സെക്കന്‍ഡ് ഇന്നിംഗ്സ് സ്റ്റാറായിട്ടും ഷമി മൂന്നോവര്‍ മാത്രമെറിയാനുള്ള കാരണം വ്യക്തമാക്കി ബിസിസിഐ

By Web TeamFirst Published Mar 2, 2020, 7:40 PM IST
Highlights

ഫീല്‍ഡില്‍ ഇറങ്ങുന്നതിന് മുമ്പ് തോളിലെ വേദനയെക്കുറിച്ച് ഷമി കോച്ച് രവി ശാസ്ത്രിയോടും ക്യാപ്റ്റന്‍ വിരാട് കോലിയോടും സംസാരിച്ചിരുന്നു. എന്നാല്‍ നേരിയ വിജയപ്രതീക്ഷയെങ്കിലും നിലനിര്‍ത്താന്‍ തുടക്കത്തിലെ വിക്കറ്റ് വീഴ്ത്തേണ്ടത് അനിവാര്യമായതിനാല്‍ ഷമിയെക്കൊണ്ട് പന്തെറിയിക്കാന്‍ കോലി തീരുമാനിച്ചു.

ക്രൈസ്റ്റ്ചര്‍ച്ച്: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഉയര്‍ത്തിയ 132 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരാനായി ന്യൂസിലന്‍ഡ് ക്രീസിലിറങ്ങിയപ്പോഴും ഇന്ത്യന്‍ ആരാധകര്‍ക്ക് ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ എപ്പോഴും വീറോടെ പന്തെറിയാറുള്ള മുഹമ്മദ് ഷമിയുടെ സാന്നിധ്യമായിരുന്നു ആ പ്രതീക്ഷകള്‍ ജ്വലിപ്പിച്ചത്. എന്നാല്‍ ഇന്ത്യന്‍ ആരാധകരെ നിരാശരാക്കി ഷമി കിവീസിന്റെ രണ്ടാം ഇന്നിംഗ്സില്‍ ആകെ എറിഞ്ഞത് മൂന്നോവര്‍ മാത്രം.

കിവീസ് ഇന്നിംഗ്സിന്റെ അവസാനം ക്യാപ്റ്റന്‍ വിരാട് കോലി വരെ പന്തെടുത്തെങ്കിലും ഷമിക്ക് പന്തെറിയാന്‍ അവസരം ലഭിച്ചില്ല. ഷമിയെക്കൊണ്ട് ബൗള്‍ ചെയ്യിക്കാതിരുന്നത് ആരാധകരെ അമ്പരപ്പിച്ചുവെങ്കിലും ബാറ്റിംഗിനിടെ തോളില്‍ പന്ത് കൊണ്ട് പരിക്കേറ്റതായിരുന്നു ഷമിയുടെ അസാന്നിധ്യത്തിനുള്ള യഥാര്‍ത്ഥ കാരണമെന്ന് ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഫീല്‍ഡില്‍ ഇറങ്ങുന്നതിന് മുമ്പ് തോളിലെ വേദനയെക്കുറിച്ച് ഷമി കോച്ച് രവി ശാസ്ത്രിയോടും ക്യാപ്റ്റന്‍ വിരാട് കോലിയോടും സംസാരിച്ചിരുന്നു. എന്നാല്‍ നേരിയ വിജയപ്രതീക്ഷയെങ്കിലും നിലനിര്‍ത്താന്‍ തുടക്കത്തിലെ വിക്കറ്റ് വീഴ്ത്തേണ്ടത് അനിവാര്യമായതിനാല്‍ ഷമിയെക്കൊണ്ട് പന്തെറിയിക്കാന്‍ കോലി തീരുമാനിച്ചു. മൂന്നോവര്‍ മാത്രമെറിഞ്ഞ ഷമിക്ക് വിക്കറ്റൊന്നും നേടാനായില്ല. ഇതിനിടെ തോളിലെ വേദന കൂടിയതോടെ ലഞ്ചിന് ശേഷമുള്ള സെഷനില്‍ ബുമ്രയും ഉമേഷും ജഡേജയും ചേര്‍ന്നാണ് പന്തെറിഞ്ഞത്. ഷമിയെ പരിശോധനകള്‍ക്ക് വിധേയനാക്കിയെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പരിക്ക് എത്രമാത്രം ഗുരുതരമാണെന്ന് ഇപ്പോഴും വ്യക്തമല്ല.

click me!