Asianet News MalayalamAsianet News Malayalam

ലഖ്‌നൗവിലെ 'സ്‌പിന്‍ പരീക്ഷ'യില്‍ ഇന്ത്യക്ക് ജയം; പരമ്പരയില്‍ ഒപ്പമെത്തി പാണ്ഡ്യപ്പട

സ്‌പിന്നര്‍മാരും പേസര്‍ അര്‍ഷ്‌ദീപ് സിംഗും മികവ് കാട്ടിയപ്പോള്‍ ന്യൂസിലന്‍ഡിനെ 20 ഓവറില്‍ 8 വിക്കറ്റിന് 99 റണ്‍സില്‍ ഒതുക്കിയിരുന്നു ടീം ഇന്ത്യ

IND vs NZ 2nd T20I Team India beat New Zealand in Lucknow and level in series
Author
First Published Jan 29, 2023, 10:33 PM IST

ലഖ്‌നൗ: റണ്ണൊഴുകുമെന്ന് കരുതിയ ലഖ്‌നൗവില്‍ സ്‌പിന്നര്‍മാര്‍ ആടിത്തിമിര്‍ത്തപ്പോള്‍ ന്യൂസിലന്‍ഡിനെ ആറ് വിക്കറ്റിന് തോല്‍പിച്ച് ട്വന്‍റി 20 പരമ്പരയില്‍ ഒപ്പമെത്തി ടീം ഇന്ത്യ. ലഖ്‌നൗവിലെ രണ്ടാം ടി20യില്‍ ന്യൂസിലന്‍ഡിനെ 99 റണ്‍സില്‍ ഓള്‍ഔട്ടാക്കിയപ്പോള്‍ ടീം ഇന്ത്യക്ക് ജയിക്കാന്‍ 19.5 ഓവര്‍ വരെ കാത്തിരിക്കേണ്ടിവന്നു. ബാറ്റിംഗ് ദുഷ്‌ക്കരമായ പിച്ചില്‍ സൂര്യകുമാര്‍ യാദവും ഹാര്‍ദിക് പാണ്ഡ്യയും ക്രീസിലുണ്ടായിരുന്നെങ്കിലും ഏറെ പാടുപെട്ടാണ് ടീം വിജയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-1ന് സമനില പിടിച്ചു. റാഞ്ചിയിലെ ആദ്യ മത്സരം കിവികള്‍ 21 റണ്‍സിന് വിജയിച്ചിരുന്നു. ഫെബ്രുവരി ഒന്നിന് അഹമ്മദാബാദില്‍ നടക്കുന്ന അവസാന ട്വന്‍റി 20 പരമ്പര വിജയികളെ നിശ്‌ചയിക്കും. സ്കോര്‍: ഇന്ത്യ-101/4 (19.5), ന്യൂസിലന്‍ഡ്-99/8 (20). 

കടുപ്പം ബാറ്റിംഗ്

മറുപടി ബാറ്റിംഗില്‍ അനായാസം ജയിക്കാമെന്ന ആത്മവിശ്വാസം തുടക്കത്തിലെ ടീം ഇന്ത്യക്ക് വിലങ്ങുതടിയായി. സ്കോര്‍ ബോര്‍ഡില്‍ 17 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിനെ മൈക്കല്‍ ബ്രേസ്‌വെല്‍ പുറത്താക്കി. ഫിന്‍ അലനായിരുന്നു ക്യാച്ച്. 9 പന്തില്‍ 11 റണ്‍സാണ് ഗില്ലിന്‍റെ സമ്പാദ്യം. സഹ ഓപ്പണര്‍ ഇഷാന്‍ 9-ാം ഓവറില്‍ റണ്ണൗട്ടാവുമ്പോള്‍ 46 റണ്‍സാണ് ടീമിനുണ്ടായിരുന്നത്. 32 പന്തില്‍ 19 റണ്‍സേ ഇഷാനുള്ളൂ. 18 പന്തില്‍ 13 റണ്‍സ് നേടി രാഹുല്‍ ത്രിപാഠി ഇഷ് സോധിക്ക് കീഴടങ്ങി. സൂര്യകുമാറുമായുള്ള ഓട്ടത്തിലെ ആശയക്കുഴപ്പത്തില്‍ വാഷിംഗ്‌ടണ്‍(9 പന്തില്‍ 10) സുന്ദര്‍ വിക്കറ്റ് വച്ചുനീട്ടി മടങ്ങി. അവസാന ഓവറില്‍ ടിക്‌നെറുടെ പേസും ഇന്ത്യക്ക് അഗ്നിപരീക്ഷയായെങ്കിലും അഞ്ചാം പന്തില്‍ ബൗണ്ടറിയുമായി സ്‌കൈ വിജയം സമ്മാനിച്ചു. സൂര്യകുമാര്‍ 31 പന്തില്‍ 26* ഉം ഹാര്‍ദിക് പാണ്ഡ്യ 20 പന്തില്‍ 15* ഉം റണ്‍സുമായി പുറത്താവാതെ നിന്നു.

ബൗളിംഗ് താണ്ഡവം 

നേരത്തെ സ്‌പിന്നര്‍മാരും പേസര്‍ അര്‍ഷ്‌ദീപ് സിംഗും മികവ് കാട്ടിയപ്പോള്‍ ന്യൂസിലന്‍ഡിനെ 20 ഓവറില്‍ 8 വിക്കറ്റിന് 99 റണ്‍സില്‍ ഒതുക്കി ഇന്ത്യ. നാല് ന്യൂസിലന്‍ഡ് താരങ്ങളെ രണ്ടക്കം കണ്ടുള്ളൂ. 23 പന്തില്‍ പുറത്താവാതെ 19 റണ്‍സെടുത്ത നായകന്‍ മിച്ചല്‍ സാന്‍റ്‌നറാണ് കിവികളുടെ ടോപ് സ്‌കോറര്‍. ഓപ്പണര്‍മാരായ ഫിന്‍ അലനെ(11) ചാഹലും ദേവോണ്‍ കോണ്‍വേയെ(11) വാഷിംഗ്‌ടണ്‍ സുന്ദറും പുറത്താക്കിയപ്പോള്‍ മൂന്നാമന്‍ ചാപ്‌മാന്‍ 14 റണ്ണുമായി റണ്ണൗട്ടായി. ഗ്ലെന്‍ ഫിലിപ്‌സ്(5), ഡാരില്‍ മിച്ചല്‍(8), മൈക്കല്‍ ബ്രേസ്‌വെല്‍(14), ഇഷ് സോധി(1), ലോക്കീ ഫെര്‍ഗ്യൂസന്‍(0), ജേക്കബ് ഡഫി(6*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോര്‍. 

സ്‌പിന്‍... സ്‌പിന്‍... സ്‌പിന്‍... 

തുടക്കത്തിലെ സ്‌പിന്നര്‍മാര്‍ക്ക് മുന്‍തൂക്കം കിട്ടിയതോടെ ആ വഴിക്കായി നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നീക്കം. ഇന്ത്യന്‍ നിരയില്‍ പന്തെടുത്ത സ്‌‌പിന്നര്‍മാരായ വാഷിംഗ്‌ടണ്‍ സുന്ദറും യുസ്‌‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും ദീപക് ഹൂഡയും ഓരോ വിക്കറ്റ് വീഴ്‌ത്തി. പേസര്‍മാരായ അര്‍ഷ്‌ദീപ് സിംഗ് രണ്ടും ഹാര്‍ദിക് പാണ്ഡ്യ ഒന്നും വിക്കറ്റ് വീഴ്‌ത്തി. കുല്‍ദീപും ഹൂഡയും പാണ്ഡ്യയും മാത്രമാണ് നാല് ഓവര്‍ വീതമെറിഞ്ഞത്. ഇന്നിംഗ്‌സിലെ 18-ാം ഓവറില്‍ മാത്രമാണ് അര്‍ഷ്‌ദീപ് സിംഗിനെ പാണ്ഡ്യ ആദ്യമായി പന്തേല്‍പിച്ചത്. രണ്ട് വിക്കറ്റുമായി അര്‍ഷ് തിളങ്ങുകയും ചെയ്തു. മത്സരത്തില്‍ അര്‍ഷ്‌ദീപ് സിംഗിന് രണ്ടും ശിവം മാവിക്ക് ഒന്നും ഓവറേ നല്‍കിയുള്ളൂ. ഇതേ തന്ത്രം പിന്തുടര്‍ന്ന് സ്‌പിന്‍ കേന്ദ്രീകൃതമായിരുന്നു കിവീസിന്‍റെ പ്രത്യാക്രമണവും. ഒരു സിക്‌സ് പോലും പിറക്കാതിരുന്ന മത്സരത്തില്‍ കിവീസിനായി 17 ഓവറും ഇന്ത്യക്കായി 13 ഓവറും സ്‌പിന്നര്‍മാര്‍ എറിഞ്ഞു.

റാഞ്ചിയിലെ തല്ലുകൊള്ളി ലഖ്‌നൗവില്‍ നല്ല കുട്ടിയായി; അര്‍ഷ്‌ദീപ് ഈസ് ബാക്ക്, കയ്യടിച്ച് ആരാധകര്‍

Follow Us:
Download App:
  • android
  • ios