ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തെ ചൊല്ലി പല വാദങ്ങളുണ്ട്. നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് വിരാട് കോലിയെ മാറ്റി രോഹിത് ശര്‍മയെ ഏല്‍പ്പിക്കണമെന്നുള്ളതാണ് അതില്‍ പ്രധാനം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായ രോഹിത് അഞ്ച് കിരീടങ്ങള്‍ സ്വന്തമാക്കി. എന്നാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനായ വിരാട് കോലിക്ക് ഒന്നുപോലുമില്ല. ഇതുതന്നെയാണ് ഈ വാദത്തിന്റെ ആധാരം. 

ഇപ്പോള്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. കൂടെ കോലിക്കൊരു കൊട്ടും. ഗംഭീര്‍ പറയുന്നതിങ്ങനെ... ''വിരാട് കോലി ഒരു മോശം ക്യാപ്റ്റനല്ല. എന്നാല്‍ രോഹിത് ശര്‍മയാണ് മികച്ച ക്യാപ്റ്റന്‍. ഇരുവരുടെയും നായകനെന്ന നിലയിലെ ഗുണത്തില്‍ വലിയ വ്യത്യാസമുണ്ട്. 

ഐപിഎല്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ താരങ്ങളെ പരിഗണിക്കുമ്പോള്‍ എന്തുകൊണ്ട് ഐപിഎല്ലിലെ കണക്കുകളുടെ അടിസ്ഥാന്‍ നായകനെ പരിഗണിച്ചുകൂടാ? എപ്പോഴും ഐപിഎല്ലിനെ താരങ്ങളുടെ കണ്ടെത്താനുള്ള ഒരു മാനദണ്ഡമായി ഉപയോഗിക്കരുത്.'' ഗംഭീര്‍ വ്യക്തമാക്കി.  

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി നല്ലതല്ലെന്നാണ് മുന്‍ ഇതിഹാസങ്ങളായ സുനില്‍ ഗവാസ്‌കറും കപില്‍ ദേവുമെല്ലാം അഭിപ്രായപ്പെട്ടിരുന്നു. അടുത്ത ടി20 ലോകകപ്പിന് ലോകകപ്പിന് മുമ്പാണ് ഐപിഎല്‍ നടക്കുക. ഒരിക്കല്‍കൂടി രോഹിത്തിന് കീഴില്‍ മുംബൈ ഇന്ത്യന്‍സ് കിരീടം നേടിയാല്‍ ലോകകപ്പില്‍ ഇന്ത്യയെ രോഹിത് നയിക്കണമെന്ന വാദം ശക്തമാവും.