
ലണ്ടൻ: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകള്‍ക്ക് നാല് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് വനിതകള്‍ ഉയര്‍ത്തിയ 258 റൺസ് വിജയലക്ഷ്യം ഇന്ത്യ പത്ത് പന്ത് ശേഷിക്കേ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. പുറത്താവാതെ 64 പന്തില്‍ 62 റൺസെടുത്ത ഓൾറൗണ്ടർ ദീപ്തി ശർമ്മയാണ് ഇന്ത്യയുടെ വിജയശിൽപി.
ജമീമ റോഡ്രിഗസ് 48ഉം പ്രതിക റാവൽ 36ഉം സ്മൃതി മന്ദാന 28ഉം ഹാർലീൻ ഡിയോൾ 27ഉം റൺസെടുത്തു. അമൻജോത് കൗർ 20 റൺസുമായി പുറത്താവാതെ നിന്നു. ക്യാപ്റ്റന്‍ ഹര്‍മൻപ്രീത് കൗര്‍(17), റിച്ച ഘോഷ്(10) എന്നിവര്‍ നിരാശപ്പെടുത്തി. ഓപ്പണിംഗ് വിക്കറ്റില്‍ മന്ദാനയും പ്രതിക റാവലും(36) ചേര്‍ന്ന് 48 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ മൂന്നാം നമ്പറിലിറങ്ങിയ ഹാല്‍ലീന്‍ ഡിയോളുമൊത്ത് പ്രതിക റാവല്‍ 46 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി. പ്രതികയും ഹാര്‍ലീനും എട്ട് റണ്‍സിന്‍റെ ഇടവേളയില്‍ മടങ്ങി. പിന്നാലെ ക്യാപ്റ്റന്‍ ഹര്‍മൻപ്രീതും പുറത്തായതോടെ ഇന്ത്യൻ വനിതകള്‍ പതറിയെങ്കിലും ജെമീമ-ദീപ്തി സഖ്യം 90 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യയെ ലക്ഷ്യത്തോട് അടുപ്പിച്ചു. സ്കോര്‍ 214ല്‍ നില്‍ക്കെ ജെമീമയും പിന്നാലെ റിച്ചാ ഘോഷും മടങ്ങിയെങ്കിലും ദീപ്തിയുടെ പോരാട്ടം ഇന്ത്യയെ വിജയവര കടത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തിലാണ് 258 റൺസെടുത്തത്. അഞ്ചാം നമ്പറിലിറങ്ങി 92 പന്തില്‍ 83 റൺസെടുത്ത സോഫിയ ഡങ്ക്‌ലിയും ആറാം നമ്പറില്‍ 73 പന്തില്‍ 52 റണ്‍സെടുത്ത ഡേവിഡ്സണ്‍ റിച്ചാര്‍ഡ്സും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ മാന്യമായ സ്കോറിലെത്തിച്ചത്. ഇന്ത്യക്കായി ക്രാന്തി ഗൗഡും സ്നേഹ് റാണയും രണ്ട് വിക്കറ്റ് വീതംനേടി. ദീപ്തി ശർമ്മയാണ് കളിയിലെ താരം. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം ഏകദിനം ശനിയാഴ്ച നടക്കും. നേരത്തെ ടി20 പരമ്പര ഇന്ത്യൻ വനിതകള്‍ നേടിയിരുന്നു. രണ്ടാം ഏകദിനം ജയിച്ചാല്‍ ടി20 പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യക്ക് സ്വന്തമാക്കാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക