
കൊളംബൊ: ഇന്ത്യ-പാകിസ്ഥാന്‍ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തിന്റെ റിസര്‍വ് ഡേയിലും കനത്ത. മത്സരം തുടങ്ങാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ശക്തമായ മഴയെത്തിയത്. മഴയില്‍ ഗ്രൗണ്ട് മൊത്തം മൂടിയിടേണ്ടി വന്നു. ഞായറാഴ്ച്ച നടക്കേണ്ട മത്സരമാണ് മഴയെ തുടര്‍ന്ന് റിസര്‍വ് ദിനമായ ഇന്നത്തേക്ക് മാറ്റിയത്. ഇന്നും മത്സരം നടക്കില്ലെന്നാണ് ക്രിക്കറ്റ് ആരാധകരും പങ്കുവെക്കുന്നത്. ഇന്ന് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യ-പാക് സൂപ്പര്‍ ഫോര്‍ മത്സരം റദ്ദാക്കും. എന്നാല്‍ മഴ മാറിയെന്നുമുള്ള ട്വീറ്റുകളും വരുന്നുണ്ട്.
ഇതിനിടെ ബിസിസിഐ സെക്രട്ടറി ജയ് ഷാക്കെതിരെ ട്രോളുകളും വരുന്നുണ്ട്. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് തിരഞ്ഞെടുത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. ബിസിസിഐയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ഏഷ്യാ കപ്പ് വേദിയായി ശ്രീലങ്കയെ കൂടി തിരഞ്ഞെടുത്തത്. ബംഗ്ലാദേശ്, യുഎഇ എന്നീ വേദികളുള്ളപ്പോഴാണ് ശ്രീലങ്ക തിരഞ്ഞെടുത്തത്. ഇത് രണ്ടാം തവണയാണ് ഇന്ത്യ-പാക് മത്സരത്തില്‍ മഴ കളിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരവും പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. ജയ് ഷാക്കെതിരെ വന്ന ചില ട്രോളുകള്‍ വായിക്കാം...
കൊളംബോയില്‍ രാവിലെ മുതല്‍ കനത്ത മഴയാണ്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കേണ്ടത്. ഇടയ്ക്ക് ആകാശം തെളിഞ്ഞുവെങ്കിലും വീണ്ടും കനത്ത മഴയെത്തി. രാവിലെ മഴയുടെ സാധ്യത 100 ശതമാനമാണ്. ഉച്ചയ്ക്ക് ശേഷം അത് 97 ശതമാനമായി കുറയും. വൈകുന്നേരം 80 ശതമാനം മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ പ്രവചനം. ഈ സാഹചര്യത്തില്‍ മത്സരം പൂര്‍ത്തിയാക്കുക പ്രയാസമായിരിക്കും. കൊളംബോയിലെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റുകള്‍...
ഇന്നലെ മഴയെത്തുമ്പോള്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 24.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് നേടിയിരുന്നു. ഇതിന്റെ ബാക്കിയാണ് ഇന്ന് കളിക്കേണ്ടിയിരുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (56), ശുഭ്മാന്‍ ഗില്‍ (58) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ഇരുവരും ഒന്നാം വിക്കറ്റില്‍ 121 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് പിരിയുന്നത്. ഷദാബ് ഖാനാണ് രോഹിത്തിനെ മടക്കുന്നത്. തൊട്ടടുത്ത ഓവറില്‍ ഗില്ലിനെ ഷഹീന്‍ അഫ്രീദി മടക്കി. വിരാട് കോലി (8), കെ എല്‍ രാഹുല്‍ (17) എന്നിവരാണ് ക്രീസില്‍.
നേരത്തെ, രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് പകരം കെ എല്‍ രാഹുല്‍ ടീമിലെത്തി. മുഹമ്മദ് ഷമിക്കും സ്ഥാനം നഷ്ടമായി. ജസ്പ്രിത് ബുമ്രയാണ് പകരക്കാരന്‍.