മിന്നുവിന് രണ്ട് വിക്കറ്റ്, ജോഷിത ക്രീസില്‍; ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരെ ഇന്ത്യ പിടിമുറുക്കുന്നു

Published : Aug 23, 2025, 02:45 PM IST
India A Women

Synopsis

രണ്ടാം ഇന്നിംഗ്‌സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 260 റൺസ് നേടിയ ഇന്ത്യക്ക് 254 റൺസിന്റെ ലീഡുണ്ട്.

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയ എ വനിതകള്‍ക്കെതിരായ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എ വനിതകള്‍ക്ക് വിജയപ്രതീക്ഷ. ഒന്നാം ഇന്നിംഗ്‌സില്‍ ആറ് റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സ് നേടിയിട്ടുണ്ട്. ഒരു ദിനം കൂടി ശേഷിക്കെ ഇപ്പോള്‍ 254 റണ്‍സിന്റെ ലീഡുണ്ട് ഇന്ത്യക്ക്. മലയാളി താരം വി ജെ ജോഷിത (9), തിദാസ് സദു (2) എന്നിവരാണ് ക്രീസില്‍. രണ്ടാം ഇന്നിംഗ്‌സിലും മിന്നുന്ന പ്രകടനം പുറത്തെടുത്ത രാഘ്‌വി ബിസ്റ്റാണ് (86) ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ താരം 93 റണ്‍സ് നേടിയിരുന്നു. നേരത്തെ, സിയന്ന ജിഞ്ചറിന്റെ (103) സെഞ്ചുറിയാണ് ഓസീസിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ് സമ്മാനിച്ചത്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 299നെതിരെ ഓസീസ് 305 റണ്‍സാണ് അടിച്ചെടുത്തത്.

രണ്ടാം ഇന്നിംഗ്‌സില്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഷെഫാലി വര്‍മ (52)യാണ് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കാന്‍ സഹായിച്ചത്. നന്ദിനി കശ്യപ്പുമായി (12) ഒന്നാം വിക്കറ്റില്‍ 42 റണ്‍സാണ് ചേര്‍ത്തത്. പിന്നീട് ധാര ഗുജ്ജാറിനൊപ്പം (20) 36 റണ്‍സും ഷെഫാലി കൂട്ടിചേര്‍ത്തു. ഇരുവരും പുറത്തായ ശേഷം തേജല്‍ ഹസബ്‌നിസുമായി (39) ചേര്‍ന്ന് 37 റണ്‍സ് കൂട്ടിചേര്‍ക്കാനും ഷെഫാലിക്ക് സാധിച്ചു. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ താരം മടങ്ങി. 58 പന്തുകള്‍ നേരിട്ട ഷെഫാലി രണ്ട് വീതം സിക്‌സും ഫോറും നേടി. ഷെഫാലിക്ക് പുറമെ ഹസബ്‌നിസ് മടങ്ങി. ഇതോടെ നാലിന് 140 എന്ന നിലയിലായി ഇന്ത്യ.

തുടര്‍ന്ന് ബിസ്റ്റ് - തനുശ്രീ സര്‍ക്കാര്‍ (25) നിയന്ത്രണം ഏറ്റെടുത്തു. ഇരുവരും 68 റണ്‍സാണ് കൂട്ടിചേര്‍ത്തത്. തനുശ്രീയെ പുറത്താക്കി പ്രസ്റ്റ്‌വിഡ്ജാണ് ഓസീസിന് ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്നെത്തിയ മിന്നു മണി (0), രാധാ യാദവ് (10) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതിനിടെ ബിസ്റ്റ് മടങ്ങിയതും ഇന്ത്യക്ക് തിരിച്ചടിയായി. 119 പന്തുകള്‍ നേരിട്ട ബിസ്റ്റ് 13 ഫോറുകള്‍ നേടി. ജോഷിത - തിദാസ് സഖ്യം പിന്നീട് വിക്കറ്റ് പോവാതെ കാത്തു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 158 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗിനെത്തിയ ഓസീസ് ഇന്ന് 147 റണ്‍സ് കൂട്ടിചേര്‍ത്തു. 103 റണ്‍സെടുത്ത ജിഞ്ചറാണ് ഓസീസിനെ മുന്നോട്ടുനയിച്ചത്.

ഇന്ത്യക്ക് വേണ്ടി സൈമ താക്കൂര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. രാധാ യാദവ്, മിന്നു മണി എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. തിദാസ് സദു, ജോഷിത, തനുശ്രീ സര്‍ക്കാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ഒന്നാം ഇന്നിംഗ്‌സില്‍ രാഘ്വി ബിസ്റ്റിന് പുറമെ മലയാളി താരം ജോഷിത (51) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ബുമ്രയെയും അ‍ർഷ്ദീപിനെയും തൂക്കിയടിച്ച് ഡി കോക്ക്, ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം
'കൈവിട്ട പരീക്ഷണങ്ങള്‍ ഒരു നാള്‍ തിരിച്ചടിക്കും', ഗംഭീറിനും സൂര്യകുമാറിനും മുന്നറിയിപ്പുമായി റോബിന്‍ ഉത്തപ്പ