സഞ്ജുവിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിനെ ആരാധകരും ചില മുന്‍താരങ്ങളും രൂക്ഷമായി വിമര്‍ശിച്ചിരുന്നു

കാര്യവട്ടം: ട്വന്‍റി 20 ലോകകപ്പ് ടീമിൽ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്താത്തതിനെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന് ഇന്ത്യന്‍ മുന്‍താരം റോബിന്‍ ഉത്തപ്പ. സഞ്ജുവിന് അവസരങ്ങൾ ലഭിക്കുമെന്നും ഉത്തപ്പ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഫോമിലുള്ള സഞ്ജുവിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിനെ ആരാധകരും ചില മുന്‍താരങ്ങളും രൂക്ഷമായി വിമര്‍ശിക്കുമ്പോഴാണ് താരത്തിന് പ്രചോദനം നല്‍കുന്ന വാക്കുകളുമായി ഉത്തപ്പയുടെ കടന്നുവരവ്. കാര്യവട്ടത്ത് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കുന്ന ആദ്യ ടി20ക്ക് മുന്നോടിയായിരുന്നു ഏഷ്യാനെറ്റ് ന്യൂസിനോട് റോബിന്‍ ഉത്തപ്പയുടെ പ്രതികരണം.

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ ഫൈനലിലെത്തിച്ചിട്ടും ഈവര്‍ഷം മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചിട്ടും ടി20 ലോകകപ്പ് ടീമിൽ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. അടുത്തിടെ വിന്‍ഡീസ്-സിംബാബ്‌വെ പര്യടനങ്ങളിലും മികച്ച പ്രകടനമാണ് സഞ്ജു കാഴ്‌ചവെച്ചത്. സിംബാബ്‌വെക്കെതിരായ രണ്ടാം ഏകദിനത്തില്‍ സഞ്ജു മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയിരുന്നു. എന്നിട്ടും താരത്തെ ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചില്ല. എന്നാല്‍ ഇന്ത്യൻ ടീമിൽ നിന്ന് തഴയുന്നതിനെ പ്രകടനം മെച്ചപ്പെടുത്താനുള്ള അവസരമായാണ് കാണുന്നതെന്നായിരുന്നു സഞ്ജുവിന്‍റെ പ്രതികരണം. കാര്യവട്ടത്ത് മത്സരം നടക്കുമ്പോള്‍ പ്രതിഷേധിക്കരുതെന്ന് ആരാധകരോട് സഞ്ജു ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്. 

ന്യൂസിലന്‍ഡ് എയ്‌ക്കെതിരെ ഇന്ന് അവസാനിച്ച ഏകദിന പരമ്പര സഞ്ജു സാംസണ്‍ നയിച്ച ഇന്ത്യന്‍ എ ടീം തൂത്തുവാരിയപ്പോള്‍ ബാറ്റ് കൊണ്ടും മലയാളി താരം തിളങ്ങിയിരുന്നു. ആദ്യ ഏകദിനത്തില്‍ സഞ്ജു 32 പന്തില്‍ 29* റണ്‍സും രണ്ടാം ഏകദിനത്തില്‍ 35 പന്തില്‍ 37 റണ്‍സും മൂന്നാമത്തെ ഏകദിനത്തില്‍ 68 പന്തില്‍ 54 റണ്‍സും നേടി. മൂന്നാം മത്സരത്തില്‍ ഇന്ത്യയുടെ ടോപ് സ്കോറര്‍ സഞ്ജുവാണ്. പരമ്പരയിലെ ക്യാപ്റ്റന്‍സി-ബാറ്റിംഗ് മികവിന്‍റെ അടിസ്ഥാനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയില്‍ സഞ്ജുവിനെ വൈസ് ക്യാപ്റ്റനാക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. 

രക്ഷകന്‍ സഞ്ജു, 2022ല്‍ ടീം ഇന്ത്യയുടെ ഭാഗ്യതാരമായി മലയാളി; സഞ്ജു രക്ഷിച്ച മത്സരങ്ങള്‍ ഇവ