ഒഡീന്‍ സ്‌മിത്തിനെ പുറത്താക്കി രോഹിത്തിന്‍റെ വിശ്വാസം കാക്കുകയും ചെയ്തു വാഷിംഗ്‌ടണ്‍ സുന്ദര്‍
അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ (India vs West Indies 2nd ODI) മികച്ച നിലയില്‍ ഒഡീന്‍ സ്‌മിത്ത് (Odean Smith) കളിക്കവെ വാഷിംഗ്‌ടണ്‍ സുന്ദറിനെ (Washington Sundar) ബൗളിംഗ് ഏല്‍പിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ (Rohit Sharma) പ്രശംസിച്ച് ദിനേശ് കാര്‍ത്തിക് (Dinesh Karthik). ജയിക്കാന്‍ വിന്‍ഡീസിന് 36 പന്തില്‍ 49 റണ്‍സ് മാത്രം വേണ്ട ഘട്ടത്തില്‍ സുന്ദറിനെ ഇറക്കുകയായിരുന്നു ഹിറ്റ്‌മാന്‍. ഒഡീന്‍ സ്‌മിത്തിനെ പുറത്താക്കി രോഹിത്തിന്‍റെ വിശ്വാസം കാക്കുകയും ചെയ്തു വാഷിംഗ്‌ടണ്‍ സുന്ദര്‍. മൂന്ന് റണ്‍സേ ഈ ഓവറില്‍ വഴങ്ങിയുമുള്ളൂ.
'ഒഡീന്‍ സ്‌മിത്ത് മികച്ച നിലയില്‍ ബാറ്റ് ചെയ്യുമ്പോള്‍ സുന്ദറിനെ പന്തേല്‍പിച്ച രോഹിത്തിന്‍റെ തന്ത്രം ഇഷ്‌ടപ്പെട്ടു. അതൊരു ധീരമായ നീക്കമായിരുന്നു. വലംകൈയന്‍ ബാറ്റര്‍ക്കെതിരെ ഓഫ് സ്‌പിന്നറെ കളിപ്പിക്കുക വളരെ ആകാംക്ഷ നല്‍കുന്ന കാര്യമാണ്. സമ്മര്‍ദം അതിജീവിക്കാന്‍ കഴിയുമെന്നതാണ് സുന്ദറിന്‍റെ പ്രത്യേകത. ബാറ്റര്‍ കൂറ്റനടികള്‍ക്ക് തയ്യാറാണ് എന്നതിനാല്‍ തന്ത്രങ്ങളും പ്രതിഭയും പ്രയോഗിച്ചേ മതിയാകൂ. അതാണ് നായകനും ബൗളറും ചേര്‍ന്ന് കാണിച്ചത്' എന്നും ഡികെ ക്രിക്‌ബസിനോട് പറഞ്ഞു. 44-ാം ഓവറില്‍ പേസര്‍ മുഹമ്മദ് സിറാജ് 11 റണ്‍സ് വിട്ടുകൊടുത്തതിന് പിന്നാലെയാണ് വാഷിംഗ്‌ടണ്‍ സുന്ദറിനെ രോഹിത് ബൗളിംഗിന് ക്ഷണിച്ചത്.
മത്സരം 44 റണ്‍സിന് വിജയിച്ച് ഇന്ത്യ മൂന്ന് ഏകദിനങ്ങളുടെ പരമ്പര 2-0ന് സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 46 ഓവറില്‍ 193 റണ്‍സിന് ഓള്‍ ഔട്ടായി. ഒമ്പതോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണയാണ് വിന്‍ഡീസിനെ എറിഞ്ഞിട്ടത്. പ്രസിദ്ധ് തന്നെയാണ് കളിയിലെ താരം. ഏകദിന ക്യാപ്റ്റനെന്ന നിലയില്‍ അരങ്ങേറ്റം കുറിച്ച രോഹിത് ശര്‍മ്മക്ക് ആദ്യ പരമ്പരയില്‍ വിജയത്തുടക്കമിടാനായി. സ്കോര്‍: ഇന്ത്യ- 50 ഓവറില്‍ 237-9, വെസ്റ്റ് ഇന്‍ഡീസ്- 46 ഓവറില്‍ 193ന് ഓള്‍ ഔട്ട്.
IND vs WI: പ്രസിദ്ധ് എറിഞ്ഞിട്ടു, വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യക്ക് ഏകദിന പരമ്പര
