
കൊല്‍ക്കത്ത: ഇന്ത്യ-വിൻഡീസ് ട്വന്‍റി 20 പരമ്പരയിലെ രണ്ടാം മത്സരം (IND vs WI 2nd T20I) ഇന്ന് നടക്കും. കൊൽക്കത്തയിൽ (Eden Gardens) വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. പരമ്പര നേടാന്‍ ടീം ഇന്ത്യയിറങ്ങുമ്പോള്‍ (Team India) പരമ്പരയിൽ കടിച്ചുതൂങ്ങാനായിരിക്കും കരീബിയന്‍ പടയുടെ (Windies) ശ്രമം. ഒന്നാം ടി20യിൽ ഇന്ത്യ ആറ് വിക്കറ്റിന്‍റെ വിജയം സ്വന്തമാക്കിയിരുന്നു.
രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ ഒരു മാറ്റത്തിലധികം പ്രതീക്ഷിക്കേണ്ടതില്ല ടീമുകൾ. ദീപക് ചാഹറിന്‍റെ പരിക്ക് ഭേദമായില്ലെങ്കില്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിന് അവസരം കിട്ടിയേക്കും. ആദ്യ 15 ഓവറില്‍ കരുതലോടെ ബാറ്റുവീശുന്ന സമീപനം രോഹിത് ശര്‍മ്മ നായകനായതോടെ ഇന്ത്യ ഉപേക്ഷിച്ച മട്ടാണ്. വിരാട് കോലി റൺസ് കണ്ടെത്തുന്നില്ലെങ്കിലും സൂര്യകുമാര്‍ യാദവ് അതിവേഗം സ്കോര്‍ ചെയ്യുന്നത് ടീമിന് ആശ്വാസമാകുന്നു.
വെങ്കടേഷ് അയ്യര്‍ ആദ്യ മത്സരത്തിൽ തിളങ്ങിയതോടെ ശ്രേയസ് അയ്യര്‍ ഇന്നും പുറത്തിരിക്കും. രോഹിത് നായകനായ 23 ട്വന്‍റി 20യിൽ 19ലും ഇന്ത്യ ഇതുവരെ ജയിച്ചിട്ടുണ്ട് എന്നത് മത്സരത്തിനിറങ്ങും മുമ്പ് ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു.
അതേസമയം ബാറ്റിംഗ് ക്രമത്തിലെ യുക്തിയില്ലായ്‌മയാണ് വിന്‍ഡീസിന്‍റെ പ്രധാന പ്രശ്നം. അഞ്ച് ഓവറിനുള്ളിൽ കളിയുടെ ഗതി മാറ്റാന്‍ കഴിയുന്ന ഒട്ടേറെ താരങ്ങള്‍ ഉള്ളതിനാൽ അപ്രതീക്ഷിത തിരിച്ചുവരവ് വിന്‍ഡീസിന് അസാധ്യമല്ല. ഓള്‍റൗണ്ടര്‍ ജേസൺ ഹോള്‍ഡറിന്‍റെ പരിക്ക് ഭേദമാകുമെന്ന് സന്ദര്‍ശകര്‍ പ്രതീക്ഷിക്കുന്നു. രാത്രിയിലെ മഞ്ഞുവീഴ്ച കാരണം രണ്ടാമത് ബാറ്റ് ചെയ്യാനാകും ഇരു നായകന്മാരും ഇഷ്‌ടപ്പെടുക.
ആദ്യ ടി20യില്‍ തകര്‍പ്പന്‍ ജയം
ആദ്യ ടി20യില്‍ വിൻഡീസിന്‍റെ 157 റണ്‍സ് നാല് വിക്കറ്റ് നഷ്‌ടത്തില്‍ ഏഴ് പന്ത് ശേഷിക്കേ ഇന്ത്യ മറികടക്കുകയായിരുന്നു. 19 പന്തിൽ 40 റൺസുമായി രോഹിത് ശര്‍മ്മ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. സഹഓപ്പണര്‍ ഇഷാന്‍ കിഷന്‍ 42 പന്തില്‍ 35 റണ്‍സെടുത്തു. വിരാട് കോലി 17 ഉം റിഷഭ് പന്ത് എട്ടും റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ സൂര്യകുമാര്‍ യാദവും വെങ്കിടേഷ് അയ്യരും ഇന്ത്യക്ക് ജയമുറപ്പിച്ചു. സൂര്യകുമാര്‍ 18 പന്തില്‍ 34 ഉം വെങ്കടേഷ് 13 പന്തില്‍ 24 ഉം റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ 43 പന്തിൽ 61 റൺസെടുത്ത നിക്കോളാസ് പുരാന്‍റെ പോരാട്ടമാണ് വിൻഡീസിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 90 റൺസിനിടെ വിൻഡീസിന് അഞ്ച് വിക്കറ്റ് നഷ്‌ടമായിരുന്നു. നാല് ഓവറില്‍ 17 റണ്‍സിന് രണ്ട് വിക്കറ്റുമായി അരങ്ങേറ്റക്കാരൻ രവി ബിഷ്ണോയ് മത്സരത്തിലെ താരമായി. ഹര്‍ഷല്‍ പട്ടേല്‍ രണ്ടും ഭുവനേശ്വര്‍ കുമാറും ദീപക് ചാഹറും യുസ്‌വേന്ദ്ര ചാഹലും ഓരോ വിക്കറ്റും വീഴ്‌ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!