Asianet News MalayalamAsianet News Malayalam

സ്വിംഗ് പിച്ചില്‍ കിംഗായി ഇന്ത്യ, ഒടുവില്‍ 'സൂര്യ ഫെസ്റ്റിവല്‍'; കാര്യവട്ടത്ത് 8 വിക്കറ്റ് വിജയം

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ റണ്‍മഴ പ്രതീക്ഷിച്ചെത്തിയ കാണികള്‍ നിരാശരായെങ്കിലും ഇന്ത്യന്‍ പേസര്‍മാരുടെ വിക്കറ്റ് മഴയും പിന്നീട് സൂര്യകുമാര്‍ യാദവിന്‍റെ ബാറ്റിംഗ് വെടിക്കെട്ടും അവര്‍ക്ക് വിരുന്നൊരുക്കി.

India beat South Africa by 8 wickets to take 1-0 lead in the T20 series
Author
First Published Sep 28, 2022, 10:19 PM IST

തിരുവനന്തപുരം: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ എട്ട് വിക്കറ്റിന് വീഴ്ത്തി ഇന്ത്യ ട20 പരമ്പരയില്‍ 1-0ന് മുന്നിലെത്തി. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ തുടക്കത്തിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും വിരാട് കോലിയെും നഷ്ടമായി പതറിയെങ്കിലും അപരാജിത അര്‍ധസെഞ്ചുറികളുമായി കെ എല്‍ രാഹുലും സൂര്യകുമാര്‍ യാദവു ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. സൂര്യകുമാര്‍ യാദവ് 33 പന്തില്‍ റണ്‍സെടുത്തപ്പോള്‍ കെ എല്‍ രാഹുല്‍ 56 പന്തില്‍ 51 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്കോററായി. സ്കോര്‍ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 106-8, ഇന്ത്യ 16.4 ഓവറില്‍ 110-2.

വിക്കറ്റ് മഴക്കൊടുവില്‍ ഇന്ത്യയുടെ വിജയഭേരി

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ റണ്‍മഴ പ്രതീക്ഷിച്ചെത്തിയ കാണികള്‍ നിരാശരായെങ്കിലും ഇന്ത്യന്‍ പേസര്‍മാരുടെ വിക്കറ്റ് മഴയും പിന്നീട് സൂര്യകുമാര്‍ യാദവിന്‍റെ ബാറ്റിംഗ് വെടിക്കെട്ടും അവര്‍ക്ക് വിരുന്നൊരുക്കി. ദക്ഷിണാഫ്രിക്കന്‍ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്ക് തുടക്കം എളുപ്പമായിരുന്നില്ല. പവര്‍ പ്ലേയില്‍ തന്നെ ക്യാപ്റ്റന് രോഹിത് ശര്‍മ(0) പൂജ്യനായി മടങ്ങി. പവര്‍ പ്ലേയില്‍ കെ എല്‍ അമിത ജാഗ്രത പുലര്‍ത്തുകയും വിരാട് കോലിക്ക് നല്ല തുടക്കം കിട്ടാതാകുകയും ചെയ്തതോടെ ഇന്ത്യ പവര്‍ പ്ലേയില്‍ 17 റണ്‍സിലൊതുങ്ങി. പവര്‍ പ്ലേയില്‍ 25 പന്തും നേരിട്ടത് രാഹുലായിരുന്നു.

സൂര്യ വന്നു, ദക്ഷിണാഫ്രിക്കയുടെ പിടി അയഞ്ഞു

പവര്‍ പ്ലേക്ക് പിന്നാലെ കോലി മടങ്ങിയതോടെ ഇന്ത്യ ഒന്ന് പതറിയെങ്കിലും സൂര്യകുമാര്‍ യാദവ് ക്രീസിലെത്തിയതോടെ കളി മാറി. നേരിട്ട രണ്ടാം പന്തില്‍ ആന്‍റിച്ച് നോര്‍ക്യയെ സിക്സിന് പറത്തിയാണ് സൂര്യ തുടങ്ങിയത്. ആദ്യ സിക്സ് എഡ്ജ് ആയിരുന്നെങ്കില്‍ തൊട്ടടുത്ത പന്തില്‍ തന്‍രെ ട്രേഡ് മാര്‍ക്ക് സിക്സിലൂടെ സൂര്യ അടിതുടങ്ങിയതോടെ ദക്ഷിണാഫ്രിക്കയുടെ പിടി അയഞ്ഞു. 33 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സൂര്യ മൂന്ന് സിക്സും അഞ്ച് ഫോറും പറത്തിയപ്പോള്‍ സിക്സര്‍ ഫിനിഷിലൂടെ രാഹുല്‍ അര്‍ധസെഞ്ചുറിയും(56 പന്തില്‍ 51) ഇന്ത്യന്‍ ജയവും പൂര്‍ത്തിയാക്കി.

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ആദ്യ 2.3 ഓവറില്‍ തന്നെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായതോടെ 20 ഓവറില്‍ വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 35 പന്തില്‍ 41 റണ്‍സെടുത്ത കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. മഹാരാജിന് പുറമെ 24 പന്തില്‍ 25 റണ്‍സെടുത്ത ഏയ്ഡന്‍ മാര്‍ക്രവും 37 പന്തില്‍ 24 റണ്‍സെടുത്ത വെയ്ന്‍ പാര്‍ണലും മാത്രമെ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പൊരുതിയെങ്കിലും നോക്കിയുള്ളു. ഇന്ത്യക്കായി അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ദീപക് ചാഹറും ഹര്‍ഷല്‍ പട്ടേലും രണ്ട് വിക്കറ്റ് വീതമെടുത്തു.

Follow Us:
Download App:
  • android
  • ios