വെള്ളിയാഴ്ച റായ്പൂരിൽ നടന്ന മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.

റായ്പൂര്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ തകര്‍പ്പന്‍ ഫോമിലാണ് ഇന്ത്യ. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-0ന് മുന്നിലാണ് ഇന്ത്യ. വെള്ളിയാഴ്ച റായ്പൂരിൽ നടന്ന മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഫോമിലേക്ക് മടങ്ങിയെത്തിയ മത്സരം കൂടിയായിരുന്നു ഇത്. അതിന് ശേഷം അദ്ദേഹം ഒരു സുപ്രധാന വെളിപ്പെടുത്തലും നടത്തി.

താൻ ഫോമിലേക്ക് തിരിച്ചുവരാൻ കാരണം ഭാര്യ ദേവിഷ ഷെട്ടിയാണെന്നാണ് സൂര്യ പറയുന്നത്. സൂര്യ പറഞ്ഞത് ഇങ്ങനെയാണ്. സമയമെടുത്ത് കളിക്കാൻ അവർ എന്നോട് എപ്പോഴും പറയും. അവർ എന്നെ വളരെ അടുത്തുനിന്ന് നിരീക്ഷിക്കും. അതുകൊണ്ട് അവർക്ക് എൻ്റെ മനസ്സ് അറിയാം. ഞാൻ അവരുടെ ഉപദേശം അനുസരിച്ച് ശ്രദ്ധയോടെ കളിച്ചു. എൻ്റെ ഇന്നിംഗ്‌സിൽ കുറച്ച് സമയമെടുക്കാൻ ഞാൻ തീരുമാനിച്ചു. കഴിഞ്ഞ മത്സരത്തിലും ഈ മത്സരത്തിലും ഞാൻ അതുതന്നെയാണ് ചെയ്തതെന്ന് സൂര്യകുമാർ യാദവ് പറഞ്ഞു. 

നെറ്റ്സിൽ എത്ര നന്നായി പരിശീലിച്ചാലും അത് മത്സരത്തിൽ കളിക്കുന്നത് പോലെയല്ല. മത്സരത്തിൽ റൺസ് നേടുന്നത് വരെ ആത്മവിശ്വാസം വരില്ല. എനിക്ക് രണ്ടുമൂന്ന് ദിവസം സമയം കിട്ടി. ഞാൻ വീട്ടിൽ വന്നു. സോഷ്യൽ മീഡിയയിൽ നിന്ന് പൂർണ്ണമായും വിട്ടുനിന്നു. കഴിഞ്ഞ മൂന്നാഴ്ചയായി നന്നായി പരിശീലിച്ചിരുന്നു എന്നും സൂര്യകുമാർ യാദവ് പറഞ്ഞു.

റായ്പൂര്‍, വീര്‍ നാരായണ്‍ സിംഗ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഏഴ് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 209 റണ്‍സ് വിജലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 15.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇഷാന്‍ കിഷാന്‍ (29 പന്തില്‍ 76), സൂര്യകുമാര്‍ യാദവ് (37 പന്തില്‍ പുറത്താവാതെ 82) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യക്ക് അനയാസ വിജയം സമ്മാനിച്ചത്. ശിവം ദുബെ 18 പന്തില്‍ 36 റണ്‍സെടത്തു. മലയാളി താരം സഞ്ജു സാംസണ്‍ (6) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി.

YouTube video player