ഒത്തുകളി: പാകിസ്ഥാൻ മുൻതാരത്തിന് പതിനേഴ് മാസം ജയിൽശിക്ഷ

By Web TeamFirst Published Feb 8, 2020, 6:35 PM IST
Highlights

പാകിസ്ഥാൻ സൂപ്പർ ലീഗിലും ബംഗ്ലാദേശ് പ്രീമിയർ ലീഗിലുമാണ് ഒത്തുകളി നടന്നത്

ഇസ്ലാമാബാദ്: ഒത്തുകളിക്ക് പിടിക്കപ്പെട്ട പാകിസ്ഥാൻ മുൻതാരം നാസിർ ജംഷാദിന് പതിനേഴ് മാസം ജയിൽശിക്ഷ. ട്വന്റി 20 മത്സരത്തിൽ ഒത്തുകളിച്ചതിന് നാസിർ ജംഷാദ്, യൂസഫ് അൻവർ, മുഹമ്മദ് ഇജാസ് എന്നിവർ കഴിഞ്ഞ ഫെബ്രുവരിയിലാണ് പൊലീസ് പിടിയിലായത്. യൂസഫും ഇജാസും ഇംഗ്ലണ്ടില്‍ നിന്നുള്ളവരാണ്. മൂവരും നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. 

സൂത്രധാരനായ യൂസഫ് അൻവറിന് മൂന്ന് വ‍ർഷും നാല് മാസവുമാണ് ജയിൽ ശിക്ഷ. ഇജാസ് 30 മാസം ശിക്ഷ അനുഭവിക്കണം. പാകിസ്ഥാൻ സൂപ്പർ ലീഗിലും ബംഗ്ലാദേശ് പ്രീമിയർ ലീഗിലുമാണ് ഒത്തുകളി നടന്നത്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഇസ്ലാമാബാദ് യുണൈറ്റഡും പെഷാവര്‍ സാല്‍മിയും തമ്മിലുള്ള മത്സരത്തില്‍ നാസിർ ജംഷാദ് ഒത്തുകളിച്ചു എന്നാണ് കണ്ടെത്തിയത്. ഒത്തുകളി പിടിക്കപ്പെട്ടപ്പോൾ നാസിർ ജംഷാദിനെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പത്തുവർഷത്തേക്ക് വിലക്കിയിരുന്നു.

പാകിസ്ഥാനായി രണ്ട് ടെസ്റ്റും 48 ഏകദിനങ്ങളും 18 ടി20കളും കളിച്ചിട്ടുണ്ട് മുപ്പതുകാരനായ നാസിര്‍ ജംഷാദ്. ഏകദിനത്തില്‍ 2008ല്‍ സിംബാബ്‌വെക്കെതിരെയും ടെസ്റ്റില്‍ 2013ല്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയും ടി20യില്‍ 2012ല്‍ഓസ്‌ട്രേലിയക്കെതിരെ അരങ്ങേറ്റം കുറിച്ചു. 

click me!