്റുണ്ട്.
