ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 43.5 ഓവറില്‍ 176ന് പുറത്തായി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 28 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി.
അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ (INDvWI) ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ജയം. അഹമ്മബാദില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 43.5 ഓവറില്‍ 176ന് പുറത്തായി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 28 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ്് സ്‌കോറര്‍. യൂസ്‌വേന്ദ്ര ചാഹലിന്റെ നാല് വിക്കറ്റ് പ്രകടനവും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.
സ്‌കോര്‍ പിന്തുടരുമ്പോള്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക ലഭിച്ചത്. പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ഒന്നാം വിക്കറ്റില്‍ 84 റണ്‍സാണ് നേടിയത്. 60 റണ്‍സ് നേടിയ രോഹിത്താണ് ആദ്യം പുറത്തായത്. അല്‍സാരി ജോസഫിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ക്യാപ്റ്റന്‍. പത്ത് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഇന്നിംഗ്‌സ്. ക്യാപ്റ്റന്‍സി ഭാരമില്ലാതെയെത്തിയ കോലി ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. 8 റണ്‍സ് മാത്രമെടുത്ത കോലിയെ അല്‍സാറി തന്നെയാണ് മടക്കിയത്. കിഷനും (28) റിഷഭ് പന്തും (11) അടുത്തടുത്ത ഓവറുകളില്‍ വിക്കറ്റ് കളഞ്ഞു. കിഷനെ അകെയ്ല്‍ ഹൊസൈന്‍ മടക്കിയപ്പോള്‍ പന്ത് റണ്ണൗട്ടാവുകയായിരുന്നു. കൂടുതല്‍ വിക്കറ്റുകള്‍ കളയാതെ സൂര്യകുമാര്‍ യാദവും (34), ദീപക് ഹൂഡയും (26) വിജയം പൂര്‍ത്തിയാക്കി.
നേരത്തെ ജേസണ്‍ ഹോള്‍ഡര്‍മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്നത്. ഇന്ത്യക്കായി യുസ്വേന്ദ്ര ചാഹലിന്റെ നാല് വിക്കറ്റ് പ്രകടനാണ് വിന്‍ഡീസിനെ തകര്‍ത്തത്. വാഷിംഗ്ടണ്‍ സുന്ദര്‍ മൂന്നും പ്രസിദ്ധ് കൃഷ്ണ രണ്ടും വിക്കറ്റെടുത്തു. മൂന്നാം ഓവറില്‍ തന്നെ വിന്‍ഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. എട്ട് റണ്‍സെടുത്ത ഷായ് ഹോപ്പിനെ മുഹമ്മദ് സിറാജ് ബൗള്‍ഡാക്കിയതോടെ വിന്‍ഡീസിന്റെ തകര്‍ച്ചയും തുടങ്ങി. രണ്ടാം വിക്കറ്റില്‍ ബ്രാണ്ടന്‍ കിംഗും(13), ഡാരന്‍ ബ്രാവോയും(18) പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ബ്രാണ്ടന്‍ കിംഗിനെയും ഡാരന്‍ ബ്രാവോയെയും മടക്കി വാഷിംഗ്ടണ്‍ സുന്ദര്‍ വിന്‍ഡീസ് പ്രതിരോധം തകര്‍ത്തു. സുന്ദര്‍ വെട്ടിയവഴിയിലൂടെ വിന്‍ഡീസിന്റെ നടുവൊടിച്ചത് യുസ്വേന്ദ്ര ചാഹലായിരുന്നു. ഷമ്രാ ബ്രൂക്‌സിനെ(12) റിഷഭ് പന്തിന്റെ കൈകളിലെത്തിച്ച ചാഹല്‍ നിക്കോളാസ് പുരാനെ(18) വിക്കറ്റിന് മുന്നില്‍ കുടുക്കി.
ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡിനെ നേരിട്ട ആദ്യ പന്തില്‍ മടക്കിയ ചാഹല്‍ നടുവൊടിച്ചതോടെ 79-7ലേക്ക് വിന്‍ഡീസ് കൂപ്പുകുത്തി. എന്നാല്‍ എട്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജേസണ്‍ ഹോള്‍ഡറും ഫാബിയന്‍ അലനും ചേര്‍ന്ന് 78 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി വിന്‍ഡീസിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. 58 പന്തില്‍ ഹോള്‍ഡര്‍ അര്‍ധസെഞ്ചുറിയിലെത്തിയതിന് പിന്നാലെ ഫാബിയന്‍ അലനെ(29) സ്വന്തം ബൗളിംഗില്‍ പിടികൂടി സുന്ദര്‍ വിന്‍ഡീസിന്റെ ചെറുത്തുനില്‍പ്പ് അവസാനിപ്പിച്ചു. വിന്‍ഡീസിന്റെ അവസാന പ്രതീക്ഷയായ ഹോള്‍ഡറെ(57) പ്രസിദ്ധ് കൃഷ് റിഷഭ് പന്തിന്റെ കൈകളിലെത്തിച്ചതോടെ അവരുടെ അവസാന പ്രതിരോധവും തകര്‍ന്നു.
ചാഹലിനെ സിക്‌സിന് പറത്തിയ അല്‍സാരി ജോസഫ് അവസാന വെടിക്കെട്ടിന് തിരികൊളുത്തിയെങ്കിലും ചാഹല്‍ തന്നെ അത് തല്ലിക്കെടുത്തിയതോടെ വിന്‍ഡീസ് ഇന്നിംഗ്‌സ് 176 റണ്‍സിലൊതുക്കി.
