ഹാര്‍ദിക്കിന് പകരം റിഷഭ് പന്ത്? അല്ലെങ്കില്‍ ദീപക് ചാഹര്‍! കാര്യവട്ടം ടി20യ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍

By Web TeamFirst Published Sep 28, 2022, 8:41 AM IST
Highlights

അഞ്ച് ബൗളര്‍മാരെന്ന കോംബിനേഷനിലേക്ക് ഇന്ത്യക്ക് എത്തേണ്ടിവന്നേക്കാം. അല്ലെങ്കില്‍ അധിക ബൗളിംഗ് ഓള്‍റൗണ്ടറെ കണ്ടെത്തണം. ഹാര്‍ദിക്കിന്റെ സ്ഥാനത്ത് റിഷഭ് പന്ത് ഇടംപിടിച്ചേക്കും.

തിരുവനന്തപുരം: ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്ക് ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തുടക്കമാവുമ്പോള്‍ ഇന്ത്യയെ അലട്ടുന്നത് പ്ലയിംഗ് ഇലവനാണ്. ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, പേസര്‍ ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ വിശ്രമത്തിലായ സാഹചര്യത്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഉള്‍പ്പടെയുള്ള താരങ്ങളാണ് ഇലവനിലെത്താന്‍ മത്സരത്തിലുള്ളത്. പേസര്‍ അര്‍ഷ്ദീപ് സിംഗ് ടീമില്‍ തിരിച്ചെത്തുന്നുവെന്നുള്ളത് ആത്മവിശ്വാസം വര്‍ധിപ്പിക്കും. 

അഞ്ച് ബൗളര്‍മാരെന്ന കോംബിനേഷനിലേക്ക് ഇന്ത്യക്ക് എത്തേണ്ടിവന്നേക്കാം. അല്ലെങ്കില്‍ അധിക ബൗളിംഗ് ഓള്‍റൗണ്ടറെ കണ്ടെത്തണം. ഹാര്‍ദിക്കിന്റെ സ്ഥാനത്ത് റിഷഭ് പന്ത് ഇടംപിടിച്ചേക്കും. ഏഷ്യാ കപ്പില്‍ ഹോങ്കോംഗിനെതിരെ പാണ്ഡ്യക്ക് വിശ്രമം അനുവദിച്ചപ്പോള്‍ റിഷഭായിരുന്നു ഇറങ്ങിയത്. ലോകകപ്പ് ഇലവനിലെത്താന്‍ അങ്ങനെയെങ്കില്‍ പ്രകടനം റിഷഭിന് നിര്‍ണായകമാകും. അതുമല്ലെങ്കില്‍ ദീപക് ചാഹറിനെ പരീക്ഷിക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറായേക്കും. ദീപക് ബൗളിംഗില്‍ മാത്രമല്ല, ബാറ്റിംഗില്‍ ഇന്ത്യക്ക് ഗുണം ചെയ്യും. 

ടി20 ലോകകപ്പ്: സഞ്ജുവിനെ ഉള്‍പ്പെടുത്താത്തതിനെ കുറ്റപ്പെടുത്താനാവില്ല, അവസരങ്ങള്‍ വരും: റോബിന്‍ ഉത്തപ്പ

പേസര്‍ ഭുവനേശ്വര്‍ കുമാറിന് വിശ്രമമായതിനാല്‍ അര്‍ഷ്ദീപ് സിംഗിനും അവസരമൊരുങ്ങും. ഓസീസിനെതിരായ ടി20 പരമ്പരയില്‍ അര്‍ഷ്ദീപിന് വിശ്രമം നല്‍കിയിരുന്നു. ജസ്പ്രീത് ബുമ്ര- അര്‍ഷ്ദീപ് സഖ്യം ആദ്യമായാണ് ഒന്നിക്കുന്നത്. ഓസീസിനെതിര അവസാന മത്സരത്തില്‍ ഹര്‍ഷല്‍ പട്ടേലും ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. മുമ്പ് ഡെത്ത് ഓവറുകളില്‍ തിളങ്ങിയിട്ടുണ്ട് അര്‍ഷ്ദീപ്. ഷഹ്ബാസ് അഹമ്മദിനെ ടീമിലേക്ക് വിളി വന്നെങ്കിലും അരങ്ങേറ്റത്തിന് കാത്തിരിക്കേണ്ടി വരും. ദീപക് ഹൂഡയ്ക്ക് പരിക്കേറ്റപ്പോഴാണ് ഷഹ്ബാസിനെ ടീമിലെടുത്തത്.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, അക്സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുമ്ര.

കാത്തിരിക്കുന്നത് ബാറ്റിംഗ് വിരുന്ന്, കാര്യവട്ടത്ത് റണ്ണൊഴുകും; ആരാധകരെ ത്രസിപ്പിച്ച് പിച്ചിലെ പ്രവചനം
 

click me!