
ലണ്ടൻ: ലോക ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പിലെ അവസാന മത്സരത്തില്‍ വിന്‍ഡീസിനെതിരെ തകർപ്പൻ ജയവുമായി സെമിയിലെത്തി ഇന്ത്യ ചാമ്പ്യൻസ്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ വിന്‍ഡീസ് ചാമ്പ്യൻസിനെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ ചാമ്പ്യൻസ് തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ചാമ്പ്യൻസ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ ചാമ്പ്യൻസ് 13.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 43 പന്തില്‍ 74 റണ്‍സെടുത്ത കെയ്റോണ്‍ പൊള്ളാര്‍ഡും 21 പന്തില്‍ 20 റണ്‍സെടുത്ത ഡ്വയിന്‍ സ്മിത്തും മാത്രമാണ് വിന്‍ഡീസ് നിരയില്‍ രണ്ടക്കം കടന്നത്.
മറുപടി ബാറ്റിംഗില്‍ 21 പന്തില്‍ പുറത്താകാതെ 50 റണ്‍സടിച്ച സ്റ്റുവര്‍ട്ട് ബിന്നിയും 7 പന്തിൽ പുറത്താകാതെ 21 റണ്‍ടിച്ച യൂസഫ് പത്താനും 11 പന്തിൽ 21 റണ്‍സെടുത്ത ക്യാപ്റ്റൻ യുവരാജ് സിംഗും 18 പന്തില്‍ 25 റണ്‍സെടുത്ത ശിഖര്‍ ധവാനുമാണ് ഇന്ത്യക്കായി ബാറ്റിംഗില്‍ തിളങ്ങിയത്.വിന്‍ഡീസ് ഉയര്‍ത്തിയ വിജയലക്ഷ്യം 13.2 ഓവറില്‍ ഇന്ത്യ മറികടന്നു.40 പന്തുകള്‍ ബാക്കി നിര്‍ത്തി നേടിയ ജയത്തോടെ ഇന്ത്യ നെറ്റ് റണ്‍ റേറ്റില്‍( -0.558) ഇംഗ്ലണ്ട് ചാമ്പ്യൻസിനെ(-0.809) പിന്തള്ളി നാലാമത് എത്തിയാണ് സെമിയിലേക്ക് യോഗ്യത നേടിയത്.
ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റിലെ ഇന്ത്യയുടെ ആദ്യ ജയമാണിത്. നേരത്തെ പാകിസ്ഥാനെതിരായ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ഇന്ത്യ പിന്‍മാറിയതിനാല്‍ ലഭിച്ച ഒരു പോയന്‍റ് അടക്കം മൂന്ന് പോയന്‍റുമായാണ് ഇന്ത്യ നാലാം സ്ഥാനക്കാരായി സെമിയിലെത്തിയത്. എന്നാല്‍ സെമിയിലും പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായാ പാകിസ്ഥാൻ തന്നെയാണ് ഇന്ത്യയുടെ എതിരാികള്‍. ഇതോടെ ഇന്ത്യൻ ടീം ഇനി എന്ത് നിലപാടെടുക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
പഹല്‍ഗാം ഭീകരാക്രമണം നടന്നപ്പോള്‍ ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയ ഷഹീദ് അഫ്രീദി നയിക്കുന്ന പാക് ടീമിനെതിരെ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ഇന്ത്യ ചാമ്പ്യൻസ് താരമായ ശിഖര്‍ ധവാന്‍ പിന്‍മാറിയതിന് പിന്നാലെയാണ് യുവരാജ് സിംഗ്, സുരേഷ് റെയ്ന, യൂസഫ് പത്താന്‍ അടക്കമുള്ളവര്‍ പിന്‍മാറിയത്. തുടര്‍ന്നായിരുന്നു സംഘാടകര്‍ മത്സരം ഉപേക്ഷിച്ചത്. സെമിയില്‍ മത്സരിക്കുന്നതില്‍ നിന്ന് ഇന്ത്യ പിന്‍മാറിയാല്‍ പാകിസ്ഥാന്‍ ഫൈനലിലെത്തും.രണ്ടാം സെമിയില്‍ രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്ക ചാമ്പ്യൻസും ഓസ്ട്രേലിയ ചാമ്പ്യൻസും ഏറ്റുമുട്ടും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!