ഋഷഭ് പന്തിനെ കളിപ്പിച്ചാല്‍ ആരെ വിക്കറ്റ് കീപ്പറാക്കും:ടീം ഇന്ത്യക്ക് ആശയക്കുഴപ്പം

By Web TeamFirst Published Feb 1, 2020, 10:32 PM IST
Highlights

ഇതിനിടെ ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി വിക്കറ്റ് കാക്കുന്ന സഞ്ജു സാംസണ്‍ അന്തിമ ഇലവനില്‍ കളിച്ചിട്ടും രാഹുല്‍ തന്നെയായിരുന്നു നാലാം ടി20യില്‍ വിക്കറ്റ് കാത്തത്.

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഋഷഭ് പന്തിന് അവസരം നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഇന്ത്യന്‍ ടീം മാനേജ്മെന്റിനെ കുഴക്കുന്നത് മറ്റൊരു ചോദ്യമാണ്. ഋഷഭ് പന്തിനെ അന്തിമ ഇലവനില്‍ കളിപ്പിച്ചാല്‍ വിക്കറ്റിന് പിന്നില്‍ ആരെ നിര്‍ത്തും.  ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ പാറ്റ് കമിന്‍സിന്റെ ബൗണ്‍സര്‍ തലയില്‍ കൊണ്ട് ഋഷഭ് പന്തിന് പരിക്കേറ്റപ്പോള്‍ പകരക്കാരനായി വിക്കറ്റ് കാക്കാനെത്തിയതാണ് കെ എല്‍ രാഹുല്‍. മികച്ച ബാറ്റിംഗും മോശമല്ലത്താത്ത കീപ്പിംഗും കൂടിയായപ്പോള്‍ ഋഷഭ് പന്തിന്റെ കുറവ് ഇന്ത്യ അറിഞ്ഞതേയില്ല.

ഇതിനിടെ ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി വിക്കറ്റ് കാക്കുന്ന സഞ്ജു സാംസണ്‍ അന്തിമ ഇലവനില്‍ കളിച്ചിട്ടും രാഹുല്‍ തന്നെയായിരുന്നു നാലാം ടി20യില്‍ വിക്കറ്റ് കാത്തത്. വിക്കറ്റിന് പിന്നില്‍ പിഴവുകള്‍ വരുത്തിയില്ലെന്ന് മാത്രമല്ല, പരിചയസമ്പന്നനായ വിക്കറ്റ് കീപ്പറോട് അടുത്ത് നില്‍ക്കുന്ന പ്രകടനം രാഹുല്‍ പുറത്തെടുക്കുകയും ചെയ്തു. എന്നാല്‍ പന്ത് അന്തിമ ഇലവനിലെത്തിയാല്‍ ഋഷഭ് പന്തിനെ വിക്കറ്റ് കീപ്പറാക്കും പന്തിന് പിഴക്കുകയും ചെയ്താല്‍ അത് വന്‍ വിമര്‍ശനത്തിന് കാരണമാകും.

സഞ്ജു സാംസണ്‍ മികച്ച ഔട്ട് ഫീല്‍ഡര്‍ കൂടിയാണെന്നതിനാല്‍ സഞ്ജുവിനെ ബാറ്റ്സ്മാനായി ഉള്‍പ്പെടുത്തിയാലും അത് പ്രശ്നമാകില്ല. എന്നാല്‍ ഔട്ട് ഫീല്‍ഡില്‍ സഞ്ജുവിനോളം മികവില്ലാത്ത ഋഷഭ് പന്തിനെ വിക്കറ്റ് കീപ്പറാക്കുന്നതാണ് ഉചിതമായ തീരുമാനം. പന്ത് കീപ്പറായാല്‍ കെ എല്‍ രാഹുല്‍ ഫീല്‍ഡറായി എത്തും. അപ്പോഴും ഇന്ത്യന്‍ ടീം മാനേജ്മെന്റിന് തലവേദനയാകുക വിക്കറ്റിന് പിന്നില്‍ പന്തിന്റെ സ്ഥിരതയില്ലായ്മയായിരിക്കും.

പന്തിനെ കളിപ്പിക്കാത്തതിനെതിരെ സെവാഗ് അടക്കമുള്ള മുന്‍ താരങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ന്യൂസിലന്‍ഡിനെതിരെ അവസാന ടി20ക്ക് ഇറങ്ങുമ്പോള്‍ ആരാകും ഇന്ത്യയുടെ വിക്കറ്റ് കാക്കുക എന്ന ആകാംക്ഷയിലാണിപ്പോള്‍ ആരാധകര്‍.

click me!