ലോകം കണ്ട മികച്ച ബൗളിംഗ് നിര ഇന്ത്യയുടേതാകും; കോലിക്ക് കീഴില്‍ വിസ്‌മയ കുതിപ്പ്; കണക്കുകള്‍ അമ്പരപ്പിക്കും

By Web TeamFirst Published Nov 13, 2019, 11:05 AM IST
Highlights

സമീപകാല ടെസ്റ്റുകളിലെല്ലാം ഇന്ത്യന്‍ ബൗളര്‍മാരുടെ മിന്നും പ്രകടനമാണ് ദൃശ്യമായത്. അതുകൊണ്ടുതന്നെ ലോകത്തെ ഏറ്റവും മികച്ച ബൗളിങ് നിര ഇന്ത്യയുടേതാണെന്നു പറയാം. കണക്കുകളും ഇതുതന്നെ വ്യക്തമാക്കുന്നു.

വിരാട് കോലി ഇന്ന് ലോക ക്രിക്കറ്റിലെതന്നെ മികച്ച നായകനാണ്. ഒരു കാലത്ത് ക്ലൈവ് ലോയ്ഡും സ്റ്റീവ് വോയും റിക്കി പോണ്ടിങ്ങും മാര്‍ക്ക് ടെയ്‌ലറുമൊക്കെ അടക്കിവാണ സിംഹാസനത്തില്‍ ഉപഭൂഖണ്ഡത്തില്‍നിന്ന് ഒരു നായകന്‍ കയറിയിരിക്കുന്നു. ബാറ്റ്‌സ്മാന്മാരുടെ മാത്രം കരുത്തില്‍ അറിയപ്പെട്ടിരുന്ന ഇന്ത്യന്‍ നിരയ്‌ക്ക് ഇപ്പോള്‍ അതിനൊപ്പമോ അതിനു മുകളിലോ നില്‍ക്കുന്ന ഒരു ബൗളിങ് നിരയുമുണ്ട്. അതുകൊണ്ടുതന്നെ കോലിയുടെ ബൗളര്‍മാര്‍ ഇന്ന് ഏതു ടീമിന്റെയും പേടിസ്വപ്‌നമാണ്.

ബാറ്റ്‌സ്‌മാന്മാര്‍ സെഞ്ചുറികള്‍ നേടിയിട്ടുണ്ടാകാം. എന്നാല്‍, ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാം കണ്ടത് ഏറ്റവും അപകടകാരികളായ ഒരു ബൗളിങ് നിരയെയാണ്. അതിപ്പോള്‍ സ്‌പിന്‍ ആയാലും പേസ് ആയാലും ഒന്നിനൊന്നിനു മികച്ചുനിന്നു. എല്ലാ ടെസ്റ്റിലും ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ 20 വിക്കറ്റുകളും നേടാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്കു സാധിച്ചു. ഇതുപോലെ സമീപകാല ടെസ്റ്റുകളിലെല്ലാം ഇന്ത്യന്‍ ബൗളര്‍മാരുടെ മിന്നും പ്രകടനമാണ് ദൃശ്യമായത്. അതുകൊണ്ടുതന്നെ ലോകത്തെ ഏറ്റവും മികച്ച ബൗളിങ് നിര ഇന്ത്യയുടേതാണെന്നു പറയാം. കണക്കുകളും ഇതുതന്നെ വ്യക്തമാക്കുന്നു.

വിരാട് കോലിയുടെ നേതൃപാടവവും കൂടിച്ചേര്‍ന്നതോടെ ഇന്ത്യ വിജയങ്ങളില്‍നിന്നു വിജയങ്ങളിലേക്കു കുതിച്ച് ലോക ക്രിക്കറ്റില്‍ അനിക്ഷേധ്യരായി കുതിക്കുകയാണ്. വിരാട് കോലി നായകനായി എത്തിയ ശേഷം ഇന്ത്യയുടെ വിജയശതമാനം 61 ആണ്. ലോകം കണ്ട എക്കാലത്തെയും മികച്ച നായകരുടെ വിജയശതമാനം എടുത്താല്‍ ഇത് മൂന്നാമതാണ്. അധികം താമസിയാതെ ഒന്നാം സ്ഥാനത്തെത്തുമെന്നുതന്നെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ വിജയശതമാനമുണ്ടായിരുന്ന നായകന്‍ ഓസ്‌ട്രേലിയയുടെ സ്റ്റീവ് വോയാണ്, 71.9. രണ്ടാം സ്ഥാനത്ത് മറ്റൊരു ഓസീസ് നായകനായ പോണ്ടിങ്. പോണ്ടിങ്ങിന്റെ വിജയശതമാനം 62.3 ആണ്. മൂന്നാമതുള്ള കോലിയുടേത് 60.8. ഓസ്‌ട്രേലിയയുടെ മാര്‍ക്ക് ടെയ്‌ലര്‍ (52) നാലാമതും വിന്‍ഡീസിന്റെ കൈവ് ലോയ്ഡ് (48) അഞ്ചാമതുമാണ്.

കോലി 14 പരമ്പരകളില്‍

വിരാട് കോലി 2014-15 സീസണിലാണ് ഇന്ത്യന്‍ ടീമിന്റെ നായകപദവിയിലെത്തുന്നത്. അതിനു ശേഷം 14 ടെസ്റ്റ് പരമ്പരകളാണ് ഇന്ത്യ കോലിയുടെ കീഴില്‍ കളിക്കുന്നത്. ഇതില്‍ 51 മത്സരങ്ങള്‍ കളിച്ചു. ഇന്ത്യയുടെ വിജയങ്ങളില്‍ നിര്‍ണായകമായത് ബോളര്‍മാരുടെ പ്രകടനമാണ്. 30 റണ്‍സില്‍ താഴെയാണ് ഓരോ വിക്കറ്റിനിടയിലും ഇന്ത്യന്‍ ബോളര്‍മാര്‍ വഴങ്ങിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 23.49, ഓസീസിനെതിരേ 24, ഇംഗ്ലണ്ടിനെതിരേ 29 ഇങ്ങനെയായിരുന്നു കരുത്തരായ ടീമുകള്‍ക്കെതിരേ പോലും ഇന്ത്യന്‍ ബോളര്‍മാര്‍ തിളങ്ങിയത്. 51 ടെസ്റ്റുകളില്‍ ഇന്ത്യന്‍ ബോളര്‍മാരുടെ ശരാശരി 26.11 ആണ്. ഇതാകട്ടെ, ലോകത്തെ ഏറ്റവും മികച്ച നാലാമത്തെ പ്രകടനമാണ്. ഇംഗ്ലണ്ടിന്റെ പീറ്റര്‍ മേയും ദക്ഷിണാഫ്രിക്കയുടെ ഹാന്‍സി ക്രോണിയെയും വിന്‍ഡീസിന്റെ വിവ് റിച്ചാര്‍ഡ്‌സുമാണ് കോലിക്കു മുന്നിലുള്ളത്.

അതുപോലെ ഓരോ ടെസ്റ്റിലും ഇന്ത്യന്‍ ബൗളര്‍മാര്‍ വീഴ്‌ത്തിയ ശരാശരി വിക്കറ്റ് 18 ആണ്. ഇതാകട്ടെ, സ്റ്റീവ് വോ, റിക്കി പോണ്ടിങ് (18.1) എന്നിവര്‍ക്കു തൊട്ടു താഴെയും. 16 തവണയാണ് കോലിയുടെ കീഴില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ എതിര്‍ ടീമിന്റെ 20 വിക്കറ്റുകളും വീഴ്‌ത്തിയത്. പോസര്‍മാരും സ്‌പിന്നര്‍മാരും ഒരുപോലെ മികവ് പുറത്തെടുത്തു എന്നതും ശ്രദ്ധേയമാണ്. വീണ വിക്കറ്റുകളില്‍ 26.79 ശരാശരിയില്‍ 47 ശതമാനം പേസര്‍മാര്‍ക്കും 25.02 ശരാശരിയില്‍ 53 ശതമാനം സ്‌പിന്നര്‍മാര്‍ക്കും ലഭിച്ചു.

ഇതില്‍ മുന്നില്‍നില്‍ക്കുന്നത് വിന്‍ഡീസ് നായകനായിരുന്ന വിവ് റിച്ചാര്‍ഡ്‌സാണ്. 50 ടെസ്റ്റുകളില്‍ വിന്‍ഡീസിനെ നയിച്ച വിവ് റിച്ചാര്‍ഡ്‌സിന്റെ കാലത്ത് ഫാസ്റ്റ് ബൗളര്‍മാരാണ് 95.5 ശതമാനം വിക്കറ്റുകളും സ്വന്തമാക്കിയത്. ലോയ്ഡിന്റെ കാലത്ത് ഇത് 88.8 ശതമാനമായിരുന്നു. സ്‌പിന്നര്‍മാരുടെ കണക്കെടുത്താല്‍ മന്‍സൂര്‍ അലിഖാന്‍ പട്ടൗഡിയാണ് മുന്നില്‍. അദ്ദേഹം നായകനായിരുന്ന കാലത്ത് വീഴ്‌ത്തിയ വിക്കറ്റുകളില്‍ 81 ശതമാനവും സ്പിന്നിര്‍മാരായിരുന്നു. കോലിയുടെ കാലത്ത് ഇത് 32.51 ആണ്. കോലിക്കാലത്ത് ഏറ്റവുംമികച്ച ശരാശരിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുമ്രയാണ്.

12 മത്സരങ്ങളില്‍നിന്ന് 19.24 ശരാശരിയില്‍ 62 വിക്കറ്റുകള്‍ അദ്ദേഹം സ്വന്തമാക്കി. രണ്ടാം സ്ഥാനത്ത് 32 ടെസ്റ്റില്‍നിന്ന് 23.37 ശരാശരിയില്‍ 156 വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് രണ്ടാമത്. ഇതൊക്കെ പറയുമ്പോഴും കോലിക്കും കൂട്ടര്‍ക്കും ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും പരമ്പര വിജയിക്കാനായിട്ടില്ല എന്ന വസ്തുത നിലനില്‍ക്കുന്നുണ്ട്. എന്തായാലും കോലി മറ്റ് ഏത് ഇന്ത്യന്‍ നായകന്മാരെക്കാളും ഒരുപടി മുന്നിലാണെന്ന സത്യം അംഗീകരിക്കാതെ വയ്യ. വരും പരമ്പരകളില്‍കൂടി വിജയിക്കാനായാല്‍ ലോക ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരുള്ള ടീമിന്റെ നായകനായി കോലി മാറും.

കോലിയുടെ കീഴില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍: താരം, മത്സരം, വിക്കറ്റ്, ശരാശരി, അഞ്ചു വിക്കറ്റുകള്‍ എന്ന ക്രമത്തില്‍

ജസ്‌പ്രീത് ബുമ്ര 12   62   19.24   5
ജഡേജ 32   156  23.37   7
ആര്‍. അശ്വിന്‍ 43   234  23.64 18
മുഹമ്മദ് ഷമി 35   128   25.10  4
ഇഷാന്ത് ശര്‍മ 33   90    28.00   3

ഓരോ നായകന്മാരുടെ കീഴില്‍ ബൗളര്‍മാര്‍: നായകന്‍, ഓരോ വിക്കറ്റിലുമുള്ള റണ്‍സ്, ഓരോ ടെസ്റ്റിലും വീണ വിക്കറ്റുകള്‍, വിജയ ശതമാനം ക്രമത്തില്‍

സ്റ്റീവ് വോ 27.45   18.1   71.9  
പോണ്ടിങ് 30.45   18.1   62.3
കോലി 26.11   18.0   60.08
മാര്‍ക്ക് ടെയ്‌ലര്‍ 27.47   17.5   52.0
ക്ലൈവ് ലോയ്ഡ് 27.93    17.5   48.6

 

click me!