
മുംബൈ: വനിതാ ലോകകപ്പില്‍ നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ വീഴ്ത്തി ആതിഥേയരായ ഇന്ത്യ ഫൈനലില്‍. ഓസ്ട്രേലിയ ഉയര്‍ത്തിയ 339 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം ജെമീമ റോഡ്രിഗസിന്‍റെ അപരാജിത സെഞ്ചുറിയുടെയും ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറിന്‍റെ അര്‍ധസെഞ്ചുറിയുടെയും കരുത്തിൽ ഇന്ത്യ 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 134 പന്തില്‍ 127 റണ്‍സുമായി ജെമീമ പുറത്താകാതെ നിന്നപ്പോള്‍ അമന്‍ജ്യോത് കൗര്‍ 8 പന്തില്‍ 15 റണ്‍സുമായി വിജയത്തില്‍ കൂട്ടായി. 88 പന്തില്‍ 89 റണ്‍സെടുത്ത ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറിന്‍റെ അര്‍ധസെഞ്ചുറിയും 16 പന്തില്‍ 26 റണ്‍സെടുത്ത റിച്ച ഘോഷിന്‍റെയും 17 പന്തില്‍ 24 റണ്‍സെടുത്ത ദീപ്തി ശര്‍മയുടെയും ഇന്നിംഗ്സുുകളും ഇന്ത്യൻ ജയത്തില്‍ നിര്‍ണായകമായി.
ഈ ലോകകപ്പില്‍ ഏറ്റവും മികച്ച ഫോമിലുള്ള സ്മൃതി മന്ദാന 24 റണ്‍സെടുത്ത് പവര്‍ പ്ലേയില്‍ തന്നെ മടങ്ങിയെങ്കിലും ജെമീമയുയുടെയും ഹര്‍മന്‍പ്രീതിന്‍റെയും പോരാട്ടമാണ് ഇന്ത്യക്ക് അവിശ്വസനീയ വിജയം സമ്മാനിച്ചത്. വനിതാ ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയ തുടര്‍ച്ചയായ 15 ജയങ്ങള്‍ക്ക് ശേഷമാണ് തോല്‍വി അറിയുന്നത്. ഞായറാഴ്ച നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. വനിതാ ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം ഫൈനലാണിത്. സ്കോര്‍ ഓസ്ട്രേലിയ 49.5 ഓവറില്‍ 338ന് ഓള്‍ ഔട്ട്, ഇന്ത്യ 48.3 ഓവറില്‍ 341-5.
റെക്കോര്‍ഡ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യ ആദ്യ ഓവറില്‍ എട്ട് റണ്‍സടിച്ച് നല്ല തുടക്കമിട്ടു. എന്നാല്‍ രണ്ടാം ഓവറില്‍ ഷഫാലി വര്‍മയെ(10) വിക്കറ്റിന് മുന്നില്‍ കുടുക്കിയ കിം ഗാരത് ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. രണ്ടാം വിക്കറ്റില്‍ ജെമീമ റോഡ്രിഗസും സ്മൃതി മന്ദാനയും ചേര്‍ന്ന് ഇന്ത്യയെ 50 കടത്തി. എന്നാല്‍ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ കിം ഗാരത്തിന്‍റെ പന്തില്‍ സ്മൃതി മന്ദാന നിര്‍ഭാഗ്യകരമായി പുറത്തായി. ലെഗ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ സ്മൃതി ബാറ്റ് വീശിയെങ്കിലും പന്ത് ബാറ്റില്‍ കൊണ്ടില്ല. അമ്പയര്‍ വൈഡ് വിളിച്ചു. എന്നാല്‍ പന്ത് കൈയിലൊതുക്കിയ ഓസീസ് ക്യാപ്റ്റൻ അലീസ ഹീലി ഔട്ടിനായി അപ്പീല്‍ ചെയ്തു. അള്‍ട്രാ എഡ്ജില്‍ സ്മൃതിയുടെ ബാറ്റില്‍ പന്ത് ഉരസിയെന്ന് വ്യക്തമായതോടെ ഇന്ത്യ ഞെട്ടി.
പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഹര്‍മന്‍പ്രീത് കൗറും ജെമീമ റോഡ്രിഗസും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റി. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ജെമീമയും ഹര്‍മന്‍പ്രീതും ചേര്‍ന്ന് 154 പന്തില്‍ 167 റണ്‍സെടുത്തതോടെയാണ് ഇന്ത്യക്ക് വിജയപ്രതീക്ഷയായത്. സെഞ്ചുറി തികയ്ക്കാതെ 88 പന്തില്‍ 89 റണ്‍സെടുത്ത് ഹര്‍മന്‍പ്രീത് മടങ്ങിയെങ്കിലും ദിപ്തി ശര്‍മയെ കൂട്ടുപിടിച്ച് ജെമീമ പോരാട്ടം തുടര്‍ന്നു. 41-ാം ഓവറില്‍ ദീപ്തി ശര്‍മ(17 പന്തില്‍ 24) റണ്ണൗട്ടായി പുറത്തായശേഷം റിച്ച ഘോഷിനെ കൂട്ടുപിടിച്ച് 115 പന്തില്‍ സെഞ്ചുറി തികച്ച ജെമീമ ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. റണ്‍റേറ്റ് സമ്മര്‍ദ്ദത്തെ ദീപ്തി ശര്‍മയും റിച്ച ഘോഷും നടത്തിയ വെടിക്കെട്ടിലൂടെ മറികടന്ന ഇന്ത്യക്ക് പക്ഷെ 46-ാം ഓവറില്‍ റിച്ച ഘോഷിനെ നഷ്ടമായത് വീണ്ടും സമ്മര്‍ദ്ദമായി.
റിച്ച പുറത്താവുമ്പോള്‍ അവസാന നാലോവറില്‍ 29 റണ്‍സും മൂന്നോവറില്‍ 23 റണ്‍സുമായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ അനാബെല്‍ സതര്‍ലാന്‍ഡ് എറിഞ്ഞ 48-ാം ഓവറില്‍ രണ്ട് ബൗണ്ടറികളടക്കം 15 റണ്‍സ് നേടിയ ജെമീമ ഇന്ത്യയുടെ സമ്മര്‍ദ്ദം അകറ്റി. ഒടുവില്‍ 49-ാം ഓവറില്‍ മോളിനെക്സിനെ ഫോറിനും സിക്സിനും പറത്തി അമന്‍ജ്യോത് കൗര്‍ ഇന്ത്യയുടെ ഐതിഹാസിക വിജയം പൂര്‍ത്തിയാക്കി. 134 പന്തില്‍ 127 റണ്‍സെടുത്ത ജെമീമ റോഡ്രിഗസ് 14 ബൗണ്ടറികള്‍ പറത്തി. 88 പത്ന്തില്‍ 89 റണ്‍സെടുത്ത ഹര്‍മന്‍പ്രീത് കൗര്‍ 10 ബൗണ്ടറിയും രണ്ട് സിക്സും പറത്തി. വനിതാ ഏകദിന ലോകകപ്പ് നോക്കൗട്ടില്‍ ഇതാദ്യമായാണ് ഒരു ടീം 300ന് മുകളിലുള്ള വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിക്കുന്നത്. വനിതാ ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് പിറന്ന മത്സരമെന്ന റെക്കോര്‍ഡും ഈ മത്സരത്തിനാണ്.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.5 ഓവറില്‍ 338 റൺസിന് ഓള്‍ ഔട്ടാവുകയായിരുന്നു. 93 പന്തില്‍ 119 റണ്‍സെടുത്ത് വെടിക്കെട്ട് സെഞ്ചുറി നേടിയ ഫോബെ ലിച്ച്ഫീല്‍ഡാണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. എല്‍സി പെറി 77 റണ്‍സടിച്ചപ്പോള്‍ മധ്യനിരയില്‍ തകര്‍ത്തടിച്ച ആഷ്‌ലി ഗാര്‍ഡ്നര്‍ 45 പന്തില്‍ 63 റണ്‍സടിച്ച് ഓസീസിന് കൂറ്റൻ സ്കോര്‍ ഉറപ്പാക്കി. ഇന്ത്യക്കായി ശ്രീചരിണിയും ദീപ്തി ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വനിതാ ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണ് ഓസിസ് ഇന്ന് ഇന്ത്യക്കെതിരെ കുറിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക