ഐസിസിയുടെ പതിറ്റാണ്ടിലെ താരം: കോലിക്കും അശ്വിനും നാമനിര്‍ദേശം, ഏകദിന പട്ടികയില്‍ രോഹിത്തും ധോണിയും

By Web TeamFirst Published Nov 24, 2020, 6:10 PM IST
Highlights

ഈ പതിറ്റാണ്ടിലെ ക്രിക്കറ്റ് കിംഗ് ആവുമോ കോലി, പുരുഷ താരങ്ങള്‍ക്കുള്ള എല്ലാ പുരസ്‌കാരങ്ങള്‍ക്കും നാമനിര്‍ദേശം. 

ദുബായ്: ഐസിസിയുടെ ഈ ദശാബ്ദത്തിലെ മികച്ച താരത്തിനുള്ള പുരസ്‌കാരത്തിന് ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കും സ്‌പിന്നര്‍ രവിചന്ദ്ര അശ്വിനും നാമനിര്‍ദേശം. ഇരുവര്‍ക്കും പുറമേ ഓസീസിന്‍റെ സ്റ്റീവ് സ്‌മിത്ത്, കിവീസ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍, ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്, ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എ ബി ഡിവില്ലിയേഴ്‌സ്, ലങ്കന്‍ സൂപ്പര്‍ താരം കുമാര്‍ സംഗക്കാര എന്നിവരാണ് നോമിനേഷന്‍ ലഭിച്ച ഏഴ് പേരുടെ പട്ടികയിലുള്ളത്. 

ഇവരില്‍ കോലിയും റൂട്ടും വില്യംസണും സ്‌മിത്തും ഫാബുലസ്-4 താരങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരങ്ങളാണ്. വോട്ടിംഗിലൂടെയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്. പതിറ്റാണ്ടിലെ മികച്ച താരത്തിനുള്‍പ്പടെ അഞ്ച് അവാര്‍ഡുകള്‍ക്ക് കോലിക്ക് നാമനിര്‍ദേശം ലഭിച്ചു എന്നതാണ് സവിശേഷത. 

പതിറ്റാണ്ടിലെ മികച്ച ഏകദിന താരത്തിനുള്ള പുരസ്‌കാരത്തിന് മൂന്ന് ഇന്ത്യന്‍ താരങ്ങളുടെ പേരുണ്ട്. വിരാട് കോലിക്ക് പുറമെ ഓപ്പണര്‍ രോഹിത് ശര്‍മ്മ, മുന്‍ നായകന്‍ എം എസ് ധോണി എന്നിവരാണ് നാമനിര്‍ദേശം നേടിയത്. ശ്രീലങ്കയുടെ ലസിത് മലിംഗ, ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക്, ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എ ബി ഡിവില്ലിയേഴ്‌സ്, ലങ്കന്‍ വിസ്‌മയം കുമാര്‍ സംഗക്കാര എന്നിവരാണ് മറ്റ് താരങ്ങള്‍. 

മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്‌കാരത്തിനും കരുത്തരുടെ നിരയുണ്ട്. ഫാബുലസ്-4 ആയ വിരാട് കോലി, ജോ റൂട്ട്, കെയ്‌ന്‍ വില്യംസണ്‍, സ്‌റ്റീവ് സ്‌മിത്ത് എന്നിവര്‍ക്കൊപ്പം ഇംഗ്ലീഷ് പേസ് ഇതിഹാസം ജയിംസ് ആന്‍ഡേഴ്‌സും ലങ്കന്‍ മുന്‍ സ്‌പിന്നര്‍ രങ്കണ ഹെറാത്തും പാകിസ്ഥാന്‍റെ യാസിര്‍ ഷായുമാണ് ഇടംപിടിച്ചത്. 

പതിറ്റാണ്ടിലെ മികച്ച ടി20 താരത്തിനുള്ള പുരസ്‌കാരത്തിനും വിരാട് കോലിക്ക് നാമനിര്‍ദേശമുണ്ട്. അഫ്‌ഗാന്‍ സ്‌പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍, ദക്ഷിണാഫ്രിക്കന്‍ സ്‌പിന്നര്‍ ഇമ്രാന്‍ താഹിര്‍, ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്, യോര്‍ക്കര്‍ വിസ്‌മയം ലസിത് മലിംഗ, യൂണിവേഴ്‌സ് ബോസ് ക്രിസ് ഗെയ്‌ല്‍, ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മ എന്നിവരാണ് മറ്റ് താരങ്ങള്‍. 

'സ്‌പിരിറ്റ് ഓഫ് ക്രിക്കറ്റ്' അവാര്‍ഡാണ് കോലിക്ക് നാമനിര്‍ദേശമുള്ള മറ്റൊരു വിഭാഗം. കെയ്‌ന്‍ വില്യംസണ്‍, ബ്രണ്ടന്‍ മക്കല്ലം, മിസ്‌ബ ഉള്‍ ഹഖ്, എം എസ് ധോണി, മഹേള ജയവര്‍ധനെ, ഡാനിയേല്‍ വെട്ടോറി, കാതറിന്‍ ബ്രൂണ്‍ട്, അന്യ ശ്രൂബ്‌സോള്‍ എന്നിവരും ഈ അവാര്‍ഡിനായി പരിഗണിക്കപ്പെടുന്നുണ്ട്. 

വനിത താരങ്ങള്‍ക്കുള്ള നാമനിര്‍ദേശ പട്ടികയും പുറത്തുവിട്ടിട്ടുണ്ട്. പതിറ്റാണ്ടിലെ മികച്ച താരത്തിനുള്ള പുരസ്‌കാരത്തിന് മെഗ് ലാന്നിംഗ്, എലിസി പെറി, മിതാലി രാജ്, സ്യൂസി ബേറ്റ്സ്‌, സ്റ്റെഫാനീ ടെയ്‌ലര്‍, സാറ ടെയ്‌ലര്‍ എന്നിവരാണ് മത്സരരംഗത്തുള്ളത്. മികച്ച ടി20 താരത്തിനുള്ള പുരസ്‌കാരത്തിന് ഇന്ത്യന്‍ വനിതകളാരുമില്ല. ഏകദിന താരത്തിനുള്ള പുരസ്‌കാരത്തിന് മിതാലി രാജിനും ജൂലന്‍ ഗോസ്വാമിക്കും നാമനിര്‍ദേശമുണ്ട്. 

കോലി മികച്ച ക്യാപ്റ്റന്‍, രോഹിത് അതിനേക്കാള്‍ മികച്ചവന്‍; കാരണം വ്യക്തമാക്കി ഗൗതം ഗംഭീര്‍

click me!