ഓപ്പണിംഗ് സ്ഥാനത്ത് ഇഷാന്‍ കിഷനെ പാര്‍ഥീവ് പട്ടേല്‍ ഒരിക്കലും തള്ളിക്കളയുന്നില്ല

കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ (IND vs WI 1st T20I) ആദ്യ മത്സരത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്കൊപ്പം(Rohit Sharma) ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്‌ത ഇഷാന് കിഷന് (Ishan Kishan) വെടിക്കെട്ട് പുറത്തെടുക്കാനായിരുന്നില്ല. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാറുള്ള കിഷന്‍ പവര്‍പ്ലേ ഓവറുകളില്‍ പാടുപെടുകയായിരുന്നു. ഐപിഎല്‍ 2022 മെഗാതാരലേലത്തില്‍ (IPL Auction 2022) വിലയേറിയ താരമായതിന് പിന്നാലെ ആരാധകരെ നിരാശപ്പെടുത്തുകയായിരുന്നു ഇഷാന്‍ കിഷന്‍. ഇതോടെ രോഹിത്തിനൊപ്പം മറ്റൊരാളാണ് ടി20 ലോകകപ്പില്‍ ഓപ്പണറായി വരേണ്ടത് എന്ന് വാദിക്കുകയാണ് മുന്‍താരം പാര്‍ഥീവ് പട്ടേല്‍ (Parthiv Patel). 

എന്നാല്‍ ഓപ്പണിംഗ് സ്ഥാനത്ത് ഇഷാന്‍ കിഷനെ പാര്‍ഥീവ് പട്ടേല്‍ ഒരിക്കലും തള്ളിക്കളയുന്നില്ല. 'കെ എല്‍ രാഹുല്‍ എന്ന സംബന്ധിച്ച് ദീര്‍ഘകാല ഓപ്പണറാണ്. രാഹുല്‍ ടീമിലേക്ക് മടങ്ങിയെത്തുമ്പോള്‍ അദേഹം രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്യണം. ടി20 ലോകകപ്പിലും രോഹിത്തിനൊപ്പം രാഹുലാണ് ഓപ്പണറായി വരേണ്ടത് എന്നാണ് വ്യക്തിപരമായ അഭിപ്രായം. ഫോമില്‍ നില്‍ക്കുമ്പോള്‍ ഇഷാന്‍ കിഷനൊരു മോശം ഓപ്‌ഷനല്ല. കിഷന്‍ താളത്തിലാണെങ്കില്‍ വെടിക്കെട്ട് തുടങ്ങാന്‍ രോഹിത്തിന് അല്‍പം സാവകാശം നല്‍കും. എങ്കിലും ലോകകപ്പില്‍ രാഹുല്‍-രോഹിത് ഓപ്പണിംഗ് സഖ്യമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ടൈമിംഗ് നോക്കാതെ പന്ത് വലിച്ചടിക്കാന്‍ ശ്രമിക്കുകയാണ് ഇഷാന്‍ കിഷന്‍ ആദ്യ ടി20യില്‍ ചെയ്‌തത്' എന്നും പാര്‍ഥീവ് പട്ടേല്‍ പറഞ്ഞു. 

വിൻഡീസിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യ ആറ് വിക്കറ്റിന്‍റെ വിജയം സ്വന്തമാക്കുകയായിരുന്നു. വിൻഡീസിന്‍റെ 157 റണ്‍സ് ഏഴ് പന്ത് ശേഷിക്കേ ഇന്ത്യ മറികടന്നു. ജയത്തോടെ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-0ന് മുന്നിലെത്തി. 19 പന്തിൽ 40 റൺസുമായി രോഹിത് ശര്‍മ്മ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. സഹഓപ്പണര്‍ ഇഷാന്‍ കിഷന് 42 പന്തിലാണ് 35 റണ്‍സെടുത്തത്. വിരാട് കോലി 17 ഉം റിഷഭ് പന്ത് എട്ടും റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ സൂര്യകുമാര്‍ യാദവും വെങ്കിടേഷ് അയ്യരും ഇന്ത്യക്ക് ജയമുറപ്പിച്ചു. സൂര്യകുമാര്‍ 18 പന്തില്‍ 34 ഉം വെങ്കടേഷ് 13 പന്തില്‍ 24 ഉം റണ്‍സുമായി പുറത്താകാതെ നിന്നു. വിന്‍ഡീസിനായി റോസ്‌ടണ്‍ ചേസ് രണ്ടും ഫാബിയാന്‍ അലനും ഷെല്‍ഡണ്‍ കോട്രലും ഓരോ വിക്കറ്റും നേടി. 

നേരത്തെ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത രോഹിത് ശർമ്മയെ ഇന്ത്യന്‍ ബൗളർമാർ നിരാശപ്പെടുത്തിയില്ല. വിന്‍ഡീസ് 20 ഓവറില്‍ ഏഴ് വിക്കറ്റിനാണ് 157 റണ്‍സ് നേടിയത്. 90 റൺസിനിടെ വിൻഡീസിന് അ‌ഞ്ച് വിക്കറ്റ് നഷ്‌ടമായി. നാല് ഓവറില്‍ 17 റണ്‍സിന് രണ്ട് വിക്കറ്റുമായി അരങ്ങേറ്റക്കാരൻ രവി ബിഷ്ണോയ് മത്സരത്തിലെ താരമായി. ഹര്‍ഷല്‍ പട്ടേല്‍ രണ്ടും ഭുവനേശ്വര്‍ കുമാറും ദീപക് ചാഹറും യുസ്‌വേന്ദ്ര ചാഹലും ഓരോ വിക്കറ്റും വീഴ്‌ത്തി. 43 പന്തിൽ 61 റൺസെടുത്ത നിക്കോളാസ് പുരാന്‍റെ പോരാട്ടമാണ് വിൻഡീസിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. രണ്ടാം ടി20 വെള്ളിയാഴ്‌ച കൊൽക്കത്തയിൽ തന്നെ നടക്കും. 

IND vs WI: ദിനേശ് മോംഗിയയെയും പിന്നിലാക്കി; മെല്ലെപ്പോക്കില്‍ ഇഷാന്‍ കിഷന് നാണക്കേടിന്‍റെ റെക്കോര്‍ഡ്