തിരിച്ചടിച്ച് ദക്ഷിണാഫ്രിക്ക, മായങ്ക് പുറത്ത്; ഹിറ്റുമായി ഹിറ്റ്‌മാന്‍ മുന്നോട്ട്

Published : Oct 05, 2019, 11:49 AM ISTUpdated : Oct 05, 2019, 02:39 PM IST
തിരിച്ചടിച്ച് ദക്ഷിണാഫ്രിക്ക, മായങ്ക് പുറത്ത്; ഹിറ്റുമായി ഹിറ്റ്‌മാന്‍ മുന്നോട്ട്

Synopsis

വിശാഖപട്ടണം ടെസ്റ്റില്‍ 71 റണ്‍സ് ലീഡ് നേടി രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ ടീം ഇന്ത്യക്ക് ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ നഷ്ടമായി.

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടെസ്റ്റില്‍ 71 റണ്‍സ് ലീഡ് നേടി രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ ടീം ഇന്ത്യക്ക് ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ നഷ്ടമായി. ആദ്യ ഇന്നിംഗ്‌സിലെ ഇരട്ട സെഞ്ചുറി വീരനായ മായങ്കിനെ ഏഴ് റണ്‍സില്‍ നില്‍ക്കേ കേശവ് മഹാരാജ്, ഫാഫ് ഡുപ്ലസിയുടെ കൈകളിലെത്തിച്ചു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 35-1 എന്ന നിലയിലാണ് ഇന്ത്യ. രോഹിത് ശര്‍മ്മയും(25*) ചേതേശ്വര്‍ പൂജാരയും(2*) ക്രീസില്‍ നില്‍ക്കേ ഇന്ത്യക്കാകെ 106 റണ്‍സ് ലീഡായി. 

അശ്വിന് ഏഴ് വിക്കറ്റ്, ഇന്ത്യക്ക് ലീഡ്

ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 502/7 റൺസ് പിന്തുടര്‍ന്ന സന്ദര്‍ശകര്‍ 431 റണ്‍സില്‍ പുറത്തായി. നാലാം ദിനം എട്ട് വിക്കറ്റിന് 385 റൺസ് എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്‌ക്ക് 46 റണ്‍സ് കൂടിയേ ചേര്‍ക്കാനായുള്ളൂ. ഏഴ് വിക്കറ്റ് വീഴ്‌ത്തിയ ആര്‍ അശ്വിനാണ് ഇന്ത്യക്ക് നിര്‍ണായക ലീഡ് സമ്മാനിച്ചത്. ഒന്‍പത് റണ്‍സെടുത്ത കേശവ് മഹാരാജിനെയും 15 റണ്‍സില്‍ നില്‍ക്കേ കാഗിസോ റബാഡയെയും പുറത്താക്കി അശ്വിന്‍ ഇന്ത്യക്ക് ലീഡ് നേടിക്കൊടുക്കുകയായിരുന്നു. 

പ്രതിരോധം തീര്‍ത്ത സെനൂരന്‍ മുത്തുസ്വാമി 106 പന്തില്‍ 33 റണ്‍സുമായി പുറത്താകാതെ നിന്നു. ഡീൻ എൽഗാറിന്‍റെയും ക്വിന്‍റൺ ഡി കോക്കിന്‍റെയും സെഞ്ചുറിയാണ് തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം സന്ദർശകരെ രക്ഷിച്ചത്. എൽഗാർ 160ഉം ഡി കോക്ക് 111 റൺസുമെടുത്തു. സിക്സർ പറത്തിയാണ് ഇരുവരും സെഞ്ചുറി തികച്ചത്. ക്യാപ്റ്റൻ ഡുപ്ലെസി 55 റൺസെടുത്തു. അശ്വിന്‍റെ ഏഴ് വിക്കറ്റിന് പുറമെ രവീന്ദ്ര ജഡേജ രണ്ടും ഇശാന്ത് ശര്‍മ്മ ഒരു വിക്കറ്റും നേടി. 

രോഹിത്തും മായങ്കും കസറിയ ദിനങ്ങള്‍

ആദ്യ ടെസ്റ്റ് സെഞ്ചുറി ഇരട്ട സെഞ്ചുറിയാക്കിയ മായങ്ക് അഗര്‍വാളും ഓപ്പണറായിറങ്ങിയ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറിയുമായി രോഹിത് ശര്‍മ്മയുമാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്(502/7). ആദ്യ ദിനം രോഹിത്തും രണ്ടാം ദിനം മായങ്കുമായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്‌സിലെ ഹീറോകള്‍. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 317 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രോഹിത് 244 പന്തില്‍ നിന്ന് 23 ഫോറും ആറ് സിക്‌സും സഹിതം 176 റണ്‍സെടുത്തപ്പോള്‍ മായങ്ക് 371 പന്തില്‍ 23 ഫോറും ആറ് സിക്‌സും അടക്കം 215 റണ്‍സ് നേടി. 

എന്നാല്‍ പിന്നീടെത്തിയ സീനിയര്‍ താരങ്ങള്‍ നിരാശപ്പെടുത്തി. ചേതേശ്വര്‍ പൂജാര (6), ക്യാപ്റ്റന്‍ വിരാട് കോലി (20), അജിന്‍ക്യ രഹാനെ (15), ഹനുമ വിഹാരി (10), വൃദ്ധിമാന്‍ സാഹ എന്നിവര്‍ ഫോമിലേക്കുയര്‍ന്നില്ല. രവീന്ദ്ര ജഡേജ (30)യാണ് സ്‌കോര്‍ 500 കടത്താന്‍ സഹായിച്ചത്. ജഡേജയ്‌ക്കൊപ്പം അശ്വിന്‍ (1) പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്‌ക്കായി കേശവ് മഹാരാജ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഗില്ലും അക്ഷറും സുന്ദറും തിളങ്ങി, രോഹിത്തിനും കോലിക്കും നിരാശ, ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യക്ക് ആദ്യ ജയം
റൂട്ടും ഡോസണും രക്ഷകരായി, തകര്‍ച്ചയില്‍ നിന്ന് തിരിച്ചടിച്ച് ഇംഗ്ലണ്ട്, ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ഭേദപ്പെട്ട വിജയലക്ഷ്യം