
ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ ജസ്പ്രീത് ബുമ്രയെ പന്തേല്‍പ്പിക്കാനുള്ള കാരണം തുറന്നുപറഞ്ഞ് വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. സൂപ്പര്‍ ഓവര്‍ എറിയാന്‍ ഓരോ ടീമും അവരുടെ ഏറ്റവും മികച്ച ബൗളറെ തന്നെയാണ് എല്‍പ്പിക്കാറുള്ളത്. കുറച്ചുകാലമായി ഇന്ത്യന്‍ ബൗളിംഗിന്റെ അവിഭാജ്യ ഘടകമാണ് ബുമ്ര. അപ്പോള്‍ സ്വാഭാവികമായും ബുമ്രയെയാണ് പന്തേല്‍പ്പിക്കേണ്ടത്.
എന്നാല്‍ ഇന്നലെ ബുമ്രയുടെ ദിവസമല്ലായിരുന്നു. ഒരുപാട് റണ്‍സ് വഴങ്ങിയ ബുമ്രയെ പന്തേല്‍പ്പിക്കുന്ന കാര്യത്തില്‍ ചെറിയൊരു ആശയക്കുഴപ്പമുണ്ടായിരുന്നു. മത്സരത്തിലെ അവസാന ഓവര്‍ നന്നായി എറിഞ്ഞ മുഹമ്മദ് ഷമിയെ വിളിക്കണോ, പന്ത് നന്നായി ഗ്രിപ്പ് ചെയ്യുന്നതിനാല്‍ രവീന്ദ്ര ജഡേജയെ പന്തേല്‍പ്പിക്കണോ എന്നൊരു ആശയക്കുഴപ്പമുണ്ടായിരുന്നു. എന്നാല്‍ യോര്‍ക്കറുകളും സ്ലോ ബോളുകളും എറിയാന്‍ കഴിവുള്ള ബുമ്രയെതന്നെ അവസാന ഓവര്‍ എറിയാനായി തെരഞ്ഞെടുക്കാന്‍ ഒടുവില്‍ തിരുമാനിക്കുകയായിരുന്നു.
എന്നാല്‍ ബാറ്റിംഗില്‍ അങ്ങനെയല്ല. ആരാണോ ആ ദിവസം നന്നായി കളിച്ചത് അവരെ പരീക്ഷിക്കുക എന്നതാണ് സാധാരണ ചെയ്യാറുള്ളത്. അതുകൊണ്ടാണ് ഞാനും രാഹുലും ബാറ്റിംഗിന് ഇറങ്ങിയത്. ഇന്നലെ 60 റണ്‍സടിച്ചില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷെ താനാവില്ലായിരുന്നു സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങുകയെന്നും രോഹിത് പറഞ്ഞു. ശ്രേയസ് അയ്യരോ അതുപോലെ മറ്റാരെങ്കിലുമോ ആയിരുന്നു ബാറ്റിംഗിനായി ഇറങ്ങുകയെന്നും രോഹിത് വ്യക്തമാക്കി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!