അവസരനിഷേധത്തിന്റേയും അനീതിയുടേയും സമയം കഴിഞ്ഞു. കരിയറിന്റെ ഉയര്‍ച്ചയ്ക്ക് കാരണമായ ഓപ്പണിങ് സ്ഥാനം തിരികെ ലഭിച്ചു. എല്ലാ സാഹചര്യവും സഞ്ജുവിന് അനുകൂലമാണ്
ഗുവാഹത്തിയിലേക്ക് കണ്ണുനട്ട എല്ലാ മലയാളികളും തലയില്‍ കൈവെച്ചിട്ടുണ്ടാകണം. സഞ്ജു, നിങ്ങള്‍ എന്താണ് ചെയ്തതെന്ന് മനസില്‍ ഓര്‍ത്തുപോയിട്ടുണ്ടാകും.
വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടിയുമായി ലോകകപ്പിനൊരുങ്ങുന്ന സഞ്ജു, ആ നിമിഷങ്ങള്‍ക്കായി അക്ഷമരായിരുന്നു ഒരു കൂട്ടം. മാറ്റ് ഹെൻറി പന്തുമായി പാഞ്ഞടുത്തു. ക്രീസിലേക്ക് ഒരു ചുവടിറങ്ങി തന്റെ സ്റ്റമ്പുകള്‍ തുറന്നുകൊടുക്കുമ്പോള്‍ ബൗണ്ടറി മാത്രമായിരുന്നിരിക്കണം സഞ്ജു ലക്ഷ്യമിട്ടത്. പക്ഷേ, ഒരുനിമിഷം കൊണ്ട് എല്ലാം അവസാനിച്ചു, ഫ്ലിക്കില്‍ പിഴച്ചപ്പോള്‍ സ്റ്റമ്പ് നിലം പതിച്ചു, ഗോള്‍ഡൻ ഡക്ക്. ഗുവാഹത്തി നിശബ്ദമായി. നിരാശ, നിരാശ മാത്രം.
ഡഗൗട്ടിലേക്ക് തിരികെ മടങ്ങുന്ന സഞ്ജു, ലോകകപ്പ് സ്വപ്നങ്ങളുടെ തിളക്കം നഷ്ടപ്പെട്ടപോലെ. സമ്മര്‍ദത്തെ അതിജീവിക്കാൻ കഴിയാതെ പോകുന്നതാണോ സഞ്ജുവിന്റെ റണ്‍വരള്‍ച്ചയ്ക്ക് കാരണം, അതോ പേസര്‍മാര്‍ ദൗര്‍ബല്യമാകുന്നതോ?
അവസരനിഷേധത്തിന്റേയും അനീതിയുടേയും സമയം കഴിഞ്ഞു. കരിയറിന്റെ ഉയര്‍ച്ചയ്ക്ക് കാരണമായ ഓപ്പണിങ് സ്ഥാനം തിരികെ ലഭിച്ചു. എല്ലാ സാഹചര്യവും അനുകൂലമാണ്, പരിചിതമല്ലാത്ത വിക്കറ്റുകളിലേക്കല്ല ബാറ്റ് ചെയ്യാൻ എത്തുന്നതും. ന്യൂസിലൻഡ് പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഒന്നില്‍പ്പോലും രണ്ട് ഓവറിലധികം ക്രീസില്‍ നിലയുറപ്പിക്കാനായിട്ടില്ല സഞ്ജുവിന്. മറ്റ് ബാറ്റര്‍മാര്‍ക്കെല്ലാം കിവി ബൗളര്‍മാരെ ഡൊമിനേറ്റ് ചെയ്യാൻ സാധിക്കുമ്പോഴാണ് സഞ്ജു അതിവേഗം കീഴടങ്ങുന്നത്. മൂന്ന് പുറത്താകലിന് പിന്നിലും കാരണമായത് ജഡ്‌ജ്മെന്റിലുണ്ടായ പിഴവായിരുന്നുവെന്ന് വിദഗ്‌ദർ ചൂണ്ടിക്കാണിക്കുന്നു.
2025 ജനുവരിയിലെ ഇംഗ്ലണ്ട് പരമ്പര മുതല്‍ മുതല്‍ പരിശോധിച്ചാല്‍ സമാനമായ പാറ്റേണുകളില്‍ പുറത്താകുന്ന സഞ്ജുവിനെ കാണാം. അതും ക്വാളിറ്റി പേസർമാര്‍ക്കെതിരെ. ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും സഞ്ജു പുറത്തായത് ഷോര്‍ട്ട് ബോളില്‍ അല്ലെങ്കില്‍ ഹാര്‍ഡ് ലെങ്തിലാണ്. ആദ്യ മൂന്ന് ട്വന്റി 20യിലും ജോഫ്ര ആര്‍ച്ചറായിരുന്നെങ്കില്‍ മറ്റ് രണ്ട് മത്സരങ്ങളില്‍ സാഖിബ് മഹമ്മൂദും മാര്‍ക്ക് വുഡുമായിരുന്നു. ഷോര്‍ട്ട് ബോള്‍ ട്രാപ്പില്‍ സഞ്ജു നിരന്തരം വീഴുന്നതായിരുന്നു പിന്നീട് കണ്ടതും, അല്ലെങ്കില്‍ അത് കൃത്യമായി പ്രയോഗിക്കാൻ എതിരാളികള്‍ക്ക് കഴിഞ്ഞു.
പേസ് നിരയില്‍ ഹൈ ക്വാളിറ്റി ബൗളര്‍മാരുള്ള സംഘങ്ങളാണ് ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് എന്നിവര്‍. ഈ നാല് ടീമുകളില്‍ സഞ്ജുവിന് മികച്ച റെക്കോര്‍ഡുള്ളത് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ മാത്രമാണ്. ഓസീസിനെതിരെ ശരാശരി 12.5 ആണ്, സ്ട്രൈക്ക് റേറ്റ് 131. ഇംഗ്ലണ്ടിനെതിരെ സ്ട്രൈക്ക് റേറ്റ് 118, ശരാശരി 10.2. ന്യൂസിലൻഡിനെതിരെയാണ് ഏറ്റവും മോശം കണക്കുകള്‍, ശരാശരി കേവലം അഞ്ചിലൊതുങ്ങുമ്പോള്‍ സ്ട്രൈക്ക് റേറ്റ് 113ല്‍ എത്തിനില്‍ക്കുന്നു. മൂന്ന് ടീമിനെതിരെയും ഒരു തവണ പോലും തന്റെ സ്കോര്‍ 30 കടത്താനും കഴിഞ്ഞിട്ടില്ല സഞ്ജുവിന്.
2025 മുതല്‍ ഇതുവരെയുള്ള സഞ്ജുവിന്റെ ഇന്നിങ്സുകള്‍ പരിശോധിച്ചാല്‍ ഒരു അര്‍ദ്ധ സെഞ്ചുറി മാത്രമാണ് നേട്ടം. അതും ഏഷ്യ കപ്പില്‍ ഒമാനെതിരെ. 14 ഇന്നിങ്സുകളില്‍ നിന്ന് 238 റണ്‍സാണ് ആകെ സമ്പാദ്യം. സ്ട്രൈക്ക് റേറ്റ് 126. സഞ്ജു തന്റെ ഫോമിലേക്ക് മടങ്ങിയെത്തിയില്ലെങ്കില്‍ അത് ഇന്ത്യയുടെ ലോകകപ്പ് യാത്ര എളുപ്പമാക്കില്ല. അല്ലെങ്കില്‍ സഞ്ജുവിന്റെ യാത്ര. ഇഷാൻ കിഷൻ എന്ന ഒരു ഓപ്ഷൻ മാനേജ്മെന്റിന് മുന്നിലുണ്ട്. ഇഷാൻ - അഭിഷേക് ശര്‍മ സഖ്യത്തിന് എത്രത്തോളം അപകടം വിതയ്ക്കാൻ കെല്‍പ്പുണ്ടെന്ന് ഗുവാഹത്തിയില്‍ തെളിഞ്ഞതാണ്.
സഞ്ജുവിന്റെ പുറത്താകലിന് ശേഷം ഇരുവരും ക്രീസില്‍ നേരിട്ടത് 19 പന്തുകളാണ്. സ്കോര്‍ബോര്‍ഡിലേക്ക് ചേര്‍ക്കപ്പെട്ടത് 53 റണ്‍സ്. ഇതില്‍ ഒൻപത് പന്തും ബൗണ്ടറികളായിരുന്നു, അഞ്ച് ഫോറും നാല് സിക്‌സും, ബ്രൂട്ടല്‍. എന്നാല്‍, തിലക് വര്‍മ ടീമിലേക്ക് മടങ്ങിയെത്തുന്നതുവരെ സഞ്ജുവിന് സമയം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ന്യൂസിലൻഡ് പരമ്പരയില്‍ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ക്കൂടി സഞ്ജുവിനെ നിലനിര്‍ത്താൻ മാനേജ്മെന്റ് തയാറായേക്കും.
വിശാഖപട്ടണവും തിരുവനന്തപുരവും. ഈ രണ്ട് വേദികളായിരിക്കും സഞ്ജുവിന്റെ കരിയറിനെ പോലും നിര്‍ണയിക്കുക. ടീമിന് മുൻതൂക്കം നല്‍കി ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനും ട്വന്റി 20 സംഘത്തിന്റെ ഉപനായകനുമായിരുന്ന ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കാൻ തയാറായ മാനേജ്മെന്റാണ് ബിസിസിഐ. അതുകൊണ്ട്, ലോകകപ്പ് നഷ്ടപ്പെടാൻ സാധ്യതയുള്ള ഒരു തീരുമാനവും പ്രതീക്ഷിക്കേണ്ടതില്ല. സഞ്ജു തിളങ്ങിയില്ലെങ്കില്‍ സ്വാഭാവികമായും പുറത്തിരിക്കേണ്ടി വന്നേക്കാം.
എല്ലാ അസ്തമയങ്ങള്‍ക്ക് ശേഷവും ഉദയമുണ്ടെന്ന് പറയുന്നതുപോലെ, വിശാഖപട്ടണത്തും തിരുവനന്തപുരത്തും അങ്ങനെയൊന്ന് സംഭവിക്കട്ടെ.


