ശ്രീലങ്കന്‍ ഇതിഹാസങ്ങള്‍ക്കും രക്ഷയില്ല; സച്ചിനും സംഘവും റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ടി20 കിരീടമുയര്‍ത്തി

By Web TeamFirst Published Mar 21, 2021, 11:18 PM IST
Highlights

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനാണ് സാധിച്ചത്. 

റായ്പൂര്‍: റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ടി20 കിരീടം ഇന്ത്യ ലേജന്‍ഡ്‌സിന്. ശ്രീലങ്ക ലെജന്‍ഡ്‌സിനെ 14 റണ്‍സിനാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം കിരീടം നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനാണ് സാധിച്ചത്. 

രണ്ട് വിക്കറ്റ് നേടിയ ഇര്‍ഫാന്‍ സഹോദരങ്ങളാണ് ശ്രീലങ്കയെ പിടിച്ചുക്കെട്ടിയത്. യൂസഫ് പത്താന്‍ നാല് ഓവറില്‍ 26 റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഇര്‍ഫാന്‍ 29 റണ്‍സാണ് വിട്ടുകൊടുത്തത്. 43 റണ്‍സ് നേടിയ സനത് ജയസൂര്യയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. തിലകരത്‌നെ ദില്‍ഷന്‍ (21), ചമാര സില്‍വ (2), ഉപുല്‍ തരംഗ (14), കൗശല്യ വീരരത്‌നെ (38), ചിന്തക ജയസിംഗെ (40) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നുവാന്‍ കുലശേഖര (1) പുറത്താവാതെ നിന്നു. പത്താന്‍ സഹോദരന്മാര്‍ക്ക് പുറമെ മന്‍പ്രീത് ഗോണി, മുനാഫ് പട്ടേല്‍ എന്നിവര്‍ ഒരോ വിക്കറ്റ് വീഴ്ത്തി. 

നേരത്തെ യുവരാജ് സിംഗ് (41 പന്തില്‍ 60), യൂസഫ് പത്താന്‍ (36 പന്തില്‍ പുറത്താവാതെ 62) എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 35 റണ്‍സ് മാത്രമുള്ളപ്പോള്‍ വിരേന്ദര്‍ സെവാഗ് (10), സുബ്രമണ്യം ബദ്രിനാഥ് (7) എന്നിവര്‍ പവലിയനില്‍ തിരിച്ചെത്തി. 

പിന്നീട് ഒത്തുച്ചേര്‍ന്ന സച്ചിന്‍ (23 പന്തില്‍ 30)- യുവരാജ് സഖ്യമാണ് തകര്‍ച്ച് ഒഴിവാക്കിയത്. ഇരുവരും 43 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സച്ചിന്‍ പുറത്തായെങ്കിലും യുവി- യൂസഫ് സഖ്യം ഇന്ത്യയെ സുരക്ഷിത സ്‌കോറിലെത്തിച്ചു. ഇരുവരും 85 റണ്‍സ് കൂട്ടിച്ചേര്‍ന്നു. ഇര്‍ഫാന്‍ എട്ട് റണ്‍സോടെ പുറത്താവാതെ നിന്നു. ഫര്‍വീസ് മെഹറൂഫ്, വീരരത്‌നെ, ജയസൂര്യ, രംഗന ഹെരത് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

click me!