
കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്തു. 42 പന്തില‍്‍ 40 റണ്ഡസെടുത്ത ക്യാപ്റ്റൻ ശിഖർ ധവാനാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
ആളെ തികക്കാൻ പാടുപെട്ട് ഇന്ത്യ
ക്രുനാൽ പാണ്ഡ്യക്ക് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് എട്ട് കളിക്കാർ ഐസോലേഷനിലായതോടെ ബാറ്റ്സ്മാൻമാരെ തികക്കാൻ പാടുപെട്ട ഇന്ത്യ അഞ്ച് സ്പെഷലിസ്റ്റ് ബാറ്റ്സ്മാൻമാരുമായാണ് ബാറ്റിംഗിനിറങ്ങിയത്. റിതുരാജ് ഗെയ്ക്വാദും ക്യാപ്റ്റൻ ശീഖർ ധവാനും ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും ചേർന്ന് ഏഴോവറിൽ 49 റൺസടിച്ചു. ഗെയ്ക്വാദിനെ(21) ഷനക മടക്കിയതിന് പിന്നാലെ ക്രീസിലെത്തിയ മലയാളി താരം ദേവ്ദത്ത് പട്ടിക്കൽ അരങ്ങേറ്റം മോശമാക്കിയില്ല. 23 പന്തിൽ 29 റൺസുമായി പടിക്കൽ തിളങ്ങി.
നിരാശപ്പെടുത്തി സഞ്ജു
സ്ലോ പിച്ചിൽ ഇഴഞ്ഞു നീങ്ങിയ ശിഖർ ധവാൻ 42 പന്തിൽ 40 റൺസുമായി മടങ്ങിയശേഷം വന്നവർക്ക് ആർക്കും ക്രീസിൽ നിലയുറപ്പിക്കാനായില്ല. മലയാളി താരം സഞ്ജു സാംസൺ 13 പന്തിൽ ഏഴ് റൺസെടുത്ത് പുറത്തായി നിരാശപ്പെടുത്തിയപ്പോൾ നിതീഷ് റാണ 12 പന്തിൽ ഒമ്പത് റൺസെടുത്ത് അവസാന ഓവറിൽ മടങ്ങി. 11 പന്തിൽ 13 റൺസെടുത്ത ഭുവനേശ്വർ കുമാർ പുറത്താകാതെ നിന്നു.
ശ്രീലങ്കക്കായി അഖില ധനഞ്ജയ രണ്ടും ഹസരങ്ക ഷനക, ചമീര എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!