'വിരാട് കോലിയും ഗൗതം ഗംഭീറും തമ്മില്‍ പ്രശ്‌നങ്ങളില്ല'; അഭ്യൂഹങ്ങള്‍ തള്ളി ബാറ്റിംഗ് കോച്ച് സിതാന്‍ഷു കൊടക്

Published : Jul 17, 2026, 10:09 AM IST
Virat Kohli and Gautam Gambhir

Synopsis

വിരാട് കോലിയും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന അഭ്യൂഹങ്ങള്‍ ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് സിതാന്‍ഷു കൊടക് തള്ളി. ഇരുവരും മികച്ച രീതിയില്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കാര്‍ഡിഫ്: വിരാട് കോലിയും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന അഭ്യൂഹങ്ങള്‍ തള്ളി ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് സിതാന്‍ഷു കൊടക്. ഇരുവരും തമ്മില്‍ മികച്ച രീതിയില്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും, അവരുടെ ഔദ്യോഗിക ബന്ധത്തില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം വാര്‍ത്തകള്‍ എവിടെ നിന്നാണ് വരുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും കൊടക് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് കോലിയും ഗംഭീറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. എഡ്ജ്ബാസ്റ്റണില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ഏകദിനത്തിന് മുന്നോടിയായുള്ള പരിശീലന സെഷനില്‍ ഇരുവരും തമ്മില്‍ സംസാരിക്കുന്നതായി കണ്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഈ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. കോലി പരിശീലനം നടത്തുമ്പോള്‍ ഗംഭീര്‍ അടുത്തുണ്ടായിരുന്നെങ്കിലും അദ്ദേഹം കോലിയുമായി സംസാരിക്കാന്‍ തയ്യാറായില്ലെന്നും, പകരം കോലി ബാറ്റിംഗ് കോച്ച് സിതാന്‍ഷു കൊടകുമായാണ് സംസാരിച്ചതെന്നും പ്രചാരണമുണ്ടായിരുന്നു.

എന്നാല്‍, കാര്‍ഡിഫില്‍ നടന്ന രണ്ടാം ഏകദിനത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ഇത്തരം പ്രചാരണങ്ങളെ കൊടക് നിശിതമായി വിമര്‍ശിച്ചു. ''വിരാടും ഗംഭീറും ഇന്ന് പത്തോളം തവണയെങ്കിലും സംസാരിച്ചിട്ടുണ്ടാകും. അവര്‍ക്കിടയില്‍ ഒരു അനുരഞ്ജനത്തിന്റെ ആവശ്യമില്ല,'' കൊടക് മാധ്യമങ്ങളോട് പറഞ്ഞു.

താന്‍ ബാറ്റിംഗ് കോച്ചെന്ന നിലയില്‍ കോലിയുടെ ബാറ്റിംഗിനെ തടസ്സപ്പെടുത്താറില്ലെന്നും, അദ്ദേഹം താളത്തിലായിരിക്കുമ്പോള്‍ ഒട്ടും അസ്വസ്ഥപ്പെടുത്താന്‍ പാടില്ലെന്നും കൊടക് വ്യക്തമാക്കി. ''വിരാട് ബാറ്റിംഗിന് പോകുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ചോദിക്കാറുണ്ട്. ബാറ്റിംഗിന് മുന്‍പ് അദ്ദേഹത്തിന്റെ ഫുട്വര്‍ക്കിനെക്കുറിച്ച് സംസാരിക്കാറുണ്ട്. അല്ലാതെ നിങ്ങള്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് എനിക്കറിയില്ല, പക്ഷെ ഇത്തരം അഭ്യൂഹങ്ങള്‍ വരുന്നുണ്ട്.'' അദ്ദേഹം പറഞ്ഞു.

കാര്‍ഡിഫ് ഏകദിനത്തില്‍ 66 പന്തില്‍ നിന്ന് 65 റണ്‍സ് നേടിയ കോലി മികച്ച ഫോമിലായിരുന്നു. കോലിയും ശ്രേയസ് അയ്യരും അര്‍ധസെഞ്ച്വറി നേടിയെങ്കിലും ഇന്ത്യക്ക് 233 റണ്‍സ് മാത്രമേ നേടാനായുള്ളൂ. മത്സരത്തിനിടെ കോലി ഗംഭീറിന് സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നും കൊടക് വെളിപ്പെടുത്തി. ''വിരാട് ബാറ്റിംഗില്‍ നില്‍ക്കുമ്പോള്‍ തന്നെ പിച്ചിന്റെ അവസ്ഥയെക്കുറിച്ച് സന്ദേശങ്ങള്‍ അയക്കാറുണ്ട്. ഷോര്‍ട്ട് ബോളുകള്‍ വിക്കറ്റിലേക്ക് കൃത്യമായി വരുന്നില്ലെന്ന് അദ്ദേഹം ഡ്രസ്സിംഗ് റൂമിലേക്ക് സന്ദേശം നല്‍കിയിരുന്നു, അത് ഞങ്ങള്‍ക്ക് അറിയാമായിരുന്നു,'' കൊടക് വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

രോഹിത് ശര്‍മ വിരമിക്കുമോ? ബാറ്റിംഗ് കോച്ച് സിതാന്‍ഷു കൊടക്കിന് പറയാനുള്ളത് കൂടി കേള്‍ക്കണം
കാർഡിഫിൽ ഇംഗ്ലണ്ടിന് നാല് വിക്കറ്റ് ജയം; ഏകദിന പരമ്പരയിൽ ഇന്ത്യക്ക് ഒപ്പമെത്തി ആതിഥേയർ