ന്യൂസിലന്‍ഡിനെതിരായ ട്വന്‍റി 20 പരമ്പര; റുതുരാജ് ഗെയ്‌ക്‌വാദിന് പകരക്കാരനെ പ്രഖ്യാപിച്ചേക്കില്ല, കാരണമിത്

By Web TeamFirst Published Jan 26, 2023, 4:44 PM IST
Highlights

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ന്യൂസിലന്‍ഡിന് എതിരായ ട്വന്‍റി 20 പരമ്പരയില്‍ റുതുരാജ് ഗെയ്‌ക്‌വാദിന് പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചേക്കില്ല

റാഞ്ചി: ന്യൂസിലന്‍ഡിന് എതിരായ ട്വന്‍റി 20 പരമ്പര തുടങ്ങും മുമ്പേ പരിക്കേറ്റ് സ്‌ക്വാഡില്‍ നിന്ന് പുറത്തായിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദ്. കൈക്കുഴയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് താരം പരമ്പരയില്‍ നിന്ന് പുറത്തായത്. രഞ്ജി ട്രോഫിയില്‍ മഹാരാഷ്‌ട്ര-ഹൈദരാബാദ് മത്സരത്തിന് ശേഷമായിരുന്നു പരിക്ക് വിവരം താരം ബിസിസിഐ മെഡിക്കല്‍ സംഘത്തെ അറിയിച്ചത്. മത്സരത്തില്‍ 8, 0 എന്നിങ്ങനെയായിരുന്നു റുതുവിന്‍റെ സ്‌കോറുകള്‍. ഇപ്പോള്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലാണ് റുതുരാ‌ജ് ഗെയ്‌ക്‌വാദുള്ളത്. 

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ന്യൂസിലന്‍ഡിന് എതിരായ ട്വന്‍റി 20 പരമ്പരയില്‍ റുതുരാജ് ഗെയ്‌ക്‌വാദിന് പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചേക്കില്ല. ഇഷാന്‍ കിഷന്‍, ശുഭ്‌മാന്‍ ഗില്‍, പൃഥ്വി ഷാ എന്നീ മൂന്ന് സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍മാര്‍ ടീമിലുള്ളതിനാലാണിത്. റുതുരാജിന് പുറമെ ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ എന്നിവരും പരിക്കില്‍ നിന്ന് മോചിതരായി വരുന്നതേയുള്ളൂ. നടുവിന് പരിക്കേറ്റ അയ്യരും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലാണുള്ളത്. അതേസമയം സഞ്ജു സാംസണ്‍ കൊച്ചിയില്‍ ഫിസിയോതെറാപ്പിക്ക് വിധേയനാവുകയാണ് എന്നാണ് ഇന്‍സൈഡ് സ്‌പോര്‍ടിന്‍റെ റിപ്പോര്‍ട്ട്. 

നാളെ റാഞ്ചിയിലാണ് ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരം. 29ന് ലഖ്‌നൗവില്‍ രണ്ടാം മത്സരവും ഫെബ്രുവരി ഒന്നിന് അഹമ്മദാബാദില്‍ മൂന്നാം ടി20യും നടക്കും. അടിക്കടി പരിക്കിന്‍റെ പിടിയിലാവുകയാണ് റുതുരാജ് ഗെയ്‌ക്‌വാദ്. കൈക്കുഴയ്ക്ക് വേദനയുള്ളതായി റുതു പരാതിപ്പെടുന്നതും ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ലങ്കയ്ക്കെതിരായ ഒരു ടി20 വലത് കൈക്കുഴയിലെ വേദനയെ തുടര്‍ന്ന് താരത്തിന് നഷ്‌ടമായിരുന്നു. 

ഇന്ത്യന്‍ ട്വന്‍റി 20 സ്‌ക്വാഡ്: സൂര്യകുമാര്‍ യാദവ്, ശുഭ്‌മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, പൃഥ്വി ഷാ, ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), ദീപക് ഹൂഡ, വാഷിംഗ്‌ടണ്‍ സുന്ദര്‍, ശിവം മാവി, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ജിതേഷ് ശര്‍മ്മ(വിക്കറ്റ് കീപ്പര്‍), കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്‌ദീപ് സിംഗ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍.

സംഭവം തീപാറും; ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ട്വന്‍റി 20 തല്‍സമയം കാണാനുള്ള വഴികള്‍
 


 

click me!