പരിക്കിന്‍റെ പരീക്ഷ തുടരുന്നു; ഷാ കളിക്കും; പുതിയ ആശങ്കയായി സ്റ്റാര്‍ പേസറുടെ പരിക്ക്

By Web TeamFirst Published Feb 28, 2020, 2:55 PM IST
Highlights

ഇടംകാലിന് നീര്‍ക്കെട്ടുണ്ടായിരുന്ന യുവ ഓപ്പണര്‍ പൃഥ്വി ഷാ നാളെ കളിക്കുമെന്ന് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്‌ത്രി വ്യക്തമാക്കിയിട്ടുണ്ട്

ക്രൈസ്റ്റ്‌ചര്‍ച്ച്: ന്യൂസിലന്‍ഡിന് എതിരായ അവസാന ടെസ്റ്റ് ഇന്ത്യന്‍ പേസര്‍ ഇശാന്ത് ശര്‍മ്മയ്‌ക്ക് നഷ്‌ടമായേക്കും. കണങ്കാലിന് പരിക്കേറ്റ ഇശാന്ത് ഇന്ന് ഏറെ സമയം പരിശീലനത്തിനിറങ്ങിയില്ല. കാലിന് നീരുണ്ടായിരുന്ന ഓപ്പണര്‍ പൃഥ്വി ഷാ കളിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇശാന്തിനെ കുറിച്ച് ആശങ്ക നല്‍കുന്ന വിവരം പുറത്തുവന്നത്. 

Read more: ക്രൈസ്റ്റ്ചര്‍ച്ചിലെ പേസ് പിച്ചില്‍ ഇന്ത്യക്കെതിരെ സര്‍പ്രൈസ് ഇലവനെ ഇറക്കാനൊരുങ്ങി കിവീസ്

ക്രൈസ്റ്റ്‌ചര്‍ച്ചില്‍ 20 മിനുറ്റോളം പന്തെറിഞ്ഞ ശേഷം ഇശാന്ത് മടങ്ങുകയായിരുന്നു. താരത്തെ മെഡിക്കല്‍ പരിശോധനയക്ക് വിധേയനാക്കിയെങ്കിലും ഫലം പുറത്തുവന്നിട്ടില്ല. ഇശാന്തിന് കളിക്കാനാവാതെവന്നാല്‍ ഉമേഷ് യാദവ് പ്ലേയിംഗ് ഇലവനിലെത്തും. നെറ്റ്‌സില്‍ ഇന്ന് ഏറെ നേരം പരിശീലകന്‍ രവി ശാസ്‌ത്രിയും ബൗളിംഗ് പരിശീലകന്‍ ഭരത് അരുണും ഉമേഷിനൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഏറെ നേരം പരിശീലനം നടത്തിയ ജസ്‌പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും ഇന്ന് പരിശീലനത്തിലുണ്ടായിരുന്നില്ല. 

Read more: ന്യൂസിലന്‍ഡ് ഭയക്കണം; ഇന്ത്യക്ക് കരുത്തായി പേസറുടെ തിരിച്ചുവരവ്

ന്യൂസിലന്‍ഡ് പര്യടനത്തില്‍ കളിക്കുന്ന കാര്യം സംശയത്തിലായിരുന്ന ഇശാന്ത് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് തെളിയിച്ചാണ് ടീമിലെത്തിയത്. കഴിഞ്ഞ മാസം വിദര്‍ഭക്കെതിരായ രഞ്ജി ട്രോഫിക്കിടെ സംഭവിച്ച പരിക്കാണ് ഇശാന്തിനെ ഇപ്പോള്‍ അലട്ടുന്നത്. ടീമിലെ ഏറ്റവും സീനിയര്‍ പേസറായ ഇശാന്തിന് കളിക്കാന്‍ കഴിയാത്ത സാഹചര്യം നിര്‍ണായകമായ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് തിരിച്ചടിയാവും. വെല്ലിംഗ്‌ടണ്‍ ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്‌സില്‍ ഇശാന്ത് 68 റണ്‍സിന് അഞ്ച് വിക്കറ്റ് നേടിയിരുന്നു. 

ഇന്ത്യക്ക് ആശ്വാസം; പൃഥ്വി ഷായുടെ പരിക്കുമാറി

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം നാളെ ക്രൈസ്റ്റ്‌ചര്‍ച്ചില്‍ തുടങ്ങും. കഴിഞ്ഞ മത്സരത്തില്‍ 10 വിക്കറ്റിന്‍റെ ജയം കിവികള്‍ സ്വന്തമാക്കിയിരുന്നു. ക്രൈസ്റ്റ് ചര്‍ച്ചിലെ പിച്ചിൽ ബാറ്റിംഗ് ദുഷ്‌കരമാകില്ലെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ക്യാംപ്. അതേസമയം ഇടംകാലിന് നീര്‍ക്കെട്ടുണ്ടായിരുന്ന യുവ ഓപ്പണര്‍ പൃഥ്വി ഷാ നാളെ കളിക്കുമെന്ന് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്‌ത്രി വ്യക്തമാക്കിയിട്ടുണ്ട്. 

Read more: യുവതാരത്തിന്‍റെ പരിക്കുമാറി; ക്രൈസ്റ്റ്‌ചര്‍ച്ചിലെ അഗ്‌നിപരീക്ഷയ്‌ക്ക് മുന്‍പ് ഇന്ത്യക്ക് ആശ്വാസം

click me!