ചാഹര്‍-അര്‍ഷ്‌ദീപ് കൊടുങ്കാറ്റ്; കഷ്‌ടി നൂറ് കടന്ന് ദക്ഷിണാഫ്രിക്ക; ഇന്ത്യക്ക് 107 റണ്‍സ് വിജയലക്ഷ്യം

By Gopala krishnanFirst Published Sep 28, 2022, 8:39 PM IST
Highlights

വരാനിരിക്കുന്ന കൊടുങ്കാറ്റിന്‍റെ സൂചന മാത്രമായിരുന്നു അത്. പവര്‍ പ്ലേയിലെ രണ്ടാം ഓവറില്‍ രണ്ടാം പന്തില്‍ തന്നെ അപകടകാരിയായ ക്വിന്‍റണ്‍ ഡീ കോക്കിന്‍റെ(1) സ്റ്റംപിളക്കിയ അര്‍ഷ്ദീപ് അഞ്ചാമത്തെ പന്തില്‍ റോസോയെ(0) വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷയായിരുന്ന ഡേവിഡ് മില്ലറെ ഗോള്‍ഡന്‍ ഡക്കാക്കി അര്‍ഷ്ദീപ് മൂന്നാമത്തെ പ്രഹരവുമേല്‍പ്പിച്ചു.

തിരുവനന്തപുരം: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 107 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ആദ്യ 2.3 ഓവറില്‍ തന്നെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായതോടെ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 35 പന്തില്‍ 41 റണ്‍സെടുത്ത കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. മഹാരാജിന് പുറമെ 24 പന്തില്‍ 25 റണ്‍സെടുത്ത ഏയ്ഡന്‍ മാര്‍ക്രവും 37 പന്തില്‍ 24 റണ്‍സെടുത്ത വെയ്ന്‍ പാര്‍ണലും മാത്രമെ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പൊരുതിയെങ്കിലും നോക്കിയുള്ളു. ഇന്ത്യക്കായി അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ദീപക് ചാഹറും ഹര്‍ഷല്‍ പട്ടേലും രണ്ട് വിക്കറ്റ് വീതമെടുത്തു.

ടോസിലെ ഭാഗ്യം പിന്നെ പേസര്‍മാരുടെ തേരോട്ടം

ദീപക് ചാഹര്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ദക്ഷിണാഫ്രിക്ക വിറച്ചു. വായുവില്‍ പന്ത് അകത്തേക്കും പുറത്തേക്കും സ്വിംഗ് ചെയ്ത ദീപക് ചാഹര്‍ ഓവറിലെ അവസാന പന്തില്‍ മനോഹരമായൊരു ഇന്‍സ്വിംഗറിലൂടെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമയുടെ മിഡില്‍ സ്റ്റംപെടുത്തു. നാലു പന്ത് നേരിട്ട ബാവുമക്ക് അക്കൗണ്ട് തുറക്കാനായില്ല.വരാനിരിക്കുന്ന കൊടുങ്കാറ്റിന്‍റെ സൂചന മാത്രമായിരുന്നു അത്. പവര്‍ പ്ലേയിലെ രണ്ടാം ഓവറില്‍ രണ്ടാം പന്തില്‍ തന്നെ അപകടകാരിയായ ക്വിന്‍റണ്‍ ഡീ കോക്കിന്‍റെ(1) സ്റ്റംപിളക്കിയ അര്‍ഷ്ദീപ് അഞ്ചാമത്തെ പന്തില്‍ റോസോയെ(0) വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷയായിരുന്ന ഡേവിഡ് മില്ലറെ ഗോള്‍ഡന്‍ ഡക്കാക്കി അര്‍ഷ്ദീപ് മൂന്നാമത്തെ പ്രഹരവുമേല്‍പ്പിച്ചു.

5 wickets summed up in 11 seconds. Watch it here 👇👇
Don’t miss the LIVE coverage of the match on pic.twitter.com/jYeogZoqfD

— BCCI (@BCCI)

കൂട്ടത്തകര്‍ക്ക് തടയിടാന്‍ ദക്ഷിണാഫ്രിക്കക്ക് അവിടംകൊണ്ടും കഴിഞ്ഞില്ല. തന്‍റെ രണ്ടാം ഓവറില്‍ ട്രൈസ്റ്റന്‍ സ്റ്റബ്സിനെ കൂടി മടക്കിദീപക് ചാഹര്‍ ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ച വേഗത്തിലാക്കി. കൂടുതല്‍ നഷ്ടങ്ങളില്ലാതെ പവര്‍ പ്ലേ പിന്നിട്ടെങ്കിലും പിന്നാലെ എട്ടാം ഓവറില്‍ ഹര്‍ഷല്‍ പട്ടേല്‍ പൊരുതി നോക്കിയ ഏയ്ഡന്‍ മാര്‍ക്രത്തെ(25) വിക്കറ്റിന് മുന്നില്‍ കുടുക്കി. ഓണ്‍ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ചില്ലെങ്കിലും റിവ്യൂവിലൂടെയാണ് ഇന്ത്യ മാര്‍ക്രത്തെ മടക്കിയത്.

ദേ വന്നു, ദേ പോയി... കാര്യവട്ടത്തെ കൂട്ടത്തകര്‍ച്ച; ദക്ഷിണാഫ്രിക്കക്ക് വമ്പന്‍ നാണക്കേട്

പൊരുതി നോക്കി പാര്‍ണലുംമഹാരാജും

42-6 എന്ന സ്കോറില്‍ നാണക്കേടിന്‍റെ പടുകുഴിയിലായ ദക്ഷിണാഫ്രിക്കക്കായി കേശവ് മഹാരാജും വെയ്ന്‍ പാര്‍ണലും ചേര്‍ന്ന് പിടിച്ചു നിന്ന് പൊരുതി നോക്കി. ഏഴോവറോളം പിടിച്ചു നിന്ന ഇരുവരും ദക്ഷിണാഫ്രിക്കയെ 68 റണ്‍സിലെത്തിച്ചെങ്കിലും അക്സറിനെ സിക്സ് പറത്താന്‍ ക്രീസ് വിട്ടിറങ്ങിയ പാര്‍ണലിനെ(37 പന്തില്‍ 24) സൂര്യകുമാര്‍ ബൗണ്ടറിയില്‍ പറന്നുപിടിച്ചു. കാഗിസോ റബാഡയെ കൂട്ടുപിടിച്ച് അവസാന ഓവറുകളില്‍ കേശവ് മഹാരാജ് നടത്തിയ ചെറുത്തുനില്‍പ്പാണ് ദക്ഷിണാഫ്രിക്കന്‍ സ്കോറിന് കുറച്ചെങ്കിലും മാന്യത നല്‍കിയത്.

കത്തിച്ചുകളഞ്ഞല്ലോ പാവങ്ങളെ; ദീപക് ചാഹറിനും അര്‍ഷ്‌ദീപിനും ആരാധകരുടെ വാഴ്‌ത്തുപാട്ട്

അര്‍ഷ്ദീപ് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ രണ്ട് ഫോറും ഒരു സിക്സും അടിച്ച മഹാരാജ് ദക്ഷിണാഫ്രിക്കയെ 100 കടത്തി. ഇന്ത്യക്കായി ദീപക് ചാഹര്‍ നാലോവറില്‍ 24 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപ് സിംഗ് നാലോവറില്‍ 32 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. അക്സര്‍ നാലോവറില്‍ 16 റണ്‍സിന് ഒരു വിക്കറ്റെടുത്തപ്പോള്‍ ഹര്‍ഷല്‍ പട്ടേല്‍ നാലോവറില്‍ റണ്‍സിന് ഒരു വിക്കറ്റെടുത്തു. നാലോവര്‍ എറിഞ്ഞ അശ്വിന്‍ എട്ട് റണ്‍സ് മാത്രമാണ് വഴങ്ങിയത്.

click me!