ടി20യിലെ 'ടെസ്റ്റ് കളി'; മെല്ലെപ്പോക്കില്‍ ഗംഭീറിനെയും മറികടന്ന് പുതിയ റെക്കോര്‍ഡിട്ട് രാഹുല്‍

By Gopala krishnanFirst Published Sep 28, 2022, 10:43 PM IST
Highlights

പവര്‍ പ്ലേയിലെ 36 പന്തുകളില്‍ 26ഉം നേരിട്ടത് രാഹുല്‍ ആയിരുന്നു. നേടിയതാകട്ടെ 11 റണ്‍സും. ഇന്നിംഗ്സിനൊടുവില്‍ സിക്സ് അടിച്ച് ഫിനിഷ് ചെയ്ത് 56 പന്തില്‍ 51 റണ്‍സടിച്ചെങ്കിലും കെ എല്‍ രാഹുല്‍ ഇന്ന് നാണക്കേടിന്‍റെ റെക്കോര്‍ഡും സ്വന്തമാക്കിയാണ് ഗ്രൗണ്ട് വിട്ടത്.

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മൂന്ന് വര്‍ഷത്തെ ഇടവേളക്കുശേഷം രാജ്യാന്തര ക്രിക്കറ്റ് മത്സരമെത്തിയപ്പോള്‍ റണ്‍മഴ പെയ്യുമെന്നാണ് മലയാളികള്‍ പ്രതീക്ഷിച്ചത്. ആഗ്രഹിച്ചപോലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ടോസ് നേടുകയും പ്രതീക്ഷിച്ച പോലെ ബൗളിംഗ് തെരഞ്ഞെടുക്കുകയും ചെയ്തു.

പിന്നാലെ ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ടോപ് ഓര്‍ഡറിനെ അര്‍ഷ്ദീപ് സിംഗും ദീപക് ചാഹറും ചേര്‍ന്ന് പിച്ചിച്ചീന്തിയപ്പോള്‍ കാര്യവട്ടത്ത് തിങ്ങിനിറഞ്ഞ ഗ്യാലറിയും ആവേശത്തിലായി. ഒടുവില്‍ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സ് 106 റണ്‍സില്‍ അവസാനിച്ചപ്പോള്‍ ഇന്ത്യക്ക് ഒരു ഇരയില്ലല്ലോ എന്നായിരുന്നു കാര്യവട്ടത്തെ കാണികളുടെ നിരാശ. എന്നാല്‍ ഇന്ത്യയെ വിറപ്പിച്ചാണ് ദക്ഷിണാഫ്രിക്കന്‍ പേസ് നിര തുടങ്ങിയത്.

ഒരു കയ്യബദ്ധം, നാറ്റിക്കരുത്! ബാറ്റിൽ കൊണ്ട് തൊട്ടടുത്ത് വീണു, ഒന്നോടിയപ്പോൾ പന്ത് വച്ച് കളിച്ചു; ഒടുവിൽ 4 റൺ

കാഗിസോ റബാഡയും വെയ്ന്‍ പാര്‍ണലും ആനന്‍റിച്ച് നോര്‍ക്യയും തകര്‍ത്തെറിഞ്ഞതോടെ ഇന്ത്യ പ്രതിരോധത്തിലായി. പവര്‍ പ്ലേയില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മടങ്ങുകയും പവര്‍പ്ലേയിെല ഭൂരിഭാഗം പന്തുകളും രാഹുല്‍ നേരിടുകയും ചെയ്തതോടെ ഇന്ത്യയുടെ പവര്‍ പ്ലേ സ്കോര്‍ 17 റണ്‍സിലൊതുങ്ങി. പവര്‍ പ്ലേയില്‍ ഇന്ത്യ നേടുന്ന ഏറ്റവും കുറഞ്ഞ സ്കോറാണിത്. പവര്‍ പ്ലേയിലെ 36 പന്തുകളില്‍ 26ഉം നേരിട്ടത് രാഹുല്‍ ആയിരുന്നു. നേടിയതാകട്ടെ 11 റണ്‍സും. ഇന്നിംഗ്സിനൊടുവില്‍ സിക്സ് അടിച്ച് ഫിനിഷ് ചെയ്ത് 56 പന്തില്‍ 51 റണ്‍സടിച്ചെങ്കിലും കെ എല്‍ രാഹുല്‍ ഇന്ന് നാണക്കേടിന്‍റെ റെക്കോര്‍ഡും സ്വന്തമാക്കിയാണ് ഗ്രൗണ്ട് വിട്ടത്.

ഇന്ത്യന്‍ താരത്തിന്‍റെ വേഗം കുറഞ്ഞ ടി20 അര്‍ധസെഞ്ചുറി എന്ന നാണക്കേടിന്‍റെ റെക്കോര്‍ഡാണ് 56 പന്തില്‍ 51 റണ്‍സുമായി പുറത്താകാതെ നിന്ന  രാഹുലിന്‍റെ പേരിലായത്. 54 പന്തില്‍ അര്ർധസെഞ്ചുറി നേടിയിട്ടുള്ള ഗൗതം ഗംഭീറിന്‍റെ റെക്കോര്‍ഡാണ് രാഹുല്‍ ഇന്ന് മറികടന്നത്. രാഹുലും കോലിയും ക്രീസിലുള്ളപ്പോള്‍ സമ്മര്‍ദ്ദത്തിലായിരുന്ന ഇന്ത്യയെ സൂര്യകുമാര്‍ യാദവിന്‍റെ വെടിക്കെട്ട് ഇന്നിംഗ്സാണ് സമ്മര്‍ദ്ദമകറ്റിയത്.

Slowest men's T20I fifty by Indians:

56 balls - KL Rahul v SA, today
54 balls - Gautam Gambhir v AUS, 2012

— Kausthub Gudipati (@kaustats)

സ്ട്രൈക്ക് റേറ്റിന്‍റെ കാര്യത്തില്‍ നേരത്തെ വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്ന രാഹുലിന്‍റെ മറ്റൊരു മെല്ലെപ്പോക്ക് ഇന്നിംഗ്സ് കൂടി ഇനി വിമര്‍ശകര്‍ കീറി മുറിക്കാനിടയുണ്ട്.

സ്വിംഗ് പിച്ചില്‍ കിംഗായി ഇന്ത്യ, ഒടുവില്‍ 'സൂര്യ ഫെസ്റ്റിവല്‍'; കാര്യവട്ടത്ത് 8 വിക്കറ്റ് വിജയം

click me!