കോലിയും രോഹിത്തും ഫോമില്‍, ഈഡന്‍ ഗാര്‍ഡന്‍സിലും റണ്ണൊഴുകുമോ? പിച്ച് റിപ്പോര്‍ട്ട്

By Web TeamFirst Published Jan 11, 2023, 5:03 PM IST
Highlights

ഈഡന്‍ ഗാര്‍ഡന്‍സ് പൊതുവെ ബാറ്റിംഗ് സൗഹാര്‍ദമുള്ള വിക്കറ്റാണ്, ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനത്തില്‍ എന്ത് സംഭവിക്കും?

കൊല്‍ക്കത്ത: ശ്രീലങ്കയ്ക്കെതിരെ ട്വന്‍റി 20 പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കാന്‍ ടീം ഇന്ത്യ നാളെ ഇറങ്ങുകയാണ്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തിന് മുമ്പ് ഇന്ത്യന്‍ ടീമിന് വലിയ പ്രതീക്ഷ നല്‍കുന്നത് ടോപ് ഓര്‍ഡറിന്‍റെ ബാറ്റിംഗ് ഫോമാണ്. രോഹിത് ശര്‍മ്മ, ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി എന്നിവര്‍ ഫോം തുടര്‍ന്നാല്‍ പടുകൂറ്റന്‍ സ്കോര്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ആരാധകര്‍ പ്രതീക്ഷിക്കുന്നു. ഇരു ടീമുകളും 300ലധികം റണ്ണടിച്ച ഗുവാഹത്തിയിലെ പോലെ ബാറ്റിംഗ് ട്രാക്കായിരിക്കുമോ ഈഡനില്‍. 

ഈഡന്‍ ഗാര്‍ഡന്‍സ് പൊതുവെ ബാറ്റിംഗ് സൗഹാര്‍ദമുള്ള വിക്കറ്റാണ്. ബാറ്റര്‍മാരെയും ബൗളര്‍മാരേയും ഒരുപോലെ പിന്തുണയ്ക്കുന്ന സ്വഭാവം അടുത്തിടെ ഈഡന്‍ കാണിക്കുന്നുണ്ട്. ആദ്യ ഇന്നിംഗ്‌സിലെ ശരാശരി സ്കോര്‍ 245 ആണിവിടെ. ഇന്നിംഗ്‌സിന്‍റെ തുടക്കത്തില്‍ പേസര്‍മാര്‍ക്ക് കുറച്ച് മുന്‍തൂക്കം ലഭിക്കാനിടയുണ്ട്. എങ്കിലും ബാറ്റര്‍മാര്‍ക്ക് ഗുണകരമാകുന്ന വിക്കറ്റായിരിക്കും ഇവിടെ എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊല്‍ക്കത്തയില്‍ ഉച്ചകഴിഞ്ഞ് 1.30നാണ് മത്സരം തുടങ്ങുന്നത്. ആദ്യ ഏകദിനത്തില്‍ ഇന്ത്യ 67 റണ്‍സിന്‍റെ മികച്ച ജയം നേടിയപ്പോള്‍ ഇരു ടീമുകളും 300ലേറെ സ്കോര്‍ പടുത്തുയര്‍ത്തി. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 373 റണ്‍സെടുത്തപ്പോള്‍ 45-ാം ഏകദിന സെഞ്ചുറി കണ്ടെത്തിയ വിരാട് കോലി 87 പന്തില്‍ 113 റണ്‍സുമായി ടോപ് സ്‌കോററായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 67 പന്തില്‍ 83 ഉം സഹ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ 60 പന്തില്‍ 70 ഉം റണ്‍സ് കണ്ടെത്തി. ഇതോടെ ഇന്ത്യയുടെ ടോപ് ത്രീ ബാറ്റര്‍മാരുടെ കാര്യത്തില്‍ യാതൊരു ആശങ്കയുമില്ല. ശ്രേയസ് അയ്യര്‍(28), കെ എല്‍ രാഹുല്‍(39), ഹാര്‍ദിക് പാണ്ഡ്യ(14), അക്‌സര്‍ പട്ടേല്‍(9) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോര്‍. മുഹമ്മദ് ഷമി നാലും മുഹമ്മദ് സിറാജ് ഏഴും റണ്‍സുമായി പുറത്താവാതെ നിന്നു. 

മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ ദാസുന്‍ ശനകയുടെ സെഞ്ചുറി പോരാട്ടത്തിലും ലങ്കയെ 50 ഓവറില്‍ എട്ട് വിക്കറ്റിന് 306 റണ്‍സില്‍ ഒതുക്കി ഇന്ത്യന്‍ ബൗളര്‍മാര്‍. ശനക 88 പന്തില്‍ 108 റണ്‍സ് നേടി. പാതും നിസങ്ക(72), ധനഞ്ജയ ഡിസില്‍വ(47) എന്നിങ്ങനെയാണ് മറ്റ് രണ്ട് ഉയര്‍ന്ന സ്കോറുകാര്‍. മത്സരത്തില്‍ ഇന്ത്യ 67 റണ്‍സിന്‍റെ വിജയവുമായി മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിലെത്തി. ഉമ്രാന്‍ മാലിക് മൂന്നും മുഹമ്മദ് സിറാജ് രണ്ടും മുഹമ്മദ് ഷമിയും ഹാര്‍ദിക് പാണ്ഡ്യയും യുസ്‌വേന്ദ്ര ചാഹലും ഓരോ വിക്കറ്റും നേടി. 

ഈഡന്‍ ഗാര്‍ഡന്‍സില്‍ നാളെ പരമ്പര ജയത്തിന് ടീം ഇന്ത്യ; സാധ്യതാ ഇലവന്‍, വരുമോ ബൗളിംഗ് മാറ്റം 


 

click me!