ബൊളീവിയയുടെ ഹോം ഗ്രൗണ്ടായ ലാ പാസിലാണ് അര്‍ജന്റീന നാളെ ഇറങ്ങുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 3637 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലാപാസിലെ സ്റ്റേഡിയത്തില്‍ കളിക്കുക എതിരാളികള്‍ക്ക് കനത്ത വെല്ലുവിളിയാണ്.
ലാ പാസ്: ബൊളിവിയക്കെതിരായ ലോകകപ്പ് യോഗ്യതാറൗണ്ട് മത്സരത്തിന് ഒരുങ്ങുന്ന അര്‍ജന്റീനയ്ക്ക് ആശ്വാസം. നായകന്‍ ലിയോണല്‍ മെസി ടീമിനൊപ്പം തുടരും. മെസി ബൊളിവിയയിലേക്ക് ടീമിനൊപ്പം യാത്ര ചെയ്യുമെന്ന് കോച്ച് ലിയോണല്‍ സ്‌കലോണി വ്യക്തമാക്കി. ഇക്വഡോറിനെതിരെ വിജയഗോള്‍ നേടിയ മെസി മത്സരം പൂര്‍ത്തിയാക്കിയിരുന്നില്ല. ക്ഷീണം അനുഭവപ്പെട്ട മെസിക്ക് പകരം എസേക്വില്‍ പലാസിയോസ് ഇറങ്ങിയിരുന്നു. മെസിക്ക് പരിക്കില്ലെന്നും ക്ഷീണം മാത്രമേയുള്ളൂവെന്നും സ്‌കലോണി അറിയിച്ചു.
ബൊളീവിയയുടെ ഹോം ഗ്രൗണ്ടായ ലാ പാസിലാണ് അര്‍ജന്റീന നാളെ ഇറങ്ങുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 3637 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലാപാസിലെ സ്റ്റേഡിയത്തില്‍ കളിക്കുക എതിരാളികള്‍ക്ക് കനത്ത വെല്ലുവിളിയാണ്. സമുദ്രനിരപ്പില്‍ നിന്ന് 3000 അടിക്ക് മുകളിലാണ് ലാ പാസ്. ഇത്തരം ഗ്രൗണ്ടുകളില്‍ താരങ്ങള്‍ക്ക് ഇവിടെ ശ്വാസതടസ്സം ഉണ്ടാവുകയ പതിവാണ്. മെസി അടക്കമുള്ള താരങ്ങള്‍ക്ക് മുന്‍പ് ഇത്തരം പ്രയാസങ്ങള്‍ ലാ പാസില്‍ നേരിട്ടിരുന്നു.
അതുകൊണ്ടുതന്നെ മെസി സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ കളിക്കാനിടയില്ല. സന്ദര്‍ശകര്‍ക്ക് ഒട്ടും എളുപ്പമാവില്ല ഇവിടെ കളിക്കാന്‍. പ്രത്യേകിച്ച് പ്രായമേറിയ താരങ്ങള്‍ക്ക്. വെറ്ററന്‍ താരം എയ്ഞ്ചല്‍ ഡി മരിയ, യുവതാരം ജൂലിയന്‍ അല്‍വാരസ് എന്നിവര്‍ ആദ്യ ഇലവനില്‍ കളിക്കുമെന്ന് അര്‍ജന്റൈന്‍ കോച്ച് സ്‌കലോണി വ്യക്തമാക്കി. നിക്കോ ഗോണ്‍സാലസിനും ലാതുറോ മാര്‍ട്ടിനെസിനും വിശ്രമം നല്‍കമെന്നും സ്‌കലോണി പറഞ്ഞു.
ബുധനാഴ്ച്ച പുലര്‍ച്ചെ 1.30നാണ് ബൊളീവിയക്കെതിരായ മത്സരം. ആദ്യ മത്സരത്തില്‍ ഇക്വഡോറിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് അര്‍ജന്റീന. മെസിയുടെ ഫ്രീകിക്ക് ഗോളിന്റെ ബലത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം. 78-ാം മിനിറ്റിലായിരുന്നു മെസിയുടെ ഗോള്‍. മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് മെസിക്ക് പകരക്കാരനെ ഇറക്കിയത്. താന്‍ ആവശ്യപ്പെട്ടിട്ടാണ് പിന്‍വലിച്ചതെന്ന് മെസി പറഞ്ഞിരുന്നു. പരിക്കൊന്നുമില്ലെന്നും ക്ഷീണം അനുഭവപ്പെട്ടതാണെന്നും മെസി പറഞ്ഞിരുന്നു.
