
കൊൽക്കത്ത: ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമി ഫൈനലിലെത്തിയതിന് പിന്നാലെ പുതിയ ആരോപണവുമായി മുന്‍ പാകിസ്ഥാൻ മുൻ താരം മുഹമ്മദ് ആമിർ. മത്സരത്തിൽ ഷിമ്രോൺ ഹെറ്റ്‌മെയർ പുറത്തായ രീതി സംശയാസ്പദമാണെന്നും ഹെറ്റ്മെയര്‍ പുറത്തായിരുന്നില്ലെങ്കിൽ ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്താകുമായിരുന്നുവെന്നുമാണ് ആമിറിന്‍റെ വിചിത്രമായ വാദം. പാക് ടിവി ചാനലിലെ ചർച്ചയ്ക്കിടെയായിരുന്നു ആമിന്‍റെ ഈ വിവാദ പരാമർശം.
മത്സരത്തിൽ 11 പന്തിൽ 27 റണ്‍സുമായി തുടക്കം മുതല്‍ തകർത്തടിച്ച ഹെറ്റ്‌മെയറെ ജസ്പ്രീത് ബുമ്രയുടെ പന്തില്‍ സഞ്ജു സാംസണ്‍ ക്യാച്ചെടുത്ത് പുറത്താക്കിയതാണ് ആമിറിനെ ചൊടിപ്പിച്ചത്. ബുമ്രയുടെ പന്ത് ഹെറ്റ്‌മെയറുടെ ബാറ്റിലുരസിയാണ് സഞ്ജുവിന്‍റെ കൈകളിലെത്തിയത്. അംപയർ ഔട്ട് വിളിച്ചെങ്കിലും ഹെറ്റ്‌മെയർ റിവ്യൂ നൽകി. അൾട്രാ എഡ്ജിൽ പന്ത് ബാറ്റിൽ തട്ടിയെന്ന് വ്യക്തമായതോടെ തേർഡ് അംപയറും ഔട്ട് ശരിവെച്ചു.
എന്നാൽ ഹെറ്റ്‌മെയർ ഔട്ടല്ലെന്നാണ് ആമിർ വാദിക്കുന്നത്. ഹെറ്റ്‌മെയറുടെ വിക്കറ്റ് സംശയാസ്പദമാണ്. ഹെറ്റ്‌മെയര്‍ ഔട്ടല്ലായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഹെറ്റ്മെയര്‍ കുറച്ചുനേരം കൂടി ക്രീസിൽ നിന്നിരുന്നെങ്കിൽ വിന്‍ഡീസ് സ്കോർ 220-230 എത്തുമായിരുന്നു. അങ്ങനെയാണെങ്കിൽ ഇന്ത്യ ഇന്ന് ലോകകപ്പിൽ നിന്ന് പുറത്തായേനെയെന്നും ആമിർ പറഞ്ഞു.
ഇന്ത്യ സെമിയിലെത്തിയെങ്കിലും അവർ കിരീടം നേടാൻ സാധ്യതയില്ലെന്നും ആമിർ പറഞ്ഞു. ഇന്ത്യയുടെ ഫീൽഡിംഗ് മോശമാണെന്നും ബുമ്രയൊഴികെ മറ്റെല്ലാ ബൗളർമാരും തല്ലുവാങ്ങുകയാണെന്നും ആമിർ പരിഹസിച്ചു. സത്യസന്ധമായി പറയുകയാണെങ്കില്‍ ഇന്ത്യ മികച്ച ക്രിക്കറ്റല്ല കളിക്കുന്നത്. അവർ മൂന്നോ നാലോ ക്യാച്ചുകൾ കളഞ്ഞു. ഹാർദിക് പാണ്ഡ്യ വലിയ ടീമുകൾക്കെതിരെ നന്നായി കളിക്കില്ലെന്ന് ഞാൻ നേരത്തെ പറഞ്ഞതാണ്. വരുൺ ചക്രവർത്തിയും തല്ലുവാങ്ങി. ഇനി വരാനിരിക്കുന്ന ടീമുകൾ വിൻഡീസിനേക്കാൾ നന്നായി സ്പിൻ കളിക്കുന്നവരാണെന്നും ആമിർ കൂട്ടിച്ചേർത്തു.
ഇന്ത്യ സെമിയിലെത്തില്ലെന്ന് ടൂർണമെന്‍റിന് മുൻപേ പ്രവചിച്ച ആളാണ് ആമിർ. ആ പ്രവചനം തെറ്റിയതിന്‍റെ നിരാശയിലാണ് താരം ഇത്തരം വിഡ്ഢിത്തങ്ങൾ പറയുന്നതെന്ന് ഇന്ത്യൻ ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചു. അൾട്രാ എഡ്ജിൽ വ്യക്തമായി കണ്ട ഔട്ടിനെ സംശയാസ്പദമെന്ന് വിളിക്കുന്ന ആമിർ 'മുട്ടയിട്ട താറാവിനെപ്പോലെ' നാണംകെട്ടിരിക്കുകയാണെന്നും ആരാധകർ പരിഹസിച്ചു.
വ്യാഴാഴ്ച വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന സെമി ഫൈനലിൽ ഇംഗ്ലണ്ടിനെയാണ് ഇന്ത്യ നേരിടുന്നത്. തുടർച്ചയായ മൂന്നാം തവണയാണ് ലോകകപ്പ് സെമിയിൽ ഇന്ത്യയും ഇംഗ്ലണ്ടും നേർക്കുനേർ വരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!