ഇന്ത്യക്കെതിരായ പരമ്പര നേട്ടത്തിന് പിന്നാലെ കിവീസിന് തിരിച്ചടി

By Web TeamFirst Published Feb 8, 2020, 8:04 PM IST
Highlights

നിശ്ചിത സമയത്ത് മൂന്ന് ഓവര്‍ കുറച്ചായിരുന്നു ന്യൂസിലന്‍ഡ് ബൗള്‍ ചെയ്തിരുന്നത്. നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാത്ത ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമാനമാണ് പിഴ ശിക്ഷ.

ഓക്‌ലന്‍ഡ്: ഇന്ത്യക്കെതിരായ ടി 20 പരമ്പരയിലെ തോല്‍വിക്ക് ഏകദിന പരമ്പരയില്‍ കണക്കുതീര്‍ത്ത് പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ന്യൂസിലന്‍ഡിന് തിരിച്ചടിയായി പിഴശിക്ഷ. രണ്ടാം ഏകദിനത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ കിവീസിന് മാച്ച് റഫറി ക്രിസ് ബ്രോഡ് മാച്ച് ഫീയുടെ 60 ശതമാനം പിഴ ചുമത്തി.

നിശ്ചിത സമയത്ത് മൂന്ന് ഓവര്‍ കുറച്ചായിരുന്നു ന്യൂസിലന്‍ഡ് ബൗള്‍ ചെയ്തിരുന്നത്. നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാത്ത ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമാനമാണ് പിഴ ശിക്ഷ. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ അവസാന രണ്ട് മത്സരത്തിലും ഏകദിന  പരമ്പരയിലെ ആദ്യ മത്സരത്തിലും കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഇന്ത്യക്ക് പിഴ ശിക്ഷ ലഭിച്ചിരുന്നു.

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ മാച്ച് ഫീയുടെ 80 ശതമാനമാണ് ഇന്ത്യക്ക് പിഴശിക്ഷ ലഭിച്ചത്. ടി20 പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയെങ്കിലും ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് കിവീസ് പരമ്പര സ്വന്തമാക്കി. ക്യാപ്റ്റന്‍ കെയ്ന്‍ വില്യാംസണിന്റെയും ട്രെന്റ് ബോള്‍ട്ടും, ലോക്കി ഫെര്‍ഗൂസനും അടക്കമുള്ള മുന്‍നിര പേസര്‍മാരുടെയും അഭാവത്തിലാണ് നേട്ടമെന്നത് കിവീസ് വിജയത്തിന്റെ തിളക്കം കൂട്ടുന്നു.

കഴിഞ്ഞവര്‍ഷം നടന്ന ഏകദിന ലോകകപ്പിന്റെ സെമിഫൈനലിലും ന്യൂസിലന്‍ഡിനോട് തോറ്റ ഇന്ത്യ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് കിവീസിന് മുന്നില്‍ അടിയറവ് പറയുന്നത്.

click me!