Latest Videos

കൂറ്റന്‍ തോല്‍വി; പരമ്പര നഷ്ടത്തിന് പിന്നാലെ ന്യൂസിലന്‍ഡിന് വമ്പന്‍ നാണക്കേടും; ഹാര്‍ദ്ദിക്കിന് ചരിത്രനേട്ടം

By Web TeamFirst Published Feb 2, 2023, 10:42 AM IST
Highlights

ഇന്നലെ അഹമ്മദാബാദില്‍ 168 റണ്‍സിന് തോറ്റതോടെ ഈ റെക്കോര്‍ഡ് കിവീസിന്‍റെ പേരിലായി. മൂന്ന് മത്സര ദ്വിരാഷ്ട്ര പരമ്പരകളില്‍ ആദ്യ മത്സരം തോറ്റശേഷം ഇന്ത്യ പരമ്പര നേടുന്നത് ഇത് ഏഴാം തവണയാണ്. മൂന്ന് തവണ മാത്രമാണ് ഇന്ത്യക്ക് ആദ്യ മത്സരം തോറ്റശേഷം പരമ്പര നഷ്ടമായത്.

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്ക് ടി20 പരമ്പര നേടി  കണക്കു തീര്‍ക്കാമെന്ന് സ്വപ്നം കണ്ട് അവസാന ടി20 മത്സരത്തിനിറങ്ങിയ ന്യൂസിലന്‍ഡിന് നേരിട്ടത് വമ്പന്‍ തോല്‍വി. ഒപ്പം ടി20 ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടും. ടി20 ചരിത്രത്തില്‍ ന്യൂസിലന്‍ഡ് ഇന്ത്യക്കെതിരെ നേടുന്ന ഏറ്റവും കുറഞ്ഞ സ്കോറാണ് ഇന്നലെ അഹമ്മദാബാദില്‍ കുറിച്ച 66 റണ്‍സ്. 2018ല്‍ ഡബ്‌ളിനില്‍ കുറിച്ച 70 റണ്‍സായിരുന്നു ടി20യില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന്‍റെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്കോര്‍.

ടി20 ചരിത്രത്തില്‍ ന്യൂസിലന്‍ഡിന്‍റെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ ടോട്ടലുമാണിത്. 2014ല്‍ ശ്രീലങ്കക്കതിരെയും 2021ല്‍ ബംഗ്ലാദേശിനെതിരെയും 60 റണ്‍സിന് പുറത്തായതായിരുന്നു ടി20 ചരിത്രത്തില്‍ കിവീസിന്‍റെ ഏറ്റവും കുറഞ്ഞ സ്കോര്‍. ഇതിന് പുറമെ ടി20 ചരിത്രത്തില്‍ റണ്‍സുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ തോല്‍വിയെന്ന നാണക്കേടും ഇന്നലെ ന്യൂസിലന്‍ഡിന്‍റെ പേരിലായി. 2018ല്‍ ഡബ്ലിനില്‍ അയര്‍ലന്‍ഡിനെ ഇന്ത്യ 143 റണ്‍സിന് തോല്‍പ്പിച്ചതായിരുന്നു റണ്‍ മാര്‍ജിനില്‍ ടി20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ജയം.

ഇന്നലെ അഹമ്മദാബാദില്‍ 168 റണ്‍സിന് തോറ്റതോടെ ഈ റെക്കോര്‍ഡ് കിവീസിന്‍റെ പേരിലായി. മൂന്ന് മത്സര ദ്വിരാഷ്ട്ര പരമ്പരകളില്‍ ആദ്യ മത്സരം തോറ്റശേഷം ഇന്ത്യ പരമ്പര നേടുന്നത് ഇത് ഏഴാം തവണയാണ്. മൂന്ന് തവണ മാത്രമാണ് ഇന്ത്യക്ക് ആദ്യ മത്സരം തോറ്റശേഷം പരമ്പര നഷ്ടമായത്.

ടി20 ചരിത്രത്തിലാദ്യം; കോലിയെയും സൂര്യകുമാറിനെയും മറികടന്ന് ശുഭ്മാന്‍ ഗില്ലിന് അപൂര്‍വ റെക്കോര്‍ഡ്

ഒരു ടി20 മത്സരത്തില്‍ ഇന്ത്യന്‍ പേസര്‍മാര്‍ എതിരാളികളുടെ മുഴുവന്‍ വിക്കറ്റെടുക്കുന്നതും ചരിത്രത്തില്‍ ഇത് രണ്ടാം തവണ മാത്രമാണ് 2022ല്‍ ദുബായില്‍ പാക്കിസ്ഥാനെതിരെ ആയിരുന്നു ഇന്ത്യന്‍ പേസര്‍മാര്‍ ഇതിന് മുമ്പ് എതിരാളികളുടെ മുഴുവന്‍ വിക്കറ്റുകളും നേടിയത്. ഇന്ത്യയില്‍ ഒരു വിദേശ ടീം നേടുന്ന ഏറ്റവും കുറഞ്ഞ ടീം ടോട്ടലാണ് ഇന്നലെ കിവീസ് കുറിച്ച 66 റണ്‍സ്. 2016ല്‍ ബംഗ്ലാദേശ് 70 റണ്‍സിന് പുറത്തായതായിരുന്നു ടി20യിലെ ഏറ്റവും കുറഞ്ഞ സ്കോര്‍.

ന്യൂസിലന്‍ഡ് നാണക്കേടിന്‍റെ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയപ്പോള്‍ ഇന്ത്യന്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ അപൂര്‍വനേട്ടം സ്വന്തമാക്കി. ഇന്നലത്തെ മത്സരത്തില്‍ നാലു വിക്കറ്റ് വീഴ്ത്തി തിളങ്ങിയ ഹാര്‍ദ്ദിക് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ നായകനായി.

click me!