ലഖ്നൗ പിച്ച് ഞെട്ടിച്ചു; സ്പിന്‍ പിച്ച് ഒരുക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹാര്‍ദ്ദിക് പാണ്ഡ്യ

By Web TeamFirst Published Jan 30, 2023, 9:36 AM IST
Highlights

വെല്ലുവിളികള്‍ നിറഞ്ഞ പിച്ചുകളില്‍ കളിക്കുന്നതിന് ഞങ്ങള്‍ എതിരല്ല. പക്ഷെ ഈ പരമ്പരയില്‍ ഇതുവരെ കളിച്ച രണ്ട് പിച്ചുകളും ടി20 ക്രിക്കറ്റിന് യോജിക്കുന്നതല്ല. പിച്ചൊരുക്കുന്നതില്‍ ക്യൂറേറ്റര്‍മാര്‍ക്ക് എവിടെയോ പിഴവ് പറ്റിയിട്ടുണ്ട്. ഒരുപക്ഷെ വളരെ നേരത്തെ തയാറാക്കിയ പിച്ചായതുകൊണ്ടാകാം അങ്ങനെ സംഭവിച്ചതെന്നും ഹാര്‍ദ്ദിക് പറഞ്ഞു.

ലഖ്നൗ: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഒരു പന്ത് ബാക്കിയിരിക്കെ ജയിച്ച് പരമ്പരയില്‍ ഒപ്പമെത്തിയെങ്കിലും ലഖ്നൗവിലെ സ്പിന്‍ പിച്ചിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. അവസാന ഓവര്‍ വരെ വിജയിക്കാമെന്ന ആത്മവിശ്വാസം ടീമിനുണ്ടായിരുന്നുവെന്നും മത്സരശേഷം ഹാര്‍ദ്ദിക് പറഞ്ഞു.

അവസാന നിമിഷം വരെ ജയിക്കുമെന്ന ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ടായിരുന്നു. പക്ഷെ ജയം അല്‍പം താമസിച്ചുപോയി. സമ്മര്‍ദ്ദഘട്ടത്തില്‍ പതറാതെ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ കഴിഞ്ഞതാണ് നിര്‍ണായകമായത്. സത്യസന്ധമായി പറഞ്ഞാല്‍ ലഖ്നൗവിലെ പിച്ച് ഞങ്ങളെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. ടി20 ക്രിക്കറ്റിന് യോജിച്ച വിക്കറ്റായിരുന്നില്ല അത്.

വെല്ലുവിളികള്‍ നിറഞ്ഞ പിച്ചുകളില്‍ കളിക്കുന്നതിന് ഞങ്ങള്‍ എതിരല്ല. പക്ഷെ ഈ പരമ്പരയില്‍ ഇതുവരെ കളിച്ച രണ്ട് പിച്ചുകളും ടി20 ക്രിക്കറ്റിന് യോജിക്കുന്നതല്ല. പിച്ചൊരുക്കുന്നതില്‍ ക്യൂറേറ്റര്‍മാര്‍ക്ക് എവിടെയോ പിഴവ് പറ്റിയിട്ടുണ്ട്. ഒരുപക്ഷെ വളരെ നേരത്തെ തയാറാക്കിയ പിച്ചായതുകൊണ്ടാകാം അങ്ങനെ സംഭവിച്ചതെന്നും ഹാര്‍ദ്ദിക് പറഞ്ഞു.

ലഖ്‌നൗവിലെ 'സ്‌പിന്‍ പരീക്ഷ'യില്‍ ഇന്ത്യക്ക് ജയം; പരമ്പരയില്‍ ഒപ്പമെത്തി പാണ്ഡ്യപ്പട

മത്സരം ജയിക്കാനായതില്‍ സന്തോഷമുണ്ട്.120 റണ്‍സടിച്ചിരുന്നെങ്കില്‍ പോലും ലഖ്നൗവില്‍ ന്യൂസിലന്‍ഡിന് ജയിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അവരുടെ പദ്ധതികള്‍ മനോഹമായി നടപ്പാക്കി. ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചതും ഗുണകരമായി. ഇന്ത്യന്‍ ബാറ്റിംഗിനിടെ മഞ്ഞുവീഴ്ച ന്യൂസിലന്‍ഡ് ബൗളിംഗിനെ കാര്യമായി ബാധിച്ചില്ല. അതുപോലെ നമ്മുടെ സ്പിന്നര്‍മാരെക്കാള്‍ ടേണ്‍ അവരുടെ സ്പിന്നര്‍മാര്‍ക്ക് ലഭിക്കുകയും ചെയ്തു. പന്ത് പലപ്പോഴും അപ്രതീക്ഷിതമായി കുത്തി ഉയരുകയും ചെയ്തു. ശരിക്കും ഞെട്ടിച്ച വിക്കറ്റായിരുന്നു ലഖ്നൗവിലേതെന്നും ഹാര്‍ദ്ദിക് പറഞ്ഞു.

ലഖ്നൗവില്‍ നടന്ന രണ്ടാം ടി20യില്‍ ന്യൂസിലന്‍ഡ് 20 ഓവറില്‍ 99 റണ്‍സ് മാത്രമടിച്ചപ്പോള്‍ ഒരു പന്ത് ബാക്കിയിരിക്കെയാണ് ഇന്ത്യ ജയത്തിലെത്തിയത്. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-1ന് ഒപ്പമെത്തി. അവസാന ടി20 നാളെ അഹമ്മദാബാദില്‍ നടക്കും.

click me!