
പൂനെ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ന് തുടക്കമാകും. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ രാവിലെ ഒൻപതരയ്ക്കാണ് കളി ആരംഭിക്കുക. മത്സരത്തിൽ ജയിച്ചാൽ മൂന്ന് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റില്‍ 203 റൺസിന്‍റെ മിന്നും വിജയമാണ് വിരാട് കോലിയും സംഘവും പിടിച്ചെടുത്തത്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികവ് കാട്ടിയ ഇന്ത്യ അക്ഷരാര്‍ഥത്തില്‍ ദക്ഷിണാഫ്രിക്കയുടെ സ്വപ്നങ്ങളെ കശക്കിയെറിയുകയായിരുന്നു.
ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ എന്ന നിലയിലുള്ള കോലിയുടെ 50-ാമത്തെ മത്സരത്തിനാണ് പൂനെ സാക്ഷ്യം വഹിക്കുക എന്ന പ്രത്യേകതയും രണ്ടാം ടെസ്റ്റിനുണ്ട്. ഇതുവരെ 49 മത്സരങ്ങളില്‍ നിന്ന് 29 വിജയങ്ങള്‍ സ്വന്തമാക്കാന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ വിജയം നേടിയാല്‍ നാട്ടില്‍ തുടര്‍ച്ചയായ 11-ാം പരമ്പര വിജയവും ഇന്ത്യക്ക് ആഘോഷിക്കാനാകും.
രണ്ടാം ടെസ്റ്റില്‍ തന്നെ വിജയം നേടി പരമ്പര ഉറപ്പിക്കാന്‍ തന്നെയാണ് ഇന്ത്യക്ക് ആഗ്രഹം. അതേസമയം, വിജയമോ സമനിലയോ നേടി പരമ്പരയുടെ ജീവന്‍ നിലനിര്‍ത്താന്‍ ദക്ഷിണാഫ്രിക്കയും ശ്രമിക്കുന്നു. ആദ്യ ടെസ്റ്റിലെ മികച്ച വിജയം പരിഗണിക്കുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.
വിരാട് കോലിക്കൊപ്പം കുല്‍ദീപ് യാദവ് പിച്ച് പരിശോധിക്കാനായി എത്തിയെങ്കിലും ആര്‍ അശ്വിന്‍-രവീന്ദ്ര ജഡേജ കോംബോയെ തന്നെ വിശ്വസിക്കാനാണ് ടീം ഇന്ത്യ താത്പര്യപ്പെടുക. ഇരുവരുടെയും ബാറ്റിംഗ് മികവും നിര്‍ണായകമാണ്. അതേസമയം, ഹനുമാന്‍ വിഹാരിക്ക് പകരം സാഹചര്യങ്ങള്‍ പരിഗണിച്ച് ഒരു ബൗളറെ കൂടി ഉള്‍പ്പെടുത്താനുള്ള നീക്കത്തിനും സാധ്യതയുണ്ട്.
വിശാഖപട്ടണത്ത് വിജയം കണ്ട രോഹിക്-മായങ്ക് അഗര്‍വാള്‍ കൂട്ട് തന്നെയാകും ഓപ്പണിംഗില്‍ ഇന്ത്യയുടെ ശക്തി. ഒപ്പം ചേതേശ്വര്‍ പൂജാരയും വിരാട് കോലിയും അജിങ്ക്യ രഹാനെയും ചേരുമ്പോള്‍ മധ്യനിരയും കരുത്തുറ്റതാകും. ദക്ഷിണാഫ്രിക്കൻ നിരയിലേക്ക് പേസർ ലുഗി എൻഗിഡി തിരിച്ചെത്തും. സ്പിന്നിനെ തുണയ്ക്കുന്ന വിക്കറ്റാണ് പൂനെയിൽ ഒരുക്കിയിരിക്കുന്നത്. മഴയ്ക്ക് നേരിയ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!