ക്രൈസ്റ്റ്‌ചര്‍ച്ച്: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് വേദിയാവുന്ന ക്രൈസ്റ്റ് ചര്‍ച്ചിലെ ഹാഗ്‌ലി ഓവലിലെ പിച്ച് ഇപ്പോഴെ സമൂഹമാധ്യമങ്ങളിലും ആരാധകര്‍ക്കിടയിലും ചര്‍ച്ചയായി കഴിഞ്ഞു. പച്ചപ്പ് നിറഞ്ഞ പിച്ച് കണ്ട് ഇതില്‍ പിച്ച് ഏതാണെന്ന് ആരാധകര്‍ ഇപ്പോഴേ ചോദിച്ച് തുടങ്ങിയതിന് പിന്നാലെ ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ നാലു പേസര്‍മാരുമായി ഇറങ്ങാനൊരുങ്ങുകയാണ് കിവീസ്.

പരിക്ക് മൂലം ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന നീല്‍ വാഗ്നര്‍ രണ്ടാം ടെസ്റ്റില്‍ ഇറങ്ങുമ്പള്‍ ആദ്യ ടെസ്റ്റില്‍ തിളങ്ങിയ കെയ്ല്‍ ജമൈസണെ ഒഴിവാക്കാതിരിക്കാനാണ് നാലു പേസര്‍മാരുമായി കളിക്കുന്ന കാര്യം കിവീസ് ആലോചിക്കുന്നത്. സ്പിന്നര്‍ അജാസ് പട്ടേലിന് പകരമായിരിക്കും വാഗ്നര്‍ അന്തിമ ഇലവനില്‍ ഇടം നേടുക. ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലുമായി അജാസ് പട്ടേല്‍ ആറോവര്‍ മാത്രമാണെറിഞ്ഞത്.

നീല്‍ വാഗ്നര്‍ എന്തായാലും അന്തിമ ഇലവനില്‍ ഉണ്ടാകുമെന്ന് കിവീസ് പരിശീലകന്‍ ഗാരി സ്റ്റഡ് വ്യക്തമാക്കി കഴിഞ്ഞു. ട്രെന്‍റ് ബോള്‍ട്ടിനും ടിം സൗത്തിക്കും ജമൈസണും വാഗ്നര്‍ക്കും പുറമെ കോളിന്‍ ഡി ഗ്രാന്‍ഹോമെയുടെ മീഡിയം പേസ് കൂടിയാകുമ്പോള്‍ കിവീസിന് അഞ്ച് പേസര്‍മാരാകും.

എന്നാല്‍ നാലു പേസര്‍മാരുമായി കളിക്കണോ എന്ന കാര്യത്തില്‍ മത്സരത്തിന് തൊട്ടുമുമ്പെ അന്തിമ തീരുമാനമെടുക്കൂവെന്ന് സ്റ്റഡ് വ്യക്തമാക്കി. ക്രൈസ്റ്റ്ചര്‍ച്ചിലെ ഹാഗ്‌ലി ഓവലിന് പേസര്‍മാരെ പിന്തുണച്ച ചരിത്രമാണുള്ളത്. ഇവിടെ കീവീസ് ഇതുവരെ വീഴ്ത്തിയ 92 വിക്കറ്റില്‍ 90ഉം പേസര്‍മാരാണ് നേടിയത്.

സന്ദര്‍ശക ടീമിലെ സ്പിന്നര്‍മാരില്‍ ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസനും ഓസ്ട്രേലിയയുടെ നേഥന്‍ ലിയോണും മാത്രമാണ് ഇവിടെ ഒരു ടെസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ വിക്കറ്റ് നേടിയ സ്പിന്നര്‍മാര്‍. ഇവിടെ കളിച്ച 24 ഇന്നിംഗ്സുകളില്‍ ആറെണ്ണത്തിലും 200ന് താഴെയായിരുന്നു സ്കോര്‍. ഒമ്പത് ഇന്നിംഗ്സുകള്‍ 300ല്‍ താഴെ അവസാനിച്ചു. വെല്ലിംഗ്ടണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ തോറ്റ ഇന്ത്യക്ക് രണ്ടാം ടെസ്റ്റ് ജയിച്ചാല്‍ മാത്രമെ പരമ്പര സമനിലായാക്കാനാവു.