
ഓവല്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് കെന്നിംഗ്ടണ്‍ ഓവല്‍ പിച്ച് ക്യൂറേറ്റർ ലീ ഫോര്‍ട്ടിസും ഇന്ത്യൻ പരിശീലകന്‍ ഗൗതം ഗംഭീറുമായുള്ള തര്‍ക്കത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ ബാറ്റിംഗ് കോച്ച് സീതാൻഷു കൊടക്. ഗംഭീറും താനും പിച്ച് പരിശോധിക്കാനായി ചെന്നപ്പോള്‍ ഗ്രൗണ്ട് സ്റ്റാഫിലൊരാള്‍ വന്ന് പിച്ചിന് രണ്ടര മീറ്റര്‍ ദൂരെ മാത്രമെ നില്‍ക്കാവു എന്ന് പറഞ്ഞുവെന്ന് സീതാന്‍ഷു കൊടക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തന്‍റെ ക്രിക്കറ്റ് കരിയറില്‍ ഒരിക്കല്‍ പോലും അത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. സ്പൈക്ക് ധരിച്ചാണ് ഞങ്ങള്‍ പിച്ചിന് സമീപം നിന്നതെങ്കില്‍ പിച്ചിന് കേട് പാട് സംഭവിക്കുമെന്ന ആശങ്കകൊണ്ടാണ് ക്യൂറേറ്റര്‍ അങ്ങനെ പറഞ്ഞതെന്ന് മനസിലാക്കാം. എന്നാല്‍ റബ്ബര്‍ സ്പൈക്കുള്ള ഷൂ ധരിച്ചാണ് ഞങ്ങള്‍ പിച്ചിന് സമീപത്തേക്ക് പോയത്. ഇതിന് മുമ്പ് നടന്ന നാലു ടെസ്റ്റിലും ക്യൂറേറ്റര്‍മാര്‍ വളരെ മാന്യമായാണ് ഞങ്ങളോട് ഇടപെട്ടത്. എപ്പോഴാണ് പിച്ചിലെ പുല്ല് നീക്കം ചെയ്യുന്നത്, എത്രമാത്രം പുല്ല് നിലനിര്‍ത്തും എന്നീ കാര്യങ്ങളെല്ലാം അവര്‍ ഞങ്ങള്‍ക്ക് വിശദീകരിച്ച് തരുമായിരുന്നു.
വിശദീകരിക്കാന്‍ പറ്റാത്തതാണെങ്കില്‍ നാളെ കാണാം എന്നെങ്കിലും പറയുമായിരുന്നു. എന്നാല്‍ ഞങ്ങൾ പിച്ചിന് സമീപത്തെത്തിയതോടെ രണ്ടര മീറ്റര്‍ മാറി നിന്ന് മാത്രമെ പിച്ച് പരിശോധിക്കാവു എന്ന ഗ്രൗണ്ട് സ്റ്റാഫിന്‍റെ വിചിത്ര നിര്‍ദേശമാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. അതിന് തൊട്ടുമുമ്പ് പിച്ചിന് അടുത്ത് ഇന്ത്യൻ ടീമിന്‍റെ ഐസ് ബോക്സ് വെച്ചതിനും ഇന്ത്യൻ താരങ്ങളെ ക്യൂറേറ്റര്‍ ചീത്ത പറഞ്ഞിരുന്നു. ഗംഭീര്‍ ആരുമായും അനാവശ്യ തര്‍ക്കത്തിന് പോവാത്ത ആളാണ്. എന്നാല്‍ പിച്ചിന് സമീപത്തുപോവരുതെന്ന ക്യൂറേർ ലീ ഫോര്‍ട്ടിസിന്‍റെ വിചിത്ര നിര്‍ദേശത്തെയാണ് ഗംഭീര്‍ ചോദ്യം ചെയ്തതെന്നും സീതാന്‍ഷു കൊടക് പറഞ്ഞു.
ഇന്ത്യൻ കോച്ചിനോട് പിച്ചിൽ നിന്ന് രണ്ടര മീറ്റര്‍ മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ട അതേ ക്യൂറേറ്റര്‍ തന്നെ ഇംഗ്ലണ്ട് കോച്ച് ബ്രണ്ടന്‍ മക്കല്ലവുമായി 2023ലെ ആഷസ് പരമ്പരക്കിടെ പിച്ചിന് നടുവില്‍ നിന്ന് സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങളും പിന്നാലെ പുറത്തുവന്നിരുന്നു. നാളെ കെന്നിംഗ്ടണ്‍ ഓവലിലാണ് ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് തുടങ്ങുന്നത്. അഞ്ച് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!