രോഹിത്തും കോലിയും, കിഷനും മടങ്ങി; തകര്‍ത്തടിച്ച് ഗില്‍; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം

By Web TeamFirst Published Jan 18, 2023, 3:02 PM IST
Highlights

മനോഹരമായ കവര്‍ ഡ്രൈവിലൂടെ ബൗണ്ടറി നേടി തുടങ്ങി വിരാട് കോലി പ്രതീക്ഷ നല്‍കിയെങ്കിലും ഇന്നിംഗ്സ് അധികം നീണ്ടില്ല. 10 പന്തില്‍ എട്ട് റണ്‍സെടുത്ത കോലിയെ മിച്ചല്‍ സാന്‍റ്നറുടെ സ്പിന്‍ ചതിച്ചു.

ഹൈദരാബാദ്: ഏകദിന പമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 21 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുത്തിട്ടുണ്ട്. 64 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും ആറ് റണ്‍സോടെ സൂര്യകുമാര്‍ യാദവും ക്രീസില്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും ഇഷാന്‍ കിഷന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

നല്ല തുടക്കം നഷ്ടമാക്കി രോഹിത്

പതിവുപോലെ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും മികച്ച തുടക്കം നല്‍കിയെങ്കിലും രോഹിത്തിന്‍റെ ഇന്നിംഗ്സ് അധികം നീണ്ടില്ല. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 12 ഓവറില്‍ 60 റണ്‍സടിച്ചു. രോഹിത് ആയിരുന്നു തുടക്കത്തില്‍ കൂടുതല്‍ ആക്രമിച്ചു കളിച്ചത്. 38 പന്തില്‍ 34 റണ്‍സെടുത്ത രോഹിത്തിനെ ടിക്നറുടെ പന്തില്‍ ഡാരില്‍ മിച്ചലിന്‍റെ കൈകളിലെത്തിച്ചു. നാലു ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു രോഹിത്തിന്‍റെ ഇന്നിംഗ്സ്.

ന്യൂസിലന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ടോസ്; ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തി, ടീമില്‍ നാല് മാറ്റം

മനോഹരമായ കവര്‍ ഡ്രൈവിലൂടെ ബൗണ്ടറി നേടി തുടങ്ങി വിരാട് കോലി പ്രതീക്ഷ നല്‍കിയെങ്കിലും ഇന്നിംഗ്സ് അധികം നീണ്ടില്ല. 10 പന്തില്‍ എട്ട് റണ്‍സെടുത്ത കോലിയെ മിച്ചല്‍ സാന്‍റ്നറുടെ സ്പിന്‍ ചതിച്ചു. സാന്‍റ്നറെ ബാക്ക് ഫൂട്ടിലിറങ്ങി പ്രതിരോധിച്ച കോലിയുടെ ഓഫ് സ്റ്റംപിളകി. രണ്ടാം വിക്കറ്റ് നഷ്ടമാവുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ 88 റണ്‍സെ ഉണ്ടായിരുന്നുള്ളു. അവസാനം കളിച്ച മത്സരത്തില്‍ അതിവേഗ ഡബിള്‍ സെഞ്ചുറി നേടിയതിന്‍റെ തിളക്കത്തല്‍ നാലാം നമ്പറിലിറങ്ങിയ ഇഷാന്‍ കിഷനും ക്രീസില്‍ അധികനേരം പിടിച്ചു നില്‍ക്കാനായില്ല. ഗില്ലിനൊപ്പം ഇന്ത്യയെ 100 കടത്തിയെങ്കിലും ലോക്കി ഫോര്‍ഗൂസന്‍റെ പന്തില്‍ ടോം ലാഥമിന് ക്യാച്ച് നല്‍കി കിഷനും(5) മടങ്ങി.

ബ്രേസ്‌വെല്ലിനെ സിക്സിന് പറത്തി 52 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ഗില്‍ പിന്നീട് സ്കോറിംഗ് വേഗം കൂട്ടി. കിവീസിനായി പെര്‍ഗൂസനും ടിക്നറും സാന്‍റ്നറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

click me!