വിജയത്തിനരികെ ഇന്ത്യക്ക് തിരിച്ചടിയായി പരിക്ക്; പകരക്കാരനായി യുവതാരം

By Web TeamFirst Published Oct 21, 2019, 10:33 PM IST
Highlights

സാഹയുടെ പരിക്ക് ഗുരുതരമാണോ എന്ന് പരിശോധിച്ചുവരികയാണെന്ന് ടീം ഇന്ത്യ മീഡിയ സെല്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെ വിദഗ്ധ പരിശോധനകള്‍ക്ക് ശേഷമെ പരിക്കിന്റെ ഗൗരവം വ്യക്തമാവു.

റാഞ്ചി: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിംഗ്സ് ജയത്തിന് അരികെ നില്‍ക്കുന്ന ഇന്ത്യക്ക് തിരിച്ചടിയായി വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ പരിക്ക്.മൂന്നാം ടെസ്റ്റിന്റെ അവസാന മണിക്കൂറില്‍ വിരലിന് പരിക്കേറ്റ് സാഹ ഗ്രൗണ്ട് വിട്ടതോടെ പകരക്കാരനായി ഋഷഭ് പന്ത് ആണ് വിക്കറ്റ് കാക്കാനെത്തിയത്. അശ്വിന്റെ പന്തില്‍ ജോര്‍ജ് ലിന്‍ഡെയുടെ കട്ട് ഷോട്ട് കൈവിരലില്‍ തട്ടിയാണ് സാഹയുടെ വലതു കൈയിലെ മോതിരവിരലിന് പരിക്കേറ്റത്.

സാഹയുടെ പരിക്ക് ഗുരുതരമാണോ എന്ന് പരിശോധിച്ചുവരികയാണെന്ന് ടീം ഇന്ത്യ മീഡിയ സെല്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെ വിദഗ്ധ പരിശോധനകള്‍ക്ക് ശേഷമെ പരിക്കിന്റെ ഗൗരവം വ്യക്തമാവു. പൂനെ ടെസ്റ്റിലും വിശാഖപട്ടണത്തും വിക്കറ്റിന് പിന്നില്‍ അസാമാന്യ പ്രകടനം പുറത്തെടുത്ത സാഹയെ ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്ന് ക്യാപ്റ്റന്‍ വിരാട് കോലി വിശേഷിപ്പിച്ചിരുന്നു. തോളിനേറ്റ പരിക്കിനെത്തുടര്‍ന്ന് 20 മാസത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന സാഹ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലൂടെയാണ് വീണ്ടും ടീമില്‍ തിരിച്ചെത്തിയത്.

സാഹ പരിക്കേറ്റ് ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന കാലത്ത് പകരക്കാരന്‍ വിക്കറ്റ് കീപ്പറായി എത്തിയ ഋഷഭ് പന്ത് ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും സെഞ്ചുറി അടിച്ച് തിളങ്ങിയെങ്കിലും പിന്നീട് ബാറ്റിംഗില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതാണ് സാഹയക്ക് വീണ്ടും അവസരമൊരുക്കിയത്.

ടെസ്റ്റില്‍ സബ്സ്റ്റിറ്റ്യൂട്ട് വിക്കറ്റ് കീപ്പറെ ഇറക്കാമെന്ന ഐസിസി നിയമം 2017ല്‍ നിലവില്‍ വന്നശേഷം ഇന്ത്യക്കായി ഒരു ടെസ്റ്റില്‍ ഇറങ്ങുന്ന രണ്ടാമത്തെ സബ്സ്റ്റിറ്റ്യൂട്ട് വിക്കറ്റ് കീപ്പറാണ് ഋഷഭ് പന്ത്. 2018ല്‍ ജൊഹാനസ്ബര്‍ഗില്‍ പാര്‍ഥിവ് പട്ടേലിന് പകരം ദിനേശ് കാര്‍ത്തിക്ക് ഇറങ്ങിയതാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് കീപ്പിംഗ് സബ്സ്റ്റിറ്റ്യൂഷന്‍.

click me!