വിജയം തുടരാന്‍ ടീം ഇന്ത്യ, ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം; യുവതാരങ്ങള്‍ക്ക് നിര്‍ണായകം

By Web TeamFirst Published Jan 10, 2023, 9:54 AM IST
Highlights

കഴിഞ്ഞ വർഷം ഏറ്റവുമധികം റൺസ് നേടിയ ഇന്ത്യൻ താരമാണ് ഗിൽ. അവസാന ഏകദിനത്തിൽ ഇരട്ടസെഞ്ച്വറി നേടി തിളങ്ങിയെങ്കിലും ഇഷാൻ കിഷന് ഇന്ന് അവസരമുണ്ടാകില്ല. കെ.എൽ.രാഹുലിനാകും വിക്കറ്റ് കീപ്പിംഗിന്‍റെ ചുമതല.

ഗുവാഹത്തി: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. ഗുവാഹത്തിയിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ആദ്യമത്സരം. ടി20 പരമ്പരയിലെ ഉജ്വല വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ഹാർദിക്ക് പണ്ഡ്യയുടെ നേതൃത്വത്തിൽ യുവതാരങ്ങളുടെ മികവിലാണ് ഇന്ത്യ ലങ്കയെ മുട്ടുകുത്തിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ,വിരാട് കോലി, കെ.എൽ,രാഹുൽ തുടങ്ങി സീനിയർതാരങ്ങൾ കൂടി കളത്തിലിറങ്ങുന്നതോടെ ഇന്ത്യക്ക് ഇരട്ടിക്കരുത്താകും.

ലോകകപ്പ് വർഷത്തിൽ ഏകദിന ടീമിലെ സ്ഥാനത്തിന് വേണ്ടി യുവതാരങ്ങൾക്ക് ഏറെ വിയർപ്പൊഴുക്കേണ്ടിവരും. രോഹിത്തിനൊപ്പം ശുഭ്മാൻ ഗിൽ ഗുവാഹത്തിയിൽ ഓപ്പണറായി എത്തുമെന്നുറപ്പാണ്. കഴിഞ്ഞ വർഷം ഏറ്റവുമധികം റൺസ് നേടിയ യുവതാരങ്ങളിലൊരാളാണ് ഗിൽ. ബംഗ്ലാദേശിനെിരായ അവസാന ഏകദിനത്തിൽ ഇരട്ടസെഞ്ച്വറി നേടി തിളങ്ങിയെങ്കിലും ഇഷാൻ കിഷന് ഇന്ന് ഓപ്പണറായി അവസരമുണ്ടാകില്ല. കെ.എൽ.രാഹുലിനാകും വിക്കറ്റ് കീപ്പിംഗിന്‍റെ ചുമതല.

ലങ്കയ്ക്ക് എതിരായ ആദ്യ ഏകദിനം; സഹ ഓപ്പണറെ പ്രഖ്യാപിച്ച് രോഹിത് ശര്‍മ്മ, സൂപ്പര്‍ ഹീറോ പുറത്തിരിക്കണം!

വെടിക്കെട്ട് ബാറ്റിംഗ് തുടരുന്ന സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ എന്നിവരിലൊരാളും ടീമിലെത്തും. ബൗളിംഗിൽ മുഹമ്മദ് ഷമി,സിറാജ് എന്നിവരുള്ളതിനാൽ ടി20 പരമ്പരയിൽ കളിച്ച അർഷ്ദീപിനോ ഉമ്രാൻ മാലിക്കിനോ പുറത്തിരിക്കേണ്ടിവരും. 2020ന് ശേഷം ഇന്ത്യയിൽ നടന്ന 12 ഏകദിനങ്ങളിൽ ഒമ്പതിലും ജയിച്ച ആത്മവിശ്വാസവുമുണ്ട് ഇന്ത്യക്ക്.

ഏകദിനഫോർമാറ്റിൽ കഴിഞ്ഞ വർഷം തിരിച്ചുവരവിന്‍റെ പാതയിലാണ് ലങ്കൻ ടീമും. അവസാന 10 കളിയിൽ ആറിലും ജയിക്കാനായി. എന്നാല്‍ ഈ ജയങ്ങളില്‍ കൂടുതലും ദുര്‍ബലരായ സിംബാബ്‌വെക്കും ബംഗ്ലാദേശിനുമെതിരെ ആയിരുന്നെങ്കിലും ഓസ്ട്രേലിയക്കെതിരെ നാട്ടില്‍ നേടിയ പരമ്പര ജയവും ഇതില്‍ ഉള്‍പ്പെടുന്നു. അതുകൊണ്ടുതന്നെ ലങ്കന്‍ കരുത്തിനെ വിലകുറച്ചു കാണാന്‍ ഇന്ത്യക്കാവില്ല. ഇന്ത്യക്കെതിരെ ടി20 യിൽ ഉജ്വല റെക്കോർഡുള്ള ക്യാപ്റ്റൻ ദാസുൻ ഷനകയ്ക്ക് ഏകദിനത്തിലും കരുത്ത് തെളിയിക്കേണ്ടതുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നാട്ടില്‍ 12 ഏകദിനങ്ങളില്‍ മാത്രമാണ് ഇന്ത്യ കളിച്ചത്. ഇതില്‍ ഒമ്പതെണ്ണത്തിലും ജയിച്ചു. മത്സരത്തിന് മഴ ഭീഷണിയില്ലെന്നതും ആശ്വാസം.

click me!