IND vs WI : 4/12! വരവറിയിച്ച ബൗളിംഗ് പ്രകടനം; പ്രസിദ്ധ് കൃഷ്‌ണ റെക്കോര്‍ഡ് ബുക്കില്‍

Published : Feb 10, 2022, 12:08 PM ISTUpdated : Feb 10, 2022, 12:13 PM IST
IND vs WI : 4/12! വരവറിയിച്ച ബൗളിംഗ് പ്രകടനം; പ്രസിദ്ധ് കൃഷ്‌ണ റെക്കോര്‍ഡ് ബുക്കില്‍

Synopsis

ഒമ്പതോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു

അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ (India vs West Indies 2nd ODI) ടീം ഇന്ത്യയുടെ വിജയശില്‍പിയായത് പേസര്‍ പ്രസിദ്ധ് കൃഷ്‌ണയാണ് (Prasidh Krishna). ഒന്‍പത് ഓവര്‍ പന്തെറിഞ്ഞ പ്രസിദ്ധ് 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്‌‌ത്തുകയായിരുന്നു. ജസ്‌പ്രീത് ബുമ്ര (Jasprit Bumrah, മുഹമ്മദ് ഷമി (Mohammed Shami), ഭുവനേശ്വര്‍ കുമാര്‍ (Bhuvneshwar Kumar) എന്നീ വമ്പന്‍മാരുടെ അഭാവത്തിലും വിന്‍ഡീസിനെ വിറപ്പിക്കുകയായിരുന്നു 25കാരനായ പ്രസിദ്ധ്. ഇതോടെ ഇന്ത്യന്‍ താരങ്ങളില്‍ ഒരു നാഴികക്കല്ലിലെത്താന്‍ താരത്തിനായി. 

ഏകദിനത്തില്‍ ഇന്ത്യന്‍ പേസര്‍മാരുടെ ഏറ്റവും മികച്ച മൂന്നാമത്തെ നാലോ അതിലധികമോ വിക്കറ്റ് പ്രകടനമാണ് പ്രസിദ്ധ് കൃഷ്‌ണ കാഴ്‌ചവെച്ചത്. 2014ല്‍ മിര്‍പൂരില്‍ ബംഗ്ലാദേശിനെതിരെ നാല് റണ്‍സ് മാത്രം വിട്ടുനല്‍കി ആറ് വിക്കറ്റ് വീഴ്‌ത്തിയ സ്റ്റുവര്‍ട്ട് ബിന്നിയാണ് പട്ടികയില്‍ ഒന്നാമന്‍. 4.4 ഓവറില്‍ രണ്ട് മെയ്‌ഡനുകളോടെയായിരുന്നു ബിന്നിയുടെ വിസ്‌മയ ബൗളിംഗ്. 2013ല്‍ പോര്‍ട്ട് ഓഫ് സ്‌പെയ്‌നില്‍ ഭുവനേശ്വര്‍ കുമാര്‍ ശ്രീലങ്കയുടെ നാല് വിക്കറ്റുകള്‍ എട്ട് റണ്‍സ് മാത്രം വഴങ്ങി കൊയ്‌തതാണ് രണ്ടാമത്തെ മികച്ച പ്രകടനം. 12 റണ്‍സിന് നാല് വിക്കറ്റുമായി പ്രസിദ്ധ് കൃഷ്‌ണ മൂന്നാമത് നില്‍ക്കുന്നു. പ്രസിദ്ധിന്‍റെ 9ല്‍ മൂന്ന് ഓവറുകള്‍ മെയ്‌ഡനായിരുന്നു. 

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനം 44 റണ്‍സിന് വിജയിച്ച് ടീം ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 46 ഓവറില്‍ 193 റണ്‍സിന് ഓള്‍ഔട്ടായി. ഒമ്പതോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. സ്കോര്‍: ഇന്ത്യ- 50 ഓവറില്‍ 237-9, വെസ്റ്റ് ഇന്‍ഡീസ്- 46 ഓവറില്‍ 193ന് ഓള്‍ ഔട്ട്. ഏകദിന ക്യാപ്റ്റനെന്ന നിലയില്‍ അരങ്ങേറ്റം കുറിച്ച രോഹിത് ശര്‍മ്മക്ക് ആദ്യ പരമ്പരയില്‍ വിജയത്തുടക്കമിടാനായി എന്ന സവിശേഷതയുമുണ്ട്. അവസാന ഏകദിനം വെള്ളിയാഴ്‌ച അഹമ്മദാബാദില്‍ നടക്കും. 

IND vs WI : 'ധീരമായ നീക്കം'; രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിക്ക് ദിനേശ് കാര്‍ത്തിക്കിന്‍റെ കയ്യടി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അവന്‍ കതകില്‍ മുട്ടുകയല്ല, തകര്‍ക്കുകയാണ്'; സര്‍ഫറാസ് ഖാനെ സിഎസ്‌കെ പ്ലേയിംഗ് ഇലവനില്‍ വേണമെന്ന് അശ്വിന്‍
'പീപ്പിള്‍സ് ചാമ്പ്യൻ', ക്രിക്കറ്റിനപ്പുറമായിരുന്നു ഖവാജ; വംശീയ ആക്രമണങ്ങളോട് പൊരുതിയ കരിയർ