ബൗളിംഗ് നിരയില്‍ അഴിച്ചുപണി, പകരക്കാര്‍ ആരൊക്കെ; കിവീസിനെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

By Web TeamFirst Published Jan 23, 2023, 1:31 PM IST
Highlights

ബാറ്റിംഗ് നിരയില്‍ കാര്യമായ മാറ്റങ്ങള്‍ സാധ്യതയില്ലെന്നാണ് സൂചന. ഓപ്പണിംഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മും ശുഭ്മാന്‍ ഗില്ലും ഇറങ്ങുമ്പോള്‍ മൂന്നാം നമ്പറില്‍ വിരാട് കോലിയും നാലാമതായി ഇഷാന്‍ കിഷനും കളിക്കും.

ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം നാളെ ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ നടക്കും. ആദ്യ രണ്ട് ഏകദിനവും ജയിച്ച് പരമ്പര നേടിയ ഇന്ത്യ മൂന്നാം ഏകദിനവും ജയിച്ച് പരമ്പര തൂത്തുവാരാനാണ് ഇറങ്ങുന്നത്. നാളത്തെ മത്സരവും ജയിച്ചാല്‍ ടി20ക്ക് പിന്നാലെ ഏകദിന റാങ്കിംഗിലും ഇന്ത്യക്ക് ഒന്നാം സ്ഥാനത്തെത്താനാവും. ഇംഗ്ലണ്ടാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. ഇന്ത്യക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും തോറ്റതോടെയാണ് ന്യൂസിലന്‍ഡിന് ഒന്നാം സ്ഥാനം നഷ്ടമായത്.

പരമ്പര നേടിയതിനാല്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര കണക്കിലെടുത്ത് പേസ് ബൗളര്‍മാരില്‍ ചിലര്‍ക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ സൂചന നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ മൂന്നാം ഏകദിനത്തിനുള്ള ടീമില്‍ ബൗളിംഗ് നിരയില്‍ കാര്യമായ അഴിച്ചുപണി ഉണ്ടാകുമെന്നാണ് കരുതുന്നത്.

ബാറ്റിംഗ് നിരയില്‍ കാര്യമായ മാറ്റങ്ങള്‍ സാധ്യതയില്ലെന്നാണ് സൂചന. ഓപ്പണിംഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മും ശുഭ്മാന്‍ ഗില്ലും ഇറങ്ങുമ്പോള്‍ മൂന്നാം നമ്പറില്‍ വിരാട് കോലിയും നാലാമതായി ഇഷാന്‍ കിഷനും കളിക്കും. സൂര്യകുമാര്‍ യാദവും ഹാര്‍ദ്ദിക് പാണ്ഡ്യയുമാകും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. സ്പിന്‍ ബൗളിംഗ് ഓള്‍ റൗണ്ടറായി ആദ്യ രണ്ട് ഏകദിനത്തിലും കളിച്ച വാഷിംഗ്ടണ്‍ സുന്ദറിന് പകരം ഇടം കൈയന്‍ സ്പിന്നര്‍ ഷഹബാസ് അഹമ്മദിന് മൂന്നാം ഏകദിനത്തില്‍ അവസരം ലഭിച്ചേക്കും.

അഞ്ച് വര്‍ഷത്തിനുശേഷം വീണ്ടും രഞ്ജി ക്രിക്കറ്റ് കളിക്കാന്‍ ജഡേജ

അതുപോലെ സ്പിന്‍ നിരയില്‍ കുല്‍ദീപ് യാദവിനൊപ്പം യുസ്‌വേന്ദ്ര ചാഹലിനും പ്ലേയിഗ് ഇലവനില്‍ അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. ഇന്‍ഡോറിലെ പിച്ച് ബാറ്റിംഗ് പറുദീസയാകുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മൂന്ന് സ്പിന്നര്‍മാരുമായി കളിക്കുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്ക ഇന്ത്യന്‍ ടീം മാനേജ്മെന്‍റിനുണ്ട്.

പേസ് നിരയില്‍ മുഹമ്മദ് സിറാജിന് വിശ്രമം അനുവദിക്കുമെന്നുറപ്പാണ്. എന്നാല്‍ മുഹമ്മദ് ഷമിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. മൂന്ന് പേസര്‍മാരെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ ഷമി ടീമില്‍ തുടരും. മുഹമ്മദ് സിറാജിന് പകരക്കാരനായി ഉമ്രാന്‍ മാലിക് ആകും പ്ലേയിംഗ് ഇലവനില്‍ എത്തുക. മൂന്നാം പേസറായി ഷര്‍ദ്ദുല്‍ ഠാക്കൂര്‍ ടീമില്‍ തുടരും ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കാകും നാലാം പേസറുടെ ഉത്തരവാദിത്തം.

click me!