ടെസ്റ്റ് കിരീടമോഹവുമായി കോലിപ്പട: ഇന്നുമുതല്‍ വിന്‍ഡീസ് പരീക്ഷ

By Web TeamFirst Published Aug 22, 2019, 8:52 AM IST
Highlights

അതിശക്തമായ ബാറ്റിംഗ് നിരയുമായാണ് ഇന്ത്യ വിൻഡീസിനെ നേരിടുന്നത്. കെ എൽ രാഹുലും മായങ്ക് അഗർവാളുമായിരിക്കും ഓപ്പണർമാർ.

ആന്റിഗ്വ: ഇന്ത്യ-വിൻഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. ഇന്ത്യൻ സമയം വൈകിട്ട് ഏഴിന് ആന്റിഗ്വയിലാണ് കളി തുടങ്ങുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. ടി20, ഏകദിന പരമ്പരകളിലെ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യയിറങ്ങുന്നത്.

അതിശക്തമായ ബാറ്റിംഗ് നിരയുമായാണ് ഇന്ത്യ വിൻഡീസിനെ നേരിടുന്നത്. കെ എൽ രാഹുലും മായങ്ക് അഗർവാളുമായിരിക്കും ഓപ്പണർമാർ. ചേതേശ്വർ പുജാരയും വിരാട് കോലിയും പിന്നാലെയെത്തും. പേസർമാരെ തുണയ്ക്കുന്ന വിക്കറ്റാണ് ആന്റിഗ്വയിൽ തയ്യാറാക്കിയിരിക്കുന്നത്. അഞ്ച് ബൗളർമാരുമായി കളിക്കാനാണ് വിരാട് കോലിക്ക് താൽപര്യം. ഇതുകൊണ്ടുതന്നെ അഞ്ചാം നമ്പറിനായി അജിങ്ക്യ രഹാനെയും രോഹിത് ശർമ്മയും മത്സരിക്കേണ്ടിവരും. രഹാനെയ്ക്കാണ് സാധ്യത കൂടുതല്‍.

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി ഋഷഭ് പന്തിനും ടീമിൽ സ്ഥാനം ഉറപ്പാണ്. ഇശാന്ത് ശർമ്മ, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുമ്ര എന്നിവരായിരിക്കും ഫാസ്റ്റ് ബൗളർമാ‍ർ. രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ആർ അശ്വിൻ എന്നീ സ്‌പിന്നർമാരിൽ ഒരാളെമാത്രം കളിപ്പിക്കുകയാണെങ്കിൽ ഭുവനേശ്വർ‍ കുമാറോ ഉമേഷ് യാദവോ നാലാം പേസറാവും.

കെമാർ റോച്ച്, ഷാനോൺ ഗബ്രിയേൽ ക്യാപ്റ്റൻ ജേസൺ ഹോൾഡർ എന്നിവരടങ്ങിയ പേസ് നിരയിലാണ് വിൻഡീസിന്‍റെ പ്രതീക്ഷ. ഷായ് ഹോപ്, ജോൺ കാംപൽ, ഷിമ്രോൺ ഹെറ്റ്മെയർ, ഡാരെൻ ബ്രാവോ എന്നിവരുടെ പ്രകടനവും നിർണായകമാവും. 2016ലെ പര്യടനത്തിൽ നാല് ടെസ്റ്റുകളുടെ പരമ്പര 2-0ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു.

click me!