പൂജാരയുടെ പ്രതിരോധം തകര്‍ത്ത് ഫിലാന്‍ഡര്‍; 150 കടന്ന് മായങ്ക്

By Web TeamFirst Published Oct 3, 2019, 1:18 PM IST
Highlights

ആറ് റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. പൂജാരയുടെ പ്രതിരോധം തകര്‍ത്ത് ഫിലാന്‍ഡര്‍ ബൗള്‍ഡാക്കുകയായിരുന്നു.

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടം. ആറ് റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. പൂജാരയുടെ പ്രതിരോധം തകര്‍ത്ത് ഫിലാന്‍ഡര്‍ ബൗള്‍ഡാക്കുകയായിരുന്നു. 157 റണ്‍സോടെ മായങ്ക് അഗര്‍വാളും 15 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോലിയുമാണ് ഇപ്പോള്‍ ക്രീസില്‍. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സെന്ന ശക്തമായ നിലയിലാണ്. മായങ്കിന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയാണ് ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയത്.

വിക്കറ്റൊന്നും നഷ്ടപ്പെടാതെ 202 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്കായി രോഹിത്-മായങ്ക് ഓപ്പണിംഗ് സഖ്യം  317 റണ്‍സെടുത്താണ് വേര്‍ പിരിഞ്ഞത്. നൂറിലധികം റണ്‍സ് ആദ്യ സെഷനില്‍ ഇന്ത്യ നേടിയ ശേഷമാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് ബ്രേക്ക് ത്രൂ നേടാനായത്.

രോഹിത്തിന്‍റെ കട്ട ഹീറോയിസം

ടെസ്റ്റ് ഓപ്പണറായുള്ള ആദ്യ ഇന്നിംഗ്‌സില്‍ കട്ട ഹീറോയിസമാണ് ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മ കാട്ടിയത്. ഓപ്പണറായി രോഹിത്തിന് തിളങ്ങാനാകുമോ എന്ന വിമര്‍ശനങ്ങള്‍ക്ക് ബാറ്റുകൊണ്ടുള്ള തകര്‍പ്പന്‍ മറുപടി. 84 പന്തില്‍ അര്‍ധ സെഞ്ചുറി, 154 പന്തില്‍ സെഞ്ചുറി, 224 പന്തില്‍ 150 റണ്‍സ്... എന്നിങ്ങനെയായിരുന്നു രോഹിത്തിന്‍റെ റണ്‍വേട്ട. ആദ്യ ദിനം തന്നെ അഞ്ച് സിക്‌സുകള്‍ ഗാലറിയിലെത്തിച്ച് രോഹിത് ഹിറ്റ്‌മാന്‍ ശൈലി ടെസ്റ്റിലും ഊട്ടിയുറപ്പിച്ചിരുന്നു.

മായങ്ക്- രോഹിത് റെക്കോര്‍ഡ് കൂട്ടുകെട്ട്

വിശാഖപട്ടണത്ത് രോഹിത്തും മായങ്കും ഓപ്പണിംഗില്‍ 317 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ഏത് വിക്കറ്റിലെയും ടീം ഇന്ത്യയുടെ ഉയര്‍ന്ന കൂട്ടുകെട്ടാണിത്. ചെന്നൈയില്‍ 2007/08ല്‍ 268 റണ്‍സ് നേടിയ വീരേന്ദര്‍ സെവാഗ്- രാഹുല്‍ ദ്രാവിഡ് സഖ്യത്തെയാണ് ഇരുവരും മറികടന്നത്. ടെസ്റ്റില്‍ ഇന്ത്യയുടെ ഉയര്‍ന്ന മൂന്നാമത്തെ ഓപ്പണിംഗ് കൂട്ടുകെട്ടുമാണ് ഇന്ന് പിറന്നത്. മായങ്ക് 204 പന്തിലാണ് ആദ്യ ടെസ്റ്റ് ശതകം പൂര്‍ത്തിയാക്കിയത്.

ആദ്യ ദിനം   

തുടക്കത്തിലെ ലഭിച്ച സ്വിങ് മുതലാക്കാന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ക്കാതെ വന്നപ്പോള്‍ രോഹിത് ശര്‍മ്മയും മായങ്ക് അഗര്‍വാളും ഇന്ത്യക്ക് മികച്ച തുടക്കമാണ് ആദ്യദിനം നല്‍കിയത്. സൂപ്പര്‍ പേസര്‍ ഡെയ്‌ല്‍ സ്റ്റെയ്‌ന്‍റെ വിരമിക്കല്‍ ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിനെ ദുര്‍ബലമാക്കി. മഴമൂലം ആദ്യ ദിനം 51.9 ഓവര്‍ മാത്രമാണ് എറിഞ്ഞത്. ആദ്യ ദിനം 202/0 കളി നിര്‍ത്തുമ്പോള്‍ രോഹിത്(115*), മായങ്ക് അഗര്‍വാള്‍(84*) എന്നിങ്ങനെയായിരുന്നു സ്‌കോര്‍.

click me!