ഇന്‍ഡോറില്‍ സെഞ്ചുറിപ്പൂരവുമായി രോഹിത്തും ഗില്ലും; കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമാക്കി ഇന്ത്യ

By Web TeamFirst Published Jan 24, 2023, 3:34 PM IST
Highlights

ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 27-ാം ഓവറിലെ ആദ്യ പന്തില്‍ ബ്രേസ്‌വെല്ലാണ് രോഹിത്-ഗില്‍ സ്വപ്‌ന കൂട്ടുകെട്ട് പൊളിച്ചത്

ഇന്‍ഡോര്‍: സ്വപ്‌ന ഫോമില്‍ ശുഭ്‌മാന്‍ ഗില്‍ ഗില്ലാട്ടം തുടര്‍ന്നപ്പോള്‍ ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മ ഹിറ്റിംഗ് ട്രാക്കിലേക്ക് തിരിച്ചുവന്നതോടെ ന്യൂസിലന്‍ഡിന് എതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. സെഞ്ചുറി നേടിയ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലും ഒന്നാം വിക്കറ്റില്‍ 26.1 ഓവറില്‍ 212 റണ്‍സ് ചേര്‍ത്തു. ഗില്‍ 72 ഉം രോഹിത് 83 ഉം പന്തിലാണ് 100 തികച്ചത്. രോഹിത്തിന്‍റെ മുപ്പതാമത്തേയും ഗില്ലിന്‍റെ അവസാന നാല് ഇന്നിംഗ്‌സില്‍ മൂന്നാമത്തെയും സെഞ്ചുറിയാണിത്. 

ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 27-ാം ഓവറിലെ ആദ്യ പന്തില്‍ ബ്രേസ്‌വെല്ലാണ് രോഹിത്-ഗില്‍ സ്വപ്‌ന കൂട്ടുകെട്ട് പൊളിച്ചത്. 85 പന്തില്‍ 9 ഫോറും 6 സിക്‌സറും സഹിതം 101 റണ്‍സ് നേടിയ ഹിറ്റ്‌മാനെ ബ്രേസ്‌വെല്‍ ബൗള്‍ഡാക്കുകയായിരുന്നു. തൊട്ടടുത്ത ഓവറിലെ അവസാന പന്തില്‍ ഗില്ലിന്‍റെ ബാറ്റിംഗും അവസാനിച്ചു. ടിക്‌നറെ അതിര്‍ത്തിക്ക് പുറത്തേക്ക് പറത്താന്‍ ശ്രമിച്ച ഗില്‍ കോണ്‍വേയുടെ ക്യാച്ചില്‍ പുറത്താവുകയായിരുന്നു. 78 പന്തില്‍ 13 ഫോറും 5 സിക്‌സും ഉള്‍പ്പടെ 112 റണ്‍സെടുത്താണ് ഗില്ലിന്‍റെ മടക്കം. 28 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍  230-2 എന്ന നിലയിലാണ് ഇന്ത്യ. വിരാട് കോലിയും ഇഷാന്‍ കിഷനുമാണ് ക്രീസില്‍. 

നേരത്തെ ടോസ് നഷ്‌ടപ്പെട്ട ഇന്ത്യ രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇറങ്ങിയത്. പേസര്‍മാരായ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് വിശ്രമം നല്‍കി. ഉമ്രാന്‍ മാലിക്ക്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരാണ് പകരമെത്തിയത്. ന്യൂസിലന്‍ഡ് നിരയില്‍ ഒരു മാറ്റമുണ്ട്. ഹെന്റി ഷിപ്‌ലിക്ക് ജേക്കബ് ഡഫി ടീമിലെത്തി.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദ്ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്ക്, യുസ്‌വേന്ദ്ര ചാഹല്‍.

വെടിക്കെട്ടിന് തിരികൊളുത്തി ഗില്ലും രോഹിത്തും; കിവീസിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം
 

 

click me!